മിന്നല്‍ മുരളിക്ക് ആശംസകളുമായി 'അവഞ്ചേഴ്‌സ്' മ്യൂസിക് കംപോസര്‍ എലന്‍ സില്‍വെസ്ട്രി

മിന്നല്‍ മുരളിക്ക് ആശംസകളുമായി 'അവഞ്ചേഴ്‌സ്' മ്യൂസിക് കംപോസര്‍ എലന്‍ സില്‍വെസ്ട്രി

ടൊവിനോ തോമസിന്റെ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി ലോക ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഒരു വര്‍ഷം മുമ്പാണ് 'എക്ട്രാക്ഷന്‍' സിനിമയുടെ സംവിധായകന്‍ സാം ഹാര്‍ഗ്രേവ് മിന്നല്‍ മുരളിയുടെ ടീസര്‍ പങ്കുവെച്ചത്. ഇപ്പോഴിതാ ഹോളിവുഡ് സംഗീത സംവിധായകനായ എലന്‍ സില്‍വെസ്ട്രിയും മിന്നല്‍ മുരളിക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്.

ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് കൂടിയായ എലന്‍ സില്‍വെസ്ട്രി 'ഫോറസ്റ്റ് ഗംപ്', 'കാസ്റ്റ് എവേ', 'ദ അവഞ്ചേഴ്‌സ്', 'അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍', 'അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനാണ്. എലന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മിന്നല്‍ മുരളിയുടെ ട്രെയ്‌ലര്‍ പങ്കുവെച്ച് ആശംസകള്‍ അറിയിച്ചത്. 'ഈ മനോഹരമായ സിനിമയ്ക്ക് ആശംസകള്‍ നേരുന്നു' എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം ഡിസംബര്‍ 24നാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ ലോകപ്രേക്ഷകരിലേക്ക് എത്തുക. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ്.

മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സമീര്‍ താഹിറാണ്. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവര്‍ക്ക് പുറമെ അജു വര്‍ഗീസ്, പി. ബാലചന്ദ്രന്‍, മാമുക്കോയ, ഫെമിന ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

The Cue
www.thecue.in