ജയ് ഭീം പോരെന്ന് ഭരദ്വാജ് രംഗന്‍, ഭ്രമത്തെ പുകഴ്ത്തിയ നിരൂപകന് ഇഷ്ടപ്പെടില്ലെന്ന് ട്രോള്‍; ഡിസ്ലൈക്കുമായി തമിഴ് സോഷ്യല്‍ മീഡിയ

ജയ് ഭീം പോരെന്ന് ഭരദ്വാജ് രംഗന്‍, ഭ്രമത്തെ പുകഴ്ത്തിയ നിരൂപകന് ഇഷ്ടപ്പെടില്ലെന്ന് ട്രോള്‍; ഡിസ്ലൈക്കുമായി തമിഴ് സോഷ്യല്‍ മീഡിയ

ആദിവാസി വിഭാഗമായ ഇരുള സമുദായത്തിന് വേണ്ടി പോരാടുന്ന അഭിഭാഷകനായി സൂര്യ അഭിനയിച്ച ജയ് ഭീം കഴിഞ്ഞ ദിവസം പ്രേക്ഷകരിലെത്തിയിരുന്നു. ജയ് ഭീമിനെ കുറിച്ച് ഫിലിം കമ്പാനിയന്‍ യൂട്യൂബ് ചാനലില്‍ നിരൂപകന്‍ ഭരദ്വാജ് രംഗന്‍ നടത്തിയ നിരൂപണത്തിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ശക്തമായ ദളിത് രാഷ്ട്രീയം പറയുന്ന സിനിമയെ ഭരദ്വാജ് രംഗന്‍ പരിഹസിച്ചെന്നാണ് വിമര്‍ശനം. ആദിവാസികളെ കുറിച്ചും മനുഷ്യാവകാശത്തെ കുറിച്ചും സിനിമ ചെയ്താല്‍ അത് എല്ലായ്പ്പോഴും നല്ല സിനിമയാകില്ലെന്നാണ് ഭരദ്വാജ് രംഗന്‍ അഭിപ്രായപ്പെട്ടത്.

ഒരു നല്ല കഥയും നല്ല ചിന്താഗതിയുമുണ്ടെങ്കില്‍ മികച്ച സിനിമയുണ്ടാകുമെന്ന് കരുതുന്ന വ്യക്തികള്‍ക്ക് ജയ് ഭീം ഇഷ്ടപ്പെടും. അല്ലാത്തവര്‍ക്കായാണ് തന്റെ റിവ്യു എന്നും ഭരദ്വാജ് രംഗന്‍ വീഡിയോയില്‍ പറയുന്നു. ചിത്രത്തില്‍ നടന്‍ മണികണ്ഠന്‍ ലിജോ മോള്‍ എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളാണ് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ഇത്ര തീവ്രതയുള്ള ഒരു സിനിമയുടെ ഭാഗമാവേണ്ടിയിരുന്നില്ല ലിജോമോളും മണികണ്ഠനുമെന്ന് താന്‍ ആഗ്രഹിച്ചുവെന്നാണ് ഭരദ്വാജ് രംഗന്‍ പറയുന്നത്.

സൂര്യയുടെ കഥാപാത്രത്തിനും മികച്ച രീതിയില്‍ പ്രകടനം കാഴ്ച്ചവെക്കാനായില്ലെന്ന് ഭരദ്വാജ് രംഗന്‍ പറയുന്നു. സിനിമ പറയുന്നത് നടന്ന സംഭവത്തെ കുറിച്ചാണെങ്കിലും ഇരുള സമുദായത്തിലെ ജനങ്ങള്‍ അനുഭവിച്ച പൊലീസ് ക്രൂരത പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഇത്ര തീവ്രതയോടെയുള്ള ചിത്രീകരണ രീതി ആവശ്യമുണ്ടായിരുന്നില്ലെന്നും ഭരദ്വാജ് രംഗന്‍.

എന്‍പതിനായിരത്തിന് മുകളില്‍ വ്യൂസ് ലഭിച്ച റിവ്യൂ വീഡിയോക്ക് ലൈക്കിനേക്കാള്‍ ഡിസ് ലൈക്കാണ് ലഭിച്ചിരിക്കുന്നത്. 5500 പേരാണ് വീഡിയോ ഡിസ് ലൈക്ക് ചെയ്തിരിക്കുന്നത്. ദളിത് രാഷ്ട്രീയം ആഴത്തില്‍ പരാമര്‍ശിക്കുന്ന ജയ് ഭീം എന്ന സിനിമയെ നിശിതമായി വിമര്‍ശിക്കുന്ന ഭരദ്വാജ് രംഗന്‍ അന്ധാദുന്‍ റീമേക്കായ ഭ്രമം റിവ്യൂവില്‍ മംമ്തയുടെ പ്രകടനത്തെ പരാമര്‍ശിച്ചപ്പോള്‍ ഒറിജിനല്‍ പതിപ്പിലെ താബുവിനെ മറന്നുപോകുന്ന പെര്‍ഫോര്‍മന്‍സ് എന്ന് പുകഴ്ത്തിയത് ചിലര്‍ സോഷ്യല്‍ മീഡിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

വിജയ് ചിത്രം ബിഗിലും, മൂക്കുത്തി അമ്മനും മികച്ചതെന്ന് പറയുന്ന ഭരദ്വാജ് രംഗന്‍ ജയ് ഭീം പോലൊരു മികച്ച ചിത്രത്തെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണ് ചിലര്‍ കമന്റില്‍ ചോദിക്കുന്നു. മണിരത്നത്തിന്റെ കാട്രു വെളിയിതെ എന്ന സിനിമയെക്കാള്‍ നൂറിരട്ടി നല്ലതാണ് ജയ് ഭീം എന്നും രംഗന്റെ കാട്രു വെളിയിതെ റിവ്യൂ ഉദാഹരിച്ച് അജിനേഷ് കമന്റ് ചെയ്യുന്നു. എ മണിരത്നം ഫിലിം എന്ന് എന്‍ഡ് ക്രെഡിറ്റ് വരാത്തതാണോ നിരാശപ്പെടുത്തിയതെന്നും കമന്റുണ്ട്. കടലൂര്‍ ജില്ലയില്‍ ഇരുളര്‍ സമുദായക്കാര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമമാണ് ജയ്ഭീമിന്റെ പ്രമേയം. സിനിമ ആമസോണ്‍ പ്രിമിയറിന് മുന്നോടിയായി ഇരുള ആദിവാസി വിഭാഗത്തിലുള്ളവരുടെ പഠനത്തിനായി സൂര്യ ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in