രാജ്യത്തെ ശക്തമായ വിഷയം പറയുന്ന ബിഗ് ബജറ്റ് ചിത്രം; സുരേഷ് ഗോപിയും ജിബു ജേക്കബും ഒന്നിക്കുന്നു

രാജ്യത്തെ ശക്തമായ വിഷയം പറയുന്ന ബിഗ് ബജറ്റ് ചിത്രം; സുരേഷ് ഗോപിയും ജിബു ജേക്കബും ഒന്നിക്കുന്നു

ജിബു ജേക്കബിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി പുതിയ ചിത്രമൊരുങ്ങുന്നു. രാജ്യത്തെ വളരെ ശക്തമായൊരു വിഷയം ചർച്ചചെയ്യുന്ന സിനിമയായിരിക്കുമെന്ന് ജിബു ജേക്കബ് ദ ക്യുവിനോട് പറഞ്ഞു. ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായി വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും ജിബു ജേക്കബ് കൂട്ടി ചേർത്തു.

ജിബു ജേക്കബിന്റെ വാക്കുകൾ

"അടുത്തത് സുരേഷ് ഗോപിയെ വെച്ചുള്ള ഒരു ബിഗ് ബജറ്റ് ചിത്രമാണ്. ബിഗ് ബജറ്റ് എന്ന് പറയുമ്പോൾ ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം ഈ മാസം 21ന് തുടങ്ങും. കൊടുങ്ങല്ലൂരും, പൊന്നാനിയും പിന്നെ രാജസ്ഥാനുമായിരിക്കും പ്രധാന ലൊക്കേഷനുകൾ. ചിത്രം ഒരു ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ളതായിരിക്കില്ല.

രാജ്യത്തെ തന്നെ വളരെ ശക്തമായൊരു വിഷയം ചർച്ചചെയ്യുന്ന ചിത്രമായിരിക്കുമിത്. അതോടൊപ്പം തന്നെ ഹ്യൂമർ എലമെൻറ്സും സിനിമയിലുണ്ട്. വെള്ളിമൂങ്ങയുടെ അത്രതന്നെ ഹ്യൂമർ സ്വഭാവം ഈ ചിത്രത്തിനുമുണ്ടായിരിക്കാം. സുരേഷ് ഗോപിയെ കൂടാതെ സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്‌വ തുടങ്ങിയവരാണ് ഈ സിനിമയിലെ മറ്റ് അഭിനേതാക്കൾ. സൈജു കുറുപ്പിന്റെ വളരെ ശക്തമായൊരു വേഷമായിരിക്കും സിനിമയിൽ."

പാപ്പനാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും നീണ്ട ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. അബ്രഹാം മാത്യു മാത്തന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലായി ഇരട്ട ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തുക. ആസിഫ് അലി നായകനായ എല്ലാം ശരിയാകും ആയിരുന്നു ജിബു ജേക്കബിന്റെ അവസാന ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in