'എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്, ഇപ്പോഴല്ലെ ട്രെന്റ് വന്നത്'; പരിഹസിച്ച് ധ്യാന്‍ ശ്രീനിവാസന്‍

'എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്, ഇപ്പോഴല്ലെ ട്രെന്റ് വന്നത്'; പരിഹസിച്ച് ധ്യാന്‍ ശ്രീനിവാസന്‍

മീടൂ മൂവ്മെന്റിനെ പരിഹസിച്ചുകൊണ്ടുള്ള നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിന് വിമര്‍ശനം. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത് എന്നായിരുന്നു ധ്യാനിന്റെ പ്രതികരണം. ഫിലിമി ബീറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാന്‍ മീടുവിനെ പരിഹസിച്ച് സംസാരിച്ചത്.

ധ്യാന്‍ പറഞ്ഞത്

പണ്ടൊക്കെ മീടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്.

പൊട്ടിച്ചിരിച്ചുകൊണ്ട് എന്തോ തമാശ പറയുന്ന പോലെയാണ് ധ്യാന്‍ ഇത് പറയുന്നതും, അഭിമുഖം ചെയ്യുന്നയാള്‍ കേട്ടിരിക്കുന്നതും. മലയാള സിനിമയില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മീടു ആരോപണങ്ങളും വരുന്ന സാഹചര്യത്തിലാണ് ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശം.

ധ്യാനിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. അതിജീവിതരുടെ വേദനയെ കളിയാക്കിയ ഈ ഇളി എത്ര പേരുടെ നെഞ്ചത്തേക്ക് തൊടുത്ത് വിടുന്ന കൂരമ്പാണെന്ന് അറിയുമോ തനിക്കെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ഡോ ഷിംന അസീസ് കുറിച്ചു.

'ഉടല്‍' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ നിരവധി അഭിമുഖങ്ങളില്‍ ധ്യാന്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടുണ്ട്. മീടുവിനെ പരിഹസിച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ ധ്യാനിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. അഭിമുഖത്തിന്റെ തമ്പ് നെയിലില്‍ ധ്യാനിന്റെ മീടു പരാമര്‍ശം ഉപയോഗിച്ചതിനും വിമര്‍ശനമുണ്ട്.

അടുത്തിടെയാണ് നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പുതുമുഖ നടി ലൈംഗിക അതിക്രമത്തിന് പരാതി നല്‍കിയത്. അതിന് പിന്നാലെ മറ്റൊരു മീടു ആരോപണവും വിജയ് ബാബുവിനെതിരെ വന്നിരുന്നു.