Indian films at International Film Festival Rotterdam

Indian films at International Film Festival Rotterdam

സല്യൂട്ട് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല, റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ തുറമുഖം, മാലിക്, പ്രാപ്പെട, ചവിട്ട് ഉള്‍പ്പെടെ മലയാള സിനിമകള്‍

Published on

റോട്ടര്‍ ഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ട് തെരഞ്ഞെടുക്കപ്പെട്ടെന്ന വാര്‍ത്ത തെറ്റ്. ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത ഉദ്ധരിച്ച് ദ ക്യു' ഇതേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് റോട്ടര്‍ഡാം 2022ല്‍ തെരഞ്ഞെടുത്ത ഇന്ത്യന്‍ സിനിമയുടെ പട്ടികയില്‍ 'സല്യൂട്ട്' ഉള്‍പ്പെട്ടിട്ടില്ല. മലയാളത്തില്‍ നിന്ന് തുറമുഖം, മാലിക്, പ്രാപ്പെട, ചവിട്ട് എന്നീ സിനിമകളാണ് റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് ഫിലിം ഫെസ്റ്റിവലുകള്‍ പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യുന്ന വെബ് സൈറ്റായ സിനിസ്താനും റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസ്, പിങ്ക് വില്ല തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ സിനിമ തെരഞ്ഞെടുക്കപ്പെട്ടതായി വാര്‍ത്ത നല്‍കിയിരുന്നു. ഫൈനല്‍ സെലക്ഷന് മുമ്പ് സല്യൂട്ട് ജൂറി അംഗങ്ങള്‍ കണ്ട ശേഷം ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തെയും റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തെയും പ്രശംസിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് മൂന്ന് ദിവസം മുമ്പ് വാര്‍ത്ത നല്‍കിയിരുന്നു. ഇത്തവണ ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് സിനിമകളില്‍ സല്യൂട്ട് ഉള്‍പ്പെട്ടിട്ടില്ല.

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍ 2022ല്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഇവിടെ കാണാം

ഹാര്‍ബര്‍ വിഭാഗത്തില്‍ റഹ്മാന്‍ ബ്രദേഴ്‌സ് (സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍) സംവിധാനം ചെയ്ത ചവിട്ട്, മഹേഷ് നാരായണന്‍ ചിത്രം മാലിക് എന്നീ സിനിമകളും ബിഗ് സ്‌ക്രീന്‍ കോംപറ്റീഷനില്‍ രാജീവ് രവിയുടെ തുറമുഖം, ബ്രൈറ്റ് ഫ്യൂച്ചര്‍ കാറ്റഗറിയില്‍ കൃഷ്‌ണേന്ദു കലേഷിന്റെ പ്രാപ്പെട എന്നീ സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഗുര്‍വീന്ദര്‍ സിംഗിന്റെ ക്രസന്റ് നൈറ്റ് ആണ് ടൈഗര്‍ കോംപറ്റീഷനിലുള്ള ഇന്ത്യന്‍ ചിത്രം. ജനുവരി 26 മുതല്‍ ഫെബ്രുവരി ആറ് വരെയാണ് റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍.

logo
The Cue
www.thecue.in