യു.പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്, ജി.സുധാകരനെതിരെ ഒളിയമ്പെന്ന് വിമര്‍ശനം, ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന് വിശദീകരണം

യു.പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്, ജി.സുധാകരനെതിരെ ഒളിയമ്പെന്ന് വിമര്‍ശനം, ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന് വിശദീകരണം

കായംകുളം എം.എല്‍.എ യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവാദം. 'പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കു'മെന്നായിരുന്നു ഇന്നലെ വൈകിട്ട് യു.പ്രതിഭ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത വെളിപ്പെടുന്നതായിരുന്നു എം.എല്‍.എയുടെ പരസ്യപ്രതികരണം.

മന്ത്രി കെ.ടി. ജലീലിനെ ഉന്നമിട്ടാണോ, ജി.സുധാകരനെതിരെയുള്ളതാണോ തുടങ്ങി കമന്റുകളുടെ പ്രവാഹം പോസ്റ്റിന് പിന്നാലെയെത്തി. പ്രതിഭയുടെ പോസ്റ്റില്‍ പ്രതിഷേധമറിയിച്ച് നിരവധി സിപിഎം അണികളും കമന്റിലൂടെ പ്രതികരിച്ചു. വിവാദം മുറുകിയതിന് പിന്നാലെ പോസ്റ്റ് അപ്രത്യക്ഷമായി.

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും ഹാക്ക് ചെയ്ത ആരോ ഇട്ട പോസ്റ്റാണെന്നും ദയവായി ചര്‍ച്ചകളും ദുര്‍വ്യാഖ്യാനവും ഒഴിവാക്കണമെന്ന് യു. പ്രതിഭ. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അപകീര്‍ത്തികരമായ രീതിയിലാണ് തന്നോട് പെരുമാറിയതെന്ന് കായംകുളത്തെ ഇടത് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ യു. പ്രതിഭ നേരത്തെ ആരോപിച്ചിരുന്നു. പ്രചാരണത്തിലുടനീളം മാധ്യമങ്ങള്‍ പക്ഷപാതിത്വം കാണിക്കുകയും എതിര്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പി ആര്‍ വര്‍ക്കും ചെയ്തു. അവരുടെ വീട്ടിലായിരുന്നു എല്ലായിപ്പോഴും മാധ്യമങ്ങളെന്നും പ്രതിഭ കുറ്റപ്പെടുത്തി. അമേരിക്കന്‍ മലയാളി അസോസിയേഷന്‍- ഫോമാ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിലാണ് പ്രതിഭ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്.

' ഞാനായിരുന്നു മാധ്യമങ്ങളാല്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട സ്ഥാനാര്‍ഥി . അതില്‍ അഭിമാനമുണ്ട്. എതിര്‍ സ്ഥാനാര്‍ഥിയുടെ വീടിന് ചുറ്റുമായിരുന്നു മാധ്യമങ്ങള്‍ സദാസമയം. മറ്റുള്ളവരെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുള്ളതുപോലെ മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്. മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇത് പോലെ ഒരു ചര്‍ച്ച കൂടി വയ്ക്കണം. മാധ്യമങ്ങള്‍ ചെയ്ത ദ്രോഹങ്ങള്‍ അപ്പോള്‍ കൂടുതലായി വെളിപ്പെടുത്താം''-പ്രതിഭ പറഞ്ഞു.

No stories found.
The Cue
www.thecue.in