ജയസൂര്യ മണി ഹൈസ്റ്റിലെ പ്രൊഫസര്‍ ആയാല്‍?, ആഗ്രഹം പിയാനോയില്‍ തീര്‍ത്ത് ആയുഷ്മാന്‍

ജയസൂര്യ മണി ഹൈസ്റ്റിലെ പ്രൊഫസര്‍ ആയാല്‍?, ആഗ്രഹം പിയാനോയില്‍ തീര്‍ത്ത് ആയുഷ്മാന്‍

നെറ്റ്ഫ്‌ളിക്‌സിന്റെ ജനപ്രിയ വെബ് സീരീസ് ആയ 'മണി ഹൈസ്റ്റ്' നാലാം സീസണ്‍ പ്രേക്ഷകരിലെത്തിയത് ലോകം ലോക്ക് ഡൗണില്‍ ആയപ്പോഴാണ്. സ്‌പെയിനിലെ ആന്റിന 3 ചാനല്‍ സംപ്രേഷണം ചെയ്ത വെബ് സീരീസ് നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്തതിന് പിന്നാലെയാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചത്. ലോക്ക് ഡൗണിലും മണി ഹൈസ്റ്റ് പുതിയ സീസണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കുറവുണ്ടായില്ല. അല്‍വരോ മോര്‍ത്തെ അവതരിപ്പിക്കുന്ന പ്രൊഫസര്‍ ആണ് മണി ഹൈസ്റ്റ് സംഘത്തിലെ ആസൂത്രകനും തലവനും ബുദ്ധികേന്ദ്രവും. മണി ഹൈസ്റ്റ് ആരാധകരില്‍ ഇഷ്ടത്തില്‍ മുന്നിലുള്ളതും പ്രൊഫസര്‍ തന്നെ. ബോളിവുഡ് താരം ആയുഷ്മാന്‍ ഖുരാന അടുത്തിടെ പ്രൊഫസറെ പോലൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്നുവെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ മണി ഹൈസ്റ്റ് ആരാധകനായ നടന്‍ ജയസൂര്യയെ പ്രൊഫസറുടെ ലുക്കില്‍ ഒരുക്കി പോസ്റ്റര്‍ ഡിസൈന്‍ പുറത്തിറക്കിയിരിക്കുകയാണ്. എന്റെ സ്വപ്‌നം ഭാഗികമായി പൂര്‍ത്തീകരിച്ചതിന് നന്ദിയെന്ന് പോസ്്റ്റര്‍ ഡിസൈന്‍ ചെയ്ത താമിറിനോട് ജയസൂര്യ.

'ബെല്ലാ ചാവോ' പിയാനോയില്‍ വായിച്ച് ഷര്‍ട്ട് ധരിക്കാതെ കാഴ്ചയില്‍ പ്രൊഫസറോട് സാമ്യമുള്ള ലുക്കില്‍ എത്തിയാണ് ആയുഷ്മാന്‍ ഖുരാന മണിഹൈസ്റ്റ് കമ്പം പരസ്യപ്പെടുത്തിയത്. താടിയിലും കണ്ണടയിലും അല്‍വരോ മോര്‍ത്തെയുടെ പ്രൊഫസറോട് സാമ്യവും ഉണ്ടായിരുന്നു. 'ലാ കാസ ദേ പാപേല്‍' എന്ന് സ്പാനിഷ് സീരീസ് 2017ലാണ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്. പതിനഞ്ച് എപ്പിസോഡുകളിലായി അവസാനിപ്പിച്ച പരമ്പര നെറ്റ് ഫ്‌ളിക്‌സ് ഏറ്റെടുത്തതോടെ രണ്ട് സീസണുകളാക്കി മാറ്റി. ഒരു ഘട്ടത്തില്‍ റേറ്റീംഗ് കുറഞ്ഞതിനെ തുടര്‍ന്ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ച പരമ്പര നാലാം സീസണിലും അവസാനമില്ലാതെ വന്‍കവര്‍ച്ചകളിലൂടെ മുന്നേറുന്നു.

ടെലിവിഷന് വേണ്ടി കുറഞ്ഞ ബജറ്റില്‍ മാഡ്രിഡിന് പുറത്തേക്ക് പോകാതെ ചിത്രീകരിച്ചിരുന്ന മണി ഹൈസ്റ്റ് സംഘത്തെ നെറ്റ്ഫ്‌ളിക്‌സ് രാജ്യാന്തര ലൊക്കേഷനുകളിലേക്ക് എത്തിച്ചു. ആറ് രാജ്യങ്ങളില്‍ നെറ്റ് ഫ്‌ളിക്‌സിലെ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന സീരീസ് കൂടിയാണ് മണി ഹൈസ്റ്റ്. സാല്‍വദോര്‍ ദാലി മാസ്‌കും, റെഡ് ജംപ് സ്യൂട്ടും സീരീസിനൊപ്പം ആരാധകരേറ്റെടുത്തിരുന്നു.

ലോകത്ത് നിരവധി സെലിബ്രിറ്റി ഫാന്‍സ് ഉള്ള ഷോ കൂടിയാണ് മണി ഹൈസ്റ്റ്. സ്റ്റീഫന്‍ കിംഗും നെയ്മറും അവരില്‍ ചിലര്‍. മണിഹൈസ്റ്റ് നാലാം സീസണിനൊപ്പം മണി ഹൈസ്റ്റ് ദ ഫിനോമിനം എന്ന പേരില്‍ ഈ പരമ്പരയുടെ ജനപ്രിയതയും ചരിത്രവും വിവരിക്കുന്ന ഡോക്യുമെന്ററിയും നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in