'അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടിയില്‍ പോയാലും തിയേറ്ററുകള്‍ നിലനില്‍ക്കും': ഫിയോക് പ്രസിഡന്റ് വിജയകുമാര്‍

'അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടിയില്‍ പോയാലും തിയേറ്ററുകള്‍ നിലനില്‍ക്കും': ഫിയോക് പ്രസിഡന്റ് വിജയകുമാര്‍

അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടിയിലേക്ക് പോയാലും സിനിമ തിയേറ്ററുകള്‍ നിലനില്‍ക്കുമെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. ഏതെങ്കിലും ഒരു നടനെയോ സംവിധായകനെയോ ആശ്രയിച്ചുകൊണ്ടല്ല തിയേറ്ററുകള്‍ മുന്നോട്ട് പോകുന്നതെന്നും വിജയകുമാര്‍ കുറുപ്പ് സിനിമയുടെ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.

'അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടിയില്‍ പോയാലും സിനിമ തിയേറ്ററുകള്‍ ഇവിടെ നിലനില്‍ക്കും. ഏതെങ്കിലും ഒരു നടനെയോ, സംവിധായകനെയോ ആശ്രയിച്ചല്ല സിനിമയോ, തിയേറ്ററുകളോ മുന്നോട്ട് പോകുന്നത്. അത് ചരിത്രം നമ്മോട് പറഞ്ഞിട്ടുള്ളതാണ്. സിനിമ തിയേറ്ററുകള്‍ ഇനിയും ബഹുദൂരം മുന്നോട്ട് പോകും. അത് ആരുടെ സിനിമ വന്നാലും വന്നില്ലെങ്കിലും അങ്ങനെ തന്നെയായിരിക്കും. അതില്‍ സംശയം ഒന്നുമില്ല.' - വിജയകുമാര്‍

മോഹന്‍ലാല്‍ നായകനായി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച അഞ്ച് ചിത്രങ്ങളാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. കൊവിഡ് സാഹചര്യത്തില്‍ തിയേറ്റര്‍ തുറക്കുമ്പോള്‍ മോഹന്‍ലാല്‍ സിനിമകള്‍ റിലീസിന് ഇല്ലാത്തത് തിയേറ്ററുകളെ ബാധിക്കില്ലെ എന്ന ചോദ്യത്തിനാണ് വിജയകുമാര്‍ മറുപടി പറഞ്ഞത്. കഴിഞ്ഞ ദിവസം മരക്കാറിന്റെ ഒടിടി റിലീസ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പമാണ് മരക്കാറിന് പിന്നാലെ ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് ചിത്രം എന്നിവ ഒടിടി റിലീസായിരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്.

അതേസമയം മരക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ പ്രീമിയര്‍ ചെയ്യുന്ന ദിവസം തിയേറ്ററുകളില്‍ കരിങ്കൊടി കെട്ടുമെന്് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക് അറിയിച്ചു. തിയറ്റര്‍ ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചാകും എത്തുക. ശനിയാഴ്ച ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ആന്റണി പെരുമ്പാവൂരിന്റെ രാജി ഫിയോക് ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുകയും ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in