'മിന്നല്‍ മുരളി' ആസ്വദിച്ച് ചൈനീസ് കുട്ടികള്‍: ഈ ദിവസം മനോഹരമായെന്ന് ബേസില്‍

'മിന്നല്‍ മുരളി' ആസ്വദിച്ച് ചൈനീസ് കുട്ടികള്‍: ഈ ദിവസം മനോഹരമായെന്ന് ബേസില്‍

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി ഇന്ത്യയ്ക്ക് പുറത്തും തരംഗമാവുകയാണ്. ബേസില്‍ പങ്കുവെച്ച മിന്നല്‍ മുരളി കണ്ട് ആസ്വദിക്കുന്ന ചൈനീസ് വിദ്യാര്‍ത്ഥികളുടെ വീഡിയോ അതിന് ഉദാഹരണമാണ്. മിന്നല്‍ മുരളിയിലെ സീനുകള്‍ കണ്ട് അമ്പരക്കുകയും ചിരിക്കുകയും ചെയ്യുന്ന കുട്ടികളാണ് വീഡിയോയിലുള്ളത്. 'ഈ വീഡിയോ എന്റെ ദിവസം മനോഹരമാക്കി' എന്നാണ് ബേസില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നെറ്റ്ഫ്‌ലിക്‌സ് റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി എന്ന കഥാപാത്രത്തിന് ഒപ്പം തന്നെ ഗുരു സോമസുന്ദരം അഭിനയിച്ച വില്ലനായ ഷിബുവിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സ് റിലീസിന് മുന്‍പ് ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് ശേഷം ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in