

വിക്രം സിനിമയുടെ അടുത്ത ഭാഗത്തില്‍ സൂര്യയും താനും മുഴുവന്‍ സമയവും ഒരുമിച്ച് ഉണ്ടാകുമെന്ന് നടന്‍ കമല്‍ ഹാസന്‍. വിക്രമില്‍ അവസാന മൂന്ന് മിനിറ്റ് മാത്രം വന്ന് തിയേറ്ററില്‍ നിന്നും കയ്യടി വാങ്ങി. സൂര്യയോട് ഇപ്പോള്‍ നന്ദി പറയുന്നില്ല. മറിച്ച് അടുത്ത സിനിമയില്‍ മുഴുവന്‍ സമയവും ഒരുമിച്ച് ഉണ്ടാകുമെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്.
വിക്രം നെഞ്ചിലേറ്റിയതിന് മലയാളി പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോയിലാണ് കമല്‍ സൂര്യയെ കുറിച്ച് പരാമര്‍ശിച്ചത്. സിനിമയുടെ വിജയം അണിയറ പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണെന്നും കമല്‍ ഹാസന്‍ പറയുന്നു.
കമല്‍ ഹാസന്റെ വാക്കുകള്‍:
നമസ്‌കാരം,
എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും എന്റെ നമസ്‌കാരം. ഭാഷയേതായാലും നല്ല സിനിമകള്‍ എല്ലായിപ്പോഴും മലയാളികള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. ഇപ്പോള്‍ എന്നെയും എന്റെ വിക്രം സിനിമയെയും നിങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുന്നു. എന്റെ ഭാഗ്യം. ശ്രീ അനിരുദ്ധ്, ഗിരീഷ് ഗംഗാധരന്‍, എഡിറ്റര്‍ ഫിലോമിന്‍, അന്‍പറിവ്, സതീഷ് കുമാര്‍ തുടങ്ങി ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പേര് അറിയാത്ത ഓരോര്‍ത്തര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം. അതാണ് ന്യായം. എന്റെ സഹോദരന്‍മാരായ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രതിഭകളുടെ പടയാണ് ഈ സിനിമയുടെ വിജയത്തിന് ആധാരം. അവസാന മൂന്ന് മിനിറ്റ് വന്ന തിയേറ്ററുകളില്‍ വലിയ കയ്യടി വാങ്ങിയ എന്റെ സഹോദരന്‍ സൂര്യ എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അവര്‍ക്ക് ഇപ്പോള്‍ നന്ദി പറയാതെ അടുത്ത സിനിമയില്‍ മുഴുവന്‍ സമയവും ഞങ്ങള്‍ ഒന്നിച്ച് ഉണ്ടാകുന്നതാണ്.
സംവിധാകന്‍ ലോകേഷിന് എന്നോടും സിനിമയോടും ഉള്ള അതിരറ്റ സ്‌നേഹം വിക്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രെയിമിലും ഞാന്‍ അറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്‌നേഹവും. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാകാനുള്ള കാരണം. നിങ്ങളുടെ സ്‌നേഹം എന്നും എനിക്ക് ഉണ്ടായിരിക്കണം. രാജ്കമല്‍ ഇന്റര്‌നാഷണലിന്റെ ഒരു ജോലിക്കാരന്‍, നിങ്ങളുടെ ഞാന്‍. നമസ്‌കാരം.