ഒമിക്രോണ്‍ വ്യാപനം; 'ഐഎഫ്എഫ്‌കെ' തീയതിയില്‍ മാറ്റത്തിന് സാധ്യതയെന്ന് ചെയര്‍മാന്‍ രഞ്ജിത്ത്

ഒമിക്രോണ്‍ വ്യാപനം; 'ഐഎഫ്എഫ്‌കെ' തീയതിയില്‍ മാറ്റത്തിന് സാധ്യതയെന്ന് ചെയര്‍മാന്‍ രഞ്ജിത്ത്

ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്‌കെ) തീയതിയില്‍ പുനരാലോചനയ്ക്ക് സാധ്യതയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. ചെയര്‍മാനായി ചുമതല ഏറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫിലിം ഫെസ്റ്റിവല്‍ സംബന്ധിച്ച കാര്യത്തില്‍ പുനരാലോചനയ്ക്ക് സാധ്യതയുണ്ട്. അതേസമയം, കൊവിഡ് വ്യാപനം വര്‍ധിച്ചില്ലെങ്കില്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ ചലച്ചിത്ര മേള നടക്കുമെന്നും രഞ്ജിത്ത് വ്യക്തമാക്കി.

ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് ഐഎഫ്എഫ്‌കെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബറില്‍ നടക്കാനിരുന്ന മേളയാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് വെച്ച് തന്നെയാണ് ഇത്തവണ മേള നടക്കുക. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി നാലിന് വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

The Cue
www.thecue.in