പൊലീസ് ജീപ്പിന് മുകളില്‍ ചുരുട്ടുമായി പൃഥ്വി, ഷാജി കൈലാസിന്റെ കടുവ 

പൊലീസ് ജീപ്പിന് മുകളില്‍ ചുരുട്ടുമായി പൃഥ്വി, ഷാജി കൈലാസിന്റെ കടുവ 

മാസ് ത്രില്ലറുകളുടെ സംവിധായകന്‍ ഷാജി കൈലാസ് ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരുക്കുന്ന ചിത്രം കടുവയില്‍ പൃഥ്വിരാജ് നായകന്‍. മാസ് ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജും ഷാജി കൈലാസും ചേര്‍ന്ന് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ലണ്ടന്‍ ബ്രിഡ്ജ്, മാസ്‌റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രഹാം ആണ് രചന നിര്‍വഹിക്കുന്നത്. ബോളിവുഡ് മുന്‍നിര ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യകതയുമുണ്ട്.

പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം. കടുവ എന്ന് വിളിപ്പേരുള്ള നെഗറ്റീവ് ഷെയ്ഡ് നായക കഥാപാത്രമാണ് പൃഥ്വിയുടേത്. യഥാര്‍ത്ഥ ജീവിതത്തിലെ സംഭവത്തെ അധികരിച്ചാണ് ചിത്രം. കാട്ടിനകത്ത് പോലീസുമായി ഏറ്റുമുട്ടി നില്ക്കുന്ന ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. പൊലീസുകാരെ ആക്രമിക്കുന്ന നായകന്മാര്‍ അടുത്തിടെയൊന്നും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല, മുന്‍പ് മോഹന്‍ലാല്‍ നായകനായ ചില ചിത്രങ്ങളിലാണ് അത്തരം മാസ് ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടായിരുന്നതും. പൃഥ്വി സംവിധാനം ചെയ്ത ലൂസിഫറിലും നായകന്‍ പൊലീസിനെ ആക്രമിക്കുന്ന ഒരു രംഗമുണ്ടായിരുന്നു.

ലാല്‍ ജൂനിയര്‍ ചിത്രം ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും നിര്‍മ്മിക്കുന്ന ചിത്രമാണിത്. പ്രശസ്ത തെന്നിന്ത്യന്‍ സംഗീതഞ്ജനായ എസ്. തമന്‍ ആണ് ഈണമൊരുക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് 'കടുവ'

2012 ല്‍ ഒരുക്കിയ സിംഹാസനമാണ് ഷാജി- പൃഥ്വി കൂട്ടുകെട്ടില്‍ പിറന്ന ചിത്രം. 2013 ല്‍ സംവിധാനം ചെയ്ത ജിഞ്ചറാണ് ഷാജി കൈലാസ് മലയാളത്തില്‍ ചെയ്ത അവസാന ചിത്രം. അതിനിടെ രണ്ട് ചിത്രങ്ങള്‍ തമിഴില്‍ ഒരുക്കി. എന്‍ വഴി തനി വഴി, വേഗൈ എക്സ്പ്രസ് എന്നിവയായിരുന്നു തമിഴിലൊരുക്കിയത്. ടൈഗര്‍ എന്ന പേരില്‍ ഷാജി കൈലാസ് നേരത്തെ ചിത്രം ചെയ്തിരുന്നു. ബി ഉണ്ണികൃഷ്ണന്റെ രചനയിലായിരുന്നു സിനിമ ഒരുക്കിയത്.