'കടുവ' ഹിറ്റായപ്പോള്‍ വോള്‍വോ വാങ്ങിയെന്ന വാര്‍ത്ത തെറ്റെന്ന് ഷാജി കൈലാസ്, കാപ്പയുടെ നിര്‍മ്മാതാവ് വാങ്ങിയ കാര്‍

'കടുവ' ഹിറ്റായപ്പോള്‍ വോള്‍വോ വാങ്ങിയെന്ന വാര്‍ത്ത തെറ്റെന്ന് ഷാജി കൈലാസ്, കാപ്പയുടെ നിര്‍മ്മാതാവ് വാങ്ങിയ കാര്‍

പൃഥ്വിരാജ് സുകുമാരന്‍ നായകനായ കടുവ എന്ന ചിത്രം വിജയമായപ്പോള്‍ സംവിധായകന്‍ ഷാജി കൈലാസ് വോള്‍വോയുടെ പുതിയ സീരീസിലുള്ള കാര്‍ വാങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും 'കാപ്പ' എന്ന സിനിമയുടെ നിര്‍മ്മാതാവ് ഡോള്‍വിന്‍ കുര്യാക്കോസ് വാങ്ങിയ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രമാണ് പ്രചരിപ്പിക്കപ്പെട്ടതെന്നും ഷാജി കൈലാസ്. സോഷ്യല്‍ മീഡിയയിലാണ് വിശദീകരണം.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാന്‍ 'കടുവ' യുടെ വിജയത്തെ തുടര്‍ന്ന് വോള്‍വോ കാര്‍ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . ഈ വാര്‍ത്ത ശരിയല്ല . ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ 'കാപ്പ ' യുടെ നിര്‍മാതാവ് ഡോള്‍വിന്‍ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിന്റെ താക്കോല്‍ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എന്റെ സുഹൃത്ത് കൂടിയായ ഡോള്‍വിന്റെ ആഗ്രഹപ്രകാരമാണ് ഞാന്‍ താക്കോല്‍ ഡോള്‍വിന് കൈമാറിയത് . ഡോള്‍വിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ .

ഷാജി കൈലാസ് ഒമ്പത് വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്ത മലയാള ചിത്രമായിരുന്നു കടുവ. ജിനു വി എബ്രഹാമിന്റെ തിരക്കഥയിലെത്തിയ ചിത്രം തിയറ്ററില്‍ നിന്ന് 50 കോടി ഗ്രോസ് നേടിയിരുന്നു. ചിത്രം ഓഗസ്റ്റ് നാല് മുതല്‍ ആമസോണില്‍ സ്ട്രീം ചെയ്തുതുടങ്ങി.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനും തിയറ്റര്‍ ഓഫ് ഡ്രീസും നിര്‍മ്മിക്കുന്ന കാപ്പ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഷാജി കൈലാസ്. ജി ആര്‍ ഇന്ദുഗോപനാണ് തിരക്കഥ. പൃഥ്വിരാജ്, ആസിഫലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരാണ് താരങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in