ആരാണ് ബന്‍വാര്‍ സിംഗ് ഷെഖാവത്ത്?, ഫഹദിന് കയ്യടിച്ച് ആരാധകര്‍

ആരാണ് ബന്‍വാര്‍ സിംഗ് ഷെഖാവത്ത്?, ഫഹദിന് കയ്യടിച്ച് ആരാധകര്‍

ആരാധകരുടെ ബണ്ണിയും റൊമാന്റിക് ഹീറോയുമായ അല്ലു അര്‍ജ്ജുന്റെ മാസ് ആക്ഷന്‍ അവതാര്‍ ആണ് പുഷ്പ എന്ന ബിഗ് ബജറ്റ് ത്രില്ലറിലെ പുഷ്പരാജ്. ചന്ദനക്കൊള്ളക്കാരനായി അല്ലു എത്തുമ്പോള്‍ എതിരിയാകുന്നത് ഫഹദ് ഫാസിലാണ്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസര്‍. ട്രെയിലറിലും കാണാം പുഷ്പയെ വീഴ്ത്താനുള്ള സിംഗിന്റെ ക്രൗര്യം.

തിന്മയുടെ പ്രതിരൂപമായ ഒരാള്‍ എന്ന് പുഷ്പ ടീം ഷെഖാവത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തല മൊത്തം മൊട്ടയടിച്ച് കട്ടി മീശയില്‍ ട്രയ്‌ലറിന്റെ അവസാനം 'പാര്‍ട്ടിയില്ലേ പുഷ്പ' എന്ന ചോദ്യം ചോദിക്കുന്ന ഷെഖാവത്തായി ഫഹദ് നിറഞ്ഞാടുമെന്ന ഉറപ്പിലാണ് ആരാധകരും. ട്രെയ്‌ലര്‍ എത്തിയതിന് പിന്നാലെ ഫഹദ് ഫാസില്‍ ട്വിറ്ററില്‍ ട്രെന്റിങ്ങായിരിക്കുകയാണ്. പുഷ്പരാജിന്റെയും ഭന്‍വര്‍ സിംഗ് ഷെഖാവത്തിന്റെയും ചിത്ത്രിലെ ഏറ്റുമുട്ടലിനായി കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ ട്വീറ്റ് ചെയ്യുന്നത്.

മലയാളത്തില്‍ കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന നെഗറ്റീഫ് റോളിന് മികച്ച പ്രതികരണമാണ് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഫഹദിന് ലഭിച്ചത്. ജോജിയിലൂടെയും ഫഹദ് ഫാസില്‍ എന്ന നടന്റെ മികവ് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഭന്‍വര്‍ സിംഗിലേക്ക് എത്തുമ്പോള്‍ വില്ലനിസത്തിന്റെ രീതിയിലും അളവിലുമെല്ലാം തന്നെ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. ഫഹദിന്റെ ഇതുവരെ കാണാത്ത പ്രകടനമായിരിക്കും പുഷ്പയിലേതെന്ന് ഉറപ്പ് നല്‍കുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലറും.

പുഷ്പ ഫഹദ് ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്. പുഷ്പക്ക് പുറമെ ഫഹദിന്റേതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് കമല്‍ ഹാസന്റെ 'വിക്രം'. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. കമല്‍ ഹാസന് ഒപ്പം വിജയ് സേതുപതിയും ചിത്രത്തിലുണ്ട്.

2020-21 വര്‍ഷത്തില്‍ ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ഫഹദ് ഫാസില്‍ എന്ന നടന്‍ ചര്‍ച്ചയായിരുന്നു. മഹേഷ് നാരായണന്റെ സീ.യൂ.സൂണ്‍, മാലിക്, ദിലീഷ് പോത്തന്റെ ജോജി എന്ന സിനിമകളിലൂടെ ഫഹദ് എന്ന നടന്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ച്ചവെച്ചത്.

The Cue
www.thecue.in