
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം ഒരു റോമാന്റിക് കോമഡിയാണെന്ന് സംവിധായകന്‍ അല്‍ത്താഫ് ദ ക്യുവിനോട് പറഞ്ഞു. ഫഹദും അത്തരമൊരു കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ഫഹദ് സിനിമയിലേക്ക് എത്തുന്നതെന്നും അല്‍ത്താഫ് പറയുന്നു.
അല്‍ത്താഫ് സലീം പറഞ്ഞത്:
സിനിമയുടെ നിര്‍മ്മാതാവായ ആഷിക് ഉസ്മാനാണ് എന്റെ അടുത്ത് ഒരു സിനിമ ചെയ്യണം എന്ന് ആവശ്യപ്പെട്ടത്. ആദ്യമെ തന്നെ കുറച്ച് സമയം എടുക്കും എന്ന് ഞാന്‍ ആഷിക്കിനോട് പറഞ്ഞിരുന്നു. അതില്‍ പുള്ളിക്ക് പ്രശ്‌നം ഉണ്ടായിരുന്നില്ല. നമുക്ക് ക്രിയേറ്റീവായ ഫ്രീഡം തരുന്നൊരു ആളാണ്. പിന്നീട് ഫൈനല്‍ ഡ്രാഫ്റ്റ് തീര്‍ത്തപ്പോള്‍ ഫഹദിലോട്ട് പോകാം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഫഹദിനെ പോയി കണ്ട് കഥ പറയുന്നത്. ഫഹദാണെങ്കിലും ഇതുപോലൊരു റോം കോമിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. രണ്ട് പേര്‍ക്കും വേണ്ടതും അതായിരുന്നു. അങ്ങനെ കൈ കൊടുക്കുകയായിരുന്നു.
കഥ എഴുതുന്ന സമയത്ത് ഒരു നടനെ മനസില്‍ കണ്ടിട്ടല്ല ഞാന്‍ എഴുതുന്നത്. കാരണം നമ്മള്‍ ഒരാളെ കണ്ട് എഴുതിയിട്ട് പിന്നീട് അത് നടന്നില്ലെങ്കില്‍ പിന്നെ വീണ്ടും മാറ്റി എഴുതേണ്ടിയെല്ലാം വരാം. അപ്പോള്‍ ഒരു ഡ്രാഫ്റ്റായി കഴിഞ്ഞ്, ഇപ്പോള്‍ ഫഹദിനോട് പറഞ്ഞു. അതിന് ശേഷം ഫഹദിന് വേണ്ടി റീ റൈറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ആ പ്രോസസ്. നിലവില്‍ ഷൂട്ടിംഗിനായുള്ള കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്. പക്ഷെ ഫഹദിന് വേറെ ചില പ്രൊജക്റ്റുകള്‍ തീരാനുണ്ട്. അപ്പോള്‍ അത് തീരുന്നതിന് അനുസരിച്ചാണ് നമ്മുടെ ഷൂട്ട് തുടങ്ങുന്ന ഡെയിറ്റിന്റെ കാര്യത്തില്‍ വ്യക്തത വരുകയുള്ളു.
തല്ലുമാലയ്ക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. അല്‍ത്താഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ചിത്രം പ്രഖ്യാപിച്ചത്.