ധനുഷിന്റേത് അസാസിന്‍ കഥാപാത്രം, താരത്തെ മനസില്‍ കണ്ട് എഴുതിയത്, സ്പിന്‍ ഓഫ് ഉണ്ടായേക്കാമെന്ന് റസോ ബ്രദേഴ്‌സ്

ധനുഷിന്റേത് അസാസിന്‍ കഥാപാത്രം, താരത്തെ മനസില്‍ കണ്ട് എഴുതിയത്, സ്പിന്‍ ഓഫ് ഉണ്ടായേക്കാമെന്ന് റസോ ബ്രദേഴ്‌സ്

അവഞ്ചേഴ്‌സ് ഇന്റഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകരായ റസോ ബ്രദേഴ്‌സ് ഒരുക്കുന്ന സ്‌പൈ ത്രില്ലര്‍ ദ ഗ്രേ മാന്‍ ജൂലായ് 22ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ്ങ് തുടങ്ങുകയാണ്. ക്രിസ് ഇവാന്‍സ്, റയാന്‍ ഗോസ്ലിംഗ് തുടങ്ങിയവര്‍ക്കൊപ്പം ധനുഷും ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലര്‍ ധനുഷ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്.

ധനുഷിന്റേത് ഒരു ബാഡാസ്സ് അസാസിന്‍ കഥാപാത്രമാണെന്നാണ് റസോ ബ്രദേഴ്‌സ് പറയുന്നത്. റയാന്റെ കഥാപാത്രത്തിനെ പിന്തുടരുന്ന ഒരു ക്യാരക്ടറാണ്. ധനുഷിനെ കണ്ടാണ് ആ കഥാപാത്രം രൂപപ്പെടുത്തിയതെന്നും തങ്ങളിരുവരും ധനുഷിന്റെ ആരാധകരാണെന്നും സംവിധായകര്‍ പറയുന്നു. നെറ്റ്ഫ്‌ലിക്‌സും റോട്ടന്‍ ടൊമാറ്റോസും ഉള്‍പ്പെട്ട ഒരു ഓണ്‍ലൈന്‍ ഡിസ്‌കഷനിലായിരുന്നു സംവിധായകരുടെ പരാമര്‍ശം.

ലോകത്തെ ടോപ് അസാസിന്‍സിലൊന്നാണ് ചിത്രത്തില്‍ ധനുഷിന്റെ കഥാപാത്രം, ചിത്രത്തില്‍ രണ്ട് പ്രധാനപ്പെട്ട ഫൈറ്റുകള്‍ താരത്തിന് ഉണ്ട്. ധനുഷ് പെര്‍ഫോം ചെയ്യുന്നത് കാണുന്നത് തന്നെ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമായി, റസോ ബ്രദേഴ്‌സ് പറയുന്നു.

ദ ഗ്രേ മാന്‍ ഒരു സിനിമാറ്റിക് യുണിവേഴ്‌സായി മാറ്റാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ തന്നെ സംവിധായകര്‍ അറിയിച്ചിരുന്നു, ചിത്രം വിജയിച്ചാല്‍ ക്രിസ് ഇവാന്‍സിന്റെ കഥാപാത്രത്തിന് സ്പിന്‍ ഓഫ് ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ അതിനൊപ്പം തന്നെ ധനുഷിന്റെ കഥാപാത്രത്തിനും സ്പിന്‍ ഓഫ് ഉണ്ടായേക്കാമെന്ന് സൂചനയും സംവിധായകര്‍ നല്‍കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in