അന്ന് സുധ മാം പറഞ്ഞു ഞാന്‍ അവാര്‍ഡിന് അര്‍ഹയാണെന്ന്; ഇന്ന് അത് വലിയൊരു നിമിഷമായി കാണുന്നു: അപര്‍ണ ബാലമുരളി

അന്ന് സുധ മാം പറഞ്ഞു ഞാന്‍ അവാര്‍ഡിന് അര്‍ഹയാണെന്ന്; ഇന്ന് അത് വലിയൊരു നിമിഷമായി കാണുന്നു: അപര്‍ണ ബാലമുരളി

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് നടി അപര്‍ണ ബാലമുരളി. ജീവിത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഈ നിമിഷത്തെ കുറിച്ച് സംസാരിക്കാന്‍ വാക്കുകളില്ലെന്നും അപര്‍ണ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലായിരുന്നു പ്രതികരണം.

സൂരറൈ പോട്ര് സിനിമയുടെ ഡബ്ബിംഗിന് ശേഷം സംവിധായിക സുധ കൊങ്കര താന്‍ അവാര്‍ഡിന് അര്‍ഹയാണെന്ന് പറഞ്ഞിരുന്നു എന്നും അപര്‍ണ പറഞ്ഞു. അന്നത്തെ വാക്കുകള്‍ ഇന്ന് വലിയൊരു നിമിഷമായി താന്‍ കാണുന്നു എന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

അപര്‍ണ ബാലമുരളിയുടെ വാക്കുകള്‍:

എല്ലാവര്‍ക്കും നമസ്‌കാരം. എനിക്ക് ഇന്നലെ റിസള്‍ട്ട് കേട്ടതിനേക്കാളും സന്തോഷവും ടെന്‍ഷനുമാണ് ഇപ്പോള്‍. എനിക്ക് പറയാന്‍ വാക്കുകളില്ല, എല്ലാവര്‍ക്കും ഒരുപാട് നന്ദി ഇവിടെ വന്നതിന്. എന്റെ ജീവിതത്തില്‍ ഇന്നേവരെ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമോ എന്ന് അറിയില്ല. പക്ഷെ ഇന്ന് ഞാന്‍ ഈ അനുഭവിക്കുന്നത് ഞാന്‍ എന്റെ ജീവിത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ല. വന്നതിന് എല്ലാവര്‍ക്കും നന്ദി.

അവാര്‍ഡിന്റെ കാര്യം അറിഞ്ഞപ്പോള്‍ 'ഇനി ഉത്തരം' എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു. ഈ സിനിമയുടെ ഛായാഗ്രാഹകന്‍ രവി ചേട്ടനാണ് ആദ്യമായിട്ട് ഞാന്‍ ഒരു സ്‌ക്രീനില്‍ മുഖം കാണിക്കുമ്പോള്‍ എന്നെ ക്യാമറിയില്‍ പകര്‍ത്തിയത്. അപ്പോള്‍ ഈ സെറ്റില്‍ വെച്ച് തന്നെ അവാര്‍ഡിന്റെ കാര്യം അറിയാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

ആദ്യം അവാര്‍ഡ് കിട്ടയ ഉടനെ ഞാന്‍ വിചാരിച്ചു ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റുന്നില്ല, അതുകൊണ്ട് പിന്നെ വരുന്ന അഭിമുഖങ്ങളില്‍ പറയാമെന്ന്. പക്ഷെ എന്നാലും ഇതേ കുറിച്ച് സംസാരിക്കാന്‍ എനിക്ക് വാക്കുകള്‍ ഒന്നും വരില്ല. കാരണം സന്തോഷത്തേക്കാളും ഞാന്‍ ഭയങ്കര ഇമോഷണലാണ് ഞാന്‍ ഈ ഒരു അവസ്ഥയില്‍. തീര്‍ച്ചയായും സിനിമയ്ക്ക് വേണ്ടി നല്ല പോലെ പ്രയ്തനിച്ചിരുന്നു. സുധ കൊങ്കര എന്ന സംവിധായിക ഞങ്ങളെ വളരെ നന്നായിട്ടാണ് നയിച്ചത്. പക്ഷെ എന്നാല്‍ പോലും സിനിമ ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടിട്ടുണ്ട് എന്ന് വാര്‍ത്തകളില്‍ വന്നപ്പോഴും എനിക്ക് ഭയങ്കര അത്ഭുതമായിരുന്നു. അങ്ങനെയൊരു വാര്‍ത്ത വന്നപ്പോള്‍ തന്നെ അത് വൈകാരികമായ നിമിഷം ആയിരുന്നു എനിക്കും എന്റെ കുടുംബത്തിനും. അത് തന്നെ ഭാഗ്യമായിരുന്നു. പിന്നെ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് സത്യം പറഞ്ഞാല്‍ എനിക്ക് ഒരു വികാരവും വരുന്നില്ലായിരുന്നു. കാരണം അത്രയും സന്തോഷവും വളരെ പ്രിയപ്പെട്ട നിമിഷവുമായിരുന്നു അത്.

അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം സാറുമായി എനിക്ക് സംസാരിക്കാന്‍ സാധിച്ചിട്ടില്ല. കാരണം സാര്‍ സ്ഥലത്തില്ല. ഞാന്‍ രാജ്‌ശേഖര്‍ സാറിനെ വിളിച്ചിരുന്നു, ഞങ്ങളുടെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് അദ്ദേഹം. സുധ മാമിനെ വിളിച്ചിരുന്നു. ഏറ്റവും ആദ്യം ഞാന്‍ വിളിക്കേണ്ടത് സുധ മാമിനെയാണ്. എനിക്ക് തോന്നുന്നു ഇതിന് എല്ലാത്തിനും മുന്നെ ഷൂട്ട് കഴിഞ്ഞ് ഡബ്ബിംഗിന്റെ സമയത്ത് മാം എന്റെ അടുത്ത് ഒരിക്കല്‍ പറഞ്ഞിരുന്നു, ഈ സിനിമയ്ക്ക് ഞാന്‍ അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട് എന്ന്. പിന്നീട് അതേ കുറിച്ച് സംസാരിച്ചിരുന്നില്ല. അതിന് ശേഷമാണ് കൊവിഡ് വന്നതും സിനിമ റിലീസ് ചെയ്യാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടതും, നമ്മള്‍ ഒടിടിയില്‍ റിലീസ് ചെയ്തതും എല്ലാം. പക്ഷെ ഇന്ന് ഈ അവാര്‍ഡ് കിട്ടുമ്പോള്‍, അന്ന് ആ പറഞ്ഞത് വലിയൊരു നിമിഷമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു.

സത്യം പറഞ്ഞാല്‍ സൂരറൈ പോട്ര് തിയേറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ നല്ല വിഷമം ഉണ്ടായിരുന്നു. കാരണം സൂര്യ സാറിനൊപ്പം അഭിനയിച്ചിട്ട് അദ്ദേഹത്തിന്റെ ഫാന്‍സിന്റെ കൂടെ ഇരുന്ന് സിനിമ കാണാന്‍ സാധിക്കാത്തത് വലിയൊരു നഷ്ടം തന്നെയാണ് എന്നെ സംബന്ധിച്ച്. പക്ഷെ ഒടിടിയില്‍ റിലീസ് ചെയ്ത് സിനിമയ്ക്ക് കിട്ടിയ ഒരു സ്വീകാര്യത വലുതായിരുന്നു. കാരണം എല്ലാവരും അന്ന് രാത്രി തന്നെ സിനിമ കാണുകയും രാത്രി തന്നെ എന്നെ ആളുകള്‍ വിളിക്കുകയും എല്ലാം ചെയ്തപ്പോള്‍ എനിക്ക് സന്തോഷം തോന്നി.

പ്രേക്ഷകരോട് എനിക്ക് നന്ദി മാത്രമാണ് പറയാനുള്ളത്. അവാര്‍ഡ് പ്രഖ്യാപിച്ച സമയത്ത് ആര്‍ക്കെങ്കിലും ഞാന്‍ ഈ അവാര്‍ഡിന് അര്‍ഹയല്ല എന്ന് തോന്നുമോ എന്ന പേടിയുണ്ടായിരുന്നു. കാരണം നമ്മള്‍ ചെയ്യുന്ന സിനിമകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ കണ്ട് അവര്‍ അത് സ്വീകരിക്കുന്നതിന് വേണ്ടിയാണ്. അതാണ് സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രധാനവും. തിയേറ്ററില്‍ ഇറങ്ങിയാലും പ്രേക്ഷകര്‍ക്ക് ഇഷ്ടമായോ അവര്‍ ആസ്വദിക്കുന്നുണ്ടോ എന്നെല്ലാമാണ് നമ്മള്‍ ആദ്യം നോക്കുക. എനിക്ക് വന്ന മെസേജും ഫോണ്‍ കോളുകളില്‍ നിന്നുമെല്ലാം ഒരുപാട് പേര്‍ എനിക്ക് പുരസ്‌കാരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് മനസിലായി. അതെനിക്ക് വലിയൊരു അനുഗ്രഹം തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in