25 കോടി കടന്ന് അജഗജാന്തരം; മൂന്നാം വാരത്തിലും 750ല്‍ അധികം ഷോകള്‍

25 കോടി കടന്ന് അജഗജാന്തരം; മൂന്നാം വാരത്തിലും 750ല്‍ അധികം ഷോകള്‍

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായ 'അജഗജാന്തരത്തിന്റെ' കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. റീലീസ് ചെയ്ത് 25 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 25 കോടിയാണ് നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 750 ല്‍ അധികം ഷോകളാണ് മൂന്നാം വാരത്തിലും സിനിമ കളിക്കുന്നത്. കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ഭീതി നിലനില്‍ക്കെ വെറും 50 ശതമാനം പ്രവേശനാനുമതിയിലാണ് ചിത്രം ഈ വിജയം കരസ്തമാക്കിയിരിക്കുന്നത്.

ഡിസംബര്‍ 23ന് 198 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്തതിന് പിന്നാലെ ഗള്‍ഫില്‍ സിനിമ റിലീസ് ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഒരു നാട്ടിന്‍പുറത്തെ ഉത്സവ പറമ്പില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആ ഉത്സവത്തിന് ആനയുമായി രണ്ട് പാപ്പാന്‍മാര്‍ വരുന്നു. അതേ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രം. ചിത്രത്തില്‍ ആനയും വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്.

ഉത്സവത്തെ കേന്ദ്രീകരിച്ചുള്ള ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളും ശ്രദ്ധേയമായിരുന്നു. ആനയെ വരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതുമ നിറഞ്ഞ രീതിയിലാണ് അജഗജാന്തരത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ നായകന്‍മാരും സംവിധായകനും സിനിമയില്‍ അഭിനയിച്ച നടക്കല്‍ ഉണ്ണികൃഷ്ണന്‍ എന്ന ആനയുടെ പുറത്ത് കയറിയാണ് സിനിമ കാണാന്‍ തിയേറ്ററിലെത്തിയത്.

The Cue
www.thecue.in