
ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നഗ്നനായുള്ള ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചതിന് ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെതിരെ പരാതി. ഐടി ആക്റ്റിന്റെ കീഴില്‍ ഐപിസി 292, 293, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് മുമ്പ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന് കാരണവും പേപ്പര്‍ മാഗസിന് വേണ്ടി രണ്‍വീര്‍ ചെയ്ത ന്യൂഡ് ഫോട്ടോ ഷൂട്ടാണെന്ന് പിടിഐയോട് പൊലീസ് അധികൃതര്‍ പറഞ്ഞു.
തിങ്കളാഴ്ച്ച ഒരു എന്‍ജിഒ-യുമായി ബന്ധപ്പെട്ട വ്യക്തിയാണ് രണ്‍വീറിനെതിരെ പരാതി സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 'ഞങ്ങള്‍ക്ക് ഒരു എന്‍ജിഒ-യുമായി ബന്ധപ്പെട്ട വ്യക്തിയില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. അത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്' എന്ന് പൊലീസ് അധികൃതര്‍ പിടിഐയോട് പ്രതികരിച്ചു.
അടുത്തിടെ പേപ്പര്‍ മാഗസിന് വേണ്ടി രണ്‍വീര്‍ സംഗ് നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിരവധി പേര്‍ താരത്തെ പ്രശംസിച്ചു വിമര്‍ശിച്ചും രംഗത്തെത്തി. ഫോട്ടോയ്ക്ക് പിന്നാലെ താരത്തിനെതിരെ ട്രോളുകളും വന്നിരുന്നു.