'പുരുഷന്‍മാരെ മോശമായി ചിത്രീകരിക്കുന്നു'; സമാന്തയുടെ ഡാന്‍സ് നമ്പറിനെതിരെ പരാതി

'പുരുഷന്‍മാരെ മോശമായി ചിത്രീകരിക്കുന്നു'; സമാന്തയുടെ ഡാന്‍സ് നമ്പറിനെതിരെ പരാതി

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ ഡിസംബര്‍ 17ന് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്ലറിനും പാട്ടുകള്‍ക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ സമാന്തയുടെ 'ഊ അണ്‍ടവാ' എന്ന ഡാന്‍സ് നമ്പര്‍ സമൂഹമാധ്യങ്ങളില്‍ തരംഗമാവുകയാണ്. ഇപ്പോഴിതാ ഡാന്‍സ് നമ്പറിനെതിരെ പരാതിയുമായ രംഗത്തെത്തിയിരിക്കുകയാണ് മെന്‍സ് അസോസിയേഷന്‍.

പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പാട്ട് പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ആന്ധ്രാപ്രദേശ് കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. കോടതി ഇത് വരെ കേസ് പരിഗണിച്ചിട്ടില്ല. ദേവി ശ്രീ പ്രസാദ് സംഗീതം നല്‍കിയ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ചന്ദ്രബോസാണ്. തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷളിലും പാട്ട് റിലീസ് ചെയ്തിട്ടുണ്ട്.

'ഊ അണ്‍ടവാ' സമാന്തയുടെ ആദ്യ ഡാന്‍സ് നമ്പര്‍ കൂടിയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ടിന്റെ പ്രോമോ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 19 സെക്കന്റ് മാത്രം ധൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറങ്ങിയത്. ഇന്ദ്രാവതി ചൗഹാനാണ് 'ഊ അണ്‍ടവാ' തെലുങ്കില്‍ ആലപിച്ചിരിക്കുന്നത്.

സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുന്നത്. ചിത്രത്തില്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ വേഷമാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ ചെയ്യുന്നത്.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായിക. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ - മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പുഷപ. അല്ലു അര്‍ജുന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in