അദാനി മിനിഞ്ഞാന്ന് കണ്ണൂരിലെത്തിയത് മുഖ്യമന്ത്രിക്ക് പാരിതോഷികം നല്‍കാനെന്ന് കെ.സുധാകരന്‍, ആരോപണം പിണറായി തെളിയിക്കണം

അദാനി മിനിഞ്ഞാന്ന് കണ്ണൂരിലെത്തിയത് മുഖ്യമന്ത്രിക്ക് പാരിതോഷികം നല്‍കാനെന്ന് കെ.സുധാകരന്‍, ആരോപണം പിണറായി തെളിയിക്കണം

അദാനി കണ്ണൂരിലെത്തിയത് വൈദ്യുതി വകുപ്പുമായുള്ള കരാര്‍ ഒപ്പുവെച്ചതിന്റെ പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജയന് നല്‍കാനെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ ആരോപണം.

മിനിഞ്ഞാന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കണ്ണൂരിലെത്തിയ അദാനി എവിടെ താമസിച്ചു, ആരെയൊക്കെ കണ്ടുവെന്നത് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും കെ.സുധാകരന്‍. യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ അദാനിയുടെ യാത്രയെ കുറിച്ച് അന്വേഷണം നടത്തുമെന്നും കെ.സുധാകരന്‍.

കെ.സുധാകരന്‍ ഇന്ന് പറഞ്ഞത്

അദാനി മിനിഞ്ഞാന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ കണ്ണൂരില്‍ എത്തി. ഏഴ് മണിക്ക് ശേഷം അര്‍ധരാത്രിവരെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. ആരെയാണ് അദ്ദേഹം കണ്ടത്. കാലത്ത് മുതല്‍ പാതിരാത്രി വരെ അദാനി കണ്ണൂരില്‍ എവിടെയായിരുന്നു. അഭ്യൂഹങ്ങള്‍ പരക്കുന്നത് കറന്‍സിയുമായി വന്നു എന്നാണ്. കേന്ദ്രസര്‍ക്കാരും അന്വേഷണ ഏജന്‍സിയും അദാനി വന്നത് എന്തിനാണ് എന്നന്വേഷിക്കണം. അദാനിയുമായി ഉണ്ടാക്കിയ കരാറില്‍ പാരിതോഷികം മുഖ്യമന്ത്രിക്ക് നല്‍കാന്‍ വന്നുവെന്നാണ് കിട്ടിയ വാര്‍ത്ത, അത് സ്ഥിരീകരിക്കുന്നില്ല. ഈ ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രി തെളിയിക്കണം.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്

രണ്ടുദിവസം മുമ്പ്, അദാനി പ്രത്യേകവിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത് മുഖ്യമന്ത്രിയെ കാണാനാണോ. രണ്ടുദിവസം മുമ്പ് പിണറായി കണ്ണൂരില്‍ ഉള്ളപ്പോള്‍ അദാനിയും കുടുംബവും കണ്ണൂരിത്തിലെത്തിയ കാര്യം രഹസ്യാന്വേഷണവിഭാഗം മുഖ്യമന്ത്രിക്ക് മുന്‍കൂട്ടി വിവരം നല്‍കിയിരുന്നോ. ആരെല്ലാമായാണ് രഹസ്യകൂടിക്കാഴ്ച നടത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. അദാനിയുമായി വലിയ ആത്മബന്ധത്തിലാണ് മുഖ്യമന്ത്രി. അദാനിയുമായുള്ള കെ.എസ്.ഇ.ബി.യുടെ കരാറിലെ വ്യവസ്ഥകള്‍ പുറത്തുവിടണം. അദാനിയില്‍നിന്ന് 300 മെഗാവാട്ട് സോളാര്‍ വൈദ്യുതിയാണ് ഉയര്‍ന്ന നിരക്കില്‍ വാങ്ങുന്നത്.

അദാനിവിവാദത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി

എല്ലാ വൈദ്യൂത കരാറുകളും കെഎസ്ഇബി വെബ്സൈറ്റിലുണ്ട്. വൈദ്യൂതി മേഖലയില്‍ സ്വകാര്യവത്കരണം കോണ്‍ഗ്രസാണ് തുടങ്ങിവെച്ചത്. അത് പൂര്‍ത്തീകരിക്കുകയാണ് ബിജെപി ചെയ്യുന്നത്. കേരളം വൈദ്യൂതി രംഗത്ത് ഇക്കാലത്ത് നല്ല പുരോഗതി നേടിയിട്ടുണ്ട്. അത് തകര്‍ക്കാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും ഇല്ലാത്ത 5 വര്‍ഷമാണ്. അതില്‍ കുറച്ച് അസൂയ ഉണ്ടാവും. കുറച്ച് ദിവസം പവര്‍കട്ട് വന്നാല്‍ അവര്‍ക്ക് ആശ്വാസമായിരിക്കും. അതിന് വൈദ്യൂതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടത്. പ്രതിപക്ഷ നേതാവ് ഇതൊക്കെയാണോ ഉയര്‍ത്തേണ്ടത്. നേരത്തെ കരുതിയ ബോംബ് ഒന്ന് ഇതാണെങ്കില്‍ ഇതും ചീറ്റി പോയെന്നാണ് അനുഭവത്തില്‍ കാണാന്‍ കഴിഞ്ഞത്

Related Stories

No stories found.
logo
The Cue
www.thecue.in