ഷാരൂഖിന്റെ നാട്ടില്‍ നിന്നല്ലേ, വിശ്വാസമാണ്; വിമാനടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കി ഈജിപ്റ്റില്‍ നിന്നുള്ള ആരാധകന്‍

ഷാരൂഖിന്റെ നാട്ടില്‍ നിന്നല്ലേ, വിശ്വാസമാണ്; വിമാനടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കി ഈജിപ്റ്റില്‍ നിന്നുള്ള ആരാധകന്‍

ഈജിപ്തില്‍ നിന്നുള്ള ഷാരൂഖ് ഖാന്‍ ആരാധകന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയ അനുഭവം പങ്കുവെച്ച് പ്രൊഫസര്‍ അശ്വിനി ദേശ്പാണ്ഡെ. അശോക സര്‍വകലാശാലയില്‍ സാമ്പത്തിക വിഭാഗം പ്രൊഫസര്‍ ആണ് അശ്വിനി ദേശ്പാണ്ഡെ.

ഈജിപ്തിലേക്ക് പോകുന്നതിനായി ട്രാവല്‍ ഏജന്റിനെ ബന്ധപ്പെട്ടപ്പോഴാണ് തനിക്ക് അനുഭവം ഉണ്ടായതെന്ന് അശ്വിനി പറയുന്നു.

'ഈജിപ്തിലെ ട്രാവല്‍ ഏജന്റിന് പണം നല്‍കണമായിരുന്നു. എന്നാല്‍ പണം ട്രാന്‍സ്ഫര്‍ നല്‍കുന്നതിന് പണം ചില തടസങ്ങള്‍ നേരിട്ടു. അപ്പോള്‍ ട്രാവല്‍ ഏജന്റ് പറഞ്ഞു: ഷാരൂഖ് ഖാന്റെ നാട്ടില്‍ നിന്നുമല്ലേ നിങ്ങള്‍ വരുന്നത്. എനിക്ക് നിങ്ങളെ വിശ്വാസമാണ്. ഞാന്‍ ബുക്ക് ചെയ്യാം. പണം പിന്നെ മതി. വേറെ എവിടെയാണെങ്കിലും ഞാന്‍ ഇങ്ങനെ ചെയ്ത് കൊടുക്കില്ല. പക്ഷെ ഷാരൂഖ് ഖാന് വേണ്ടി ഞാന്‍ ചെയ്യും. അദ്ദേഹം എനിക്ക് ചെയ്തുതന്നു. ഷാരൂഖ് ഖാന്‍ ഈസ് കിംഗ്,' അശ്വിനി ദേശ്പാണ്ഡെ ട്വിറ്ററില്‍ കുറിച്ചു.

അശ്വിനിയുടെ പോസ്റ്റിന് താഴെ വിദേശത്ത് നിന്നുള്ള മറ്റു ഇന്ത്യക്കാരും കമന്റുമായെത്തി. ഈജിപ്തിലൂടെ നടക്കുമ്പോള്‍ നിങ്ങള്‍ ഇന്ത്യക്കാരാണോ എന്ന് ചോദിച്ച് വരുന്നവരെയും കാണാം അവര്‍ അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയുമൊക്കെ അന്വേഷിക്കാറുണ്ടെന്നാണ് ഒരാളുടെ കമന്റ്.

ഇതുപോലെ വിദേശരാജ്യങ്ങളില്‍ ഷാരൂഖ് അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്ക് വലിയാ ആരാധകരുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

The Cue
www.thecue.in