അഭിനയം കൊള്ളില്ലെന്നും നിര്‍ത്തണമെന്നും പറഞ്ഞവരുണ്ട് ; അത് വേദനിപ്പിച്ചിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍

അഭിനയം കൊള്ളില്ലെന്നും നിര്‍ത്തണമെന്നും പറഞ്ഞവരുണ്ട് ; അത് വേദനിപ്പിച്ചിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍

സിനിമ അഭിനയം വിടണമെന്നും തന്നെക്കൊണ്ട് അതിന് പറ്റില്ല എന്നുമുള്ള റിവ്യൂകള്‍ വായിച്ചിട്ടുണ്ടെന്നും അത് വേദനിപ്പിച്ചുവെന്നും നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റവും പുതിയ സിനിമയായ ആര്‍ ബാല്‍ക്കിയുടെ ചുപ്പ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരിയറില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം റിവ്യൂകളെക്കുറിച്ച് താരത്തിന്റെ പ്രതികരണം.

ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്:

'എന്റെ അഭിനയത്തെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന റിവ്യൂകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. സിനിമ അഭിനയം വിടണമെന്നും എന്നെക്കൊണ്ട് അതിന് പറ്റില്ല എന്നു പോലും എഴുതിയിട്ടുണ്ട്. ഞാന്‍ ഇവിടെ ഉണ്ടാകാന്‍ പാടില്ല എന്നുള്ള പറച്ചില്‍തന്നെയാണ് അത്.അത് വളരെ വേദനയുണ്ടാക്കുന്നതായിരുന്നു.'

2011 ല്‍ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയ രംഗത്തേയ്ക്ക് വരുന്നത്.മലയാളം,തമിഴ്, ഹിന്ദി,തെലുഗ് എന്നീ ഭാഷകളില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ആര്‍.ബല്‍ക്കിയുടെ 'ചുപ്' റിവന്‍ജ് ഓഫ് ആന്‍ ആര്‍ട്ടിസ്റ്റ്എന്ന സിനിമയില്‍ വിമര്‍ശനങ്ങളില്‍ പെടുന്ന ഒരു ആര്‍ട്ടിസ്റ്റിനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.സണ്ണി ഡിയോള്‍, പൂജാ ഭട്ട് എന്നിവരാണ് മറ്റ് പ്രധാനവേഷത്തിലെത്തുന്നത്.സീതാ രാമത്തിന്റെ വിജയത്തിന് ശേഷം വരുന്ന സിനിമയാണ് ചുപ്. ഇംഗ്ലീഷ് വിംഗ്ലീഷ്, പാ, ഡിയര്‍ സിന്ദഗി തുടങ്ങിയ ബോളിവുഡിലെ തന്നെ വ്യത്യസ്ത സിനിമകളൊരുക്കിയ ബാല്‍കിയുടെ പാഡ്മാനിനു ശേഷമിറങ്ങുന്ന സിനിമയാണ് ചുപ്. ബാല്‍കി, രാജാ സെന്‍, ഋഷി വിരമണി എന്നിവരൊന്നിച്ച് തിരക്കഥയൊരുക്കുന്ന സിനിമയിലെ സംഗീതമൊരുക്കുന്നത് എസ് ഡി ബര്‍മന്‍, അമിത് ത്രിവേദി, സ്നേഹ ഖാന്‍വാക്കര്‍, അമന്‍ പാണ്ട് എന്നിവര്‍ ചേര്‍ന്നാണ്. പെന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിശാല്‍ സിന്‍ഹയാണ്.സെപ്റ്റംബര്‍ 23 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
The Cue
www.thecue.in