ഇത് അംഗീകരിക്കാനാവില്ല, മകളെ ട്രോളുന്നത് ക്ഷമിക്കില്ല: അഭിഷേക് ബച്ചന്‍

ഇത് അംഗീകരിക്കാനാവില്ല, മകളെ ട്രോളുന്നത് ക്ഷമിക്കില്ല: അഭിഷേക് ബച്ചന്‍

മകള്‍ ആരാധ്യയെ സമൂഹമാധ്യമത്തില്‍ ട്രോളുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. തന്നെ കുറിച്ചുള്ള ട്രോളുകള്‍ സഹിക്കും. എന്നാല്‍ മകളെ കളിയാക്കുന്ന ട്രോളുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അഭിഷേക് പറയുന്നു. പുതിയ ചിത്രമായ 'ബോബ് ബിസ്വാസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബോളിവുഡ് ലൈഫിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിഷേകിന്റെ പ്രതികരണം.

'ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല, എനിക്കൊരിക്കലും ക്ഷമിക്കാനുമാവില്ല. ഞാനൊരു പബ്ലിക് ഫിഗറാണ്, അത് സമ്മതിക്കാം. പക്ഷേ എന്റെ മകള്‍ അങ്ങനെയല്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വന്നെന്റെ മുഖത്തു നോക്കി പറയാം.' - അഭിഷേക് ബച്ചന്‍

ഇതാദ്യമായല്ല മകളെ അനാവശ്യമായി ട്രോളുന്നതിനെതിരെ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും പ്രതികരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും മീഡിയയിലുമെല്ലാം വളരെ സൂക്ഷ്മമായി മാത്രമെ ആരാധ്യയുടെ വിവരങ്ങള്‍ ഇരുവരും പങ്കുവെക്കാറുള്ളു. ഐശ്വര്യ റായ് പല തവണ മകളെ കൂടുതലായി ശ്രദ്ധിക്കുന്നു എന്നതിന്റെ പേരില്‍ വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുണ്ട്.

അത്തരം വിമര്‍ശനങ്ങള്‍ക്ക് ഐശ്വര്യ ഒരിക്കല്‍ മറുപടിയും നല്‍കിയിരുന്നു.'' നിങ്ങള്‍ എന്തും പറയൂ, അവള്‍ എന്റെ മകളാണ്. ഞാന്‍ അവളെ സ്നേഹിക്കും, ഞാന്‍ അവളെ സംരക്ഷിക്കും, ഞാന്‍ അവളെ കെട്ടിപ്പിടിക്കും, അവള്‍ എന്റെ മകളാണ്, എന്റെ ജീവിതവും'' എന്നാണ് താരം പറഞ്ഞത്.