എറണാകുളത്ത് പാളിയ അരിവാള്‍ പരീക്ഷണം 

 എറണാകുളത്ത് പാളിയ അരിവാള്‍ പരീക്ഷണം 

എറണാകുളം ലോകസഭ മണ്ഡലത്തിലെ ചരിത്രം തിരുത്താനായിരുന്നു സിപിഎമ്മിന്റെ ശ്രമം. എന്നാല്‍ പാര്‍ട്ടി ചിഹ്നം വിട്ട് സ്വതന്ത്രരിലൂടെ മാത്രമേ എറണാകുളം പിടിക്കാന്‍ കഴിയൂ എന്ന് ചരിത്രം തിരുത്താനുള്ള സി.പി.എം ശ്രമം പരാജയപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവിനെയായിരുന്നു പാര്‍ട്ടി ചുമതലയേല്‍പ്പിച്ചത്. എന്നാല്‍ ശക്തമായ യുഡിഎഫ് തരംഗത്തില്‍ രാജീവിന് അടിതെറ്റി.

പാര്‍ട്ടി ചിഹ്നത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി വിജയിച്ചത് 1967 തിരഞ്ഞെടുപ്പില്‍ മാത്രമാണ്. വി. വിശ്വനാഥമേനോനാണ് എറണാകുളം മണ്ഡലത്തില്‍ ആ ചുവപ്പ് ചരിത്രം എഴുതിച്ചേര്‍ത്തത്. മിക്ക തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രരിലൂടെ മണ്ഡലം പിടിക്കാനാണ് സി.പി.എം ശ്രമിച്ചിട്ടുള്ളത്. 18 തിരഞ്ഞെടുപ്പുകളില്‍ 13 തവണയും യു.ഡി.എഫാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്. വി.വിശ്വനാഥമനോന്‍, സേവ്യര്‍ അറയ്ക്കല്‍, സെബാസ്റ്റിയന്‍ പോള്‍ എന്നിവരാണ് യു.ഡി.എഫിന്റെ ഉറച്ച കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി ഇടത് എംപിമാരായത്.

1977 ല്‍ കെ.എന്‍ രവീന്ദ്രനാഥും 1991ല്‍ വി.വിശ്വനാഥമേനോനും പാര്‍ട്ടി ചിഹ്നത്തില്‍ പരാജയപ്പെട്ടതിന് ശേഷം അത്തരമൊരു ശ്രമം സി.പി.എം നടത്തിയത് 2009ലാണ്. എസ്.എഫ്.ഐ നേതാവായിരുന്ന സിന്ധു ജോയിയെ മത്സരിപ്പിച്ചു. ക്രിസ്ത്യന്‍ വോട്ടുകളില്‍ കൂടി കണ്ണ് നട്ടായിരുന്നു അത്തരമൊരു തീരുമാനം സി.പി.എം എടുത്തത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും തനിക്ക് പിന്തുണ ലഭിച്ചില്ലെന്നാണ് പിന്നീട് സിന്ധു ജോയി ഉയര്‍ത്തിയ ആരോപണം. സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പോലും എതിര്‍പ്പ് രൂക്ഷമായിരുന്നിട്ടും 11790 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ. വി തോമസ് വിജയിച്ചു.

1997ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് എറണാകുളം മണ്ഡലം സ്വതന്ത്രരെ വെച്ച് ഇടതുപക്ഷം പിടിച്ചത്. സെബാസ്റ്റ്യന്‍ പോളിലൂടെയായിരുന്നു അത്. 2003 ലെ ഉപതിരഞ്ഞെടുപ്പിലും സെബാസ്റ്റ്യന്‍പോള്‍ വിജയിച്ചു. 2004ലും മണ്ഡലം സെബാസ്റ്റിയന്‍പോള്‍ ഇടത്പക്ഷത്തോടൊപ്പം ചേര്‍ത്തു. 2009 മുതല്‍ കെ.വി തോമസ് യു.ഡി.എഫിന്റെ അകൗണ്ടിലേക്ക് മാറ്റി എറണാകുളത്തെ. മുന്‍രാഷ്ട്രപതി പ്രണബ്മുഖര്‍ജിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന ഗുജറാത്ത് കേഡര്‍ ഐ.എ.എസ് ഓഫീസര്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ 2014 ല്‍ പരീക്ഷിച്ചെങ്കിലും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞില്ല. മണ്ഡലത്തില്‍ അപരിചിതനായിരുന്നു എന്നതാണ് ക്രിസ്‌ററി ഫെര്‍ണാണ്ടസിന് തിരിച്ചടിയായത്. 87,047 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.വി തോമസ് ലോകസഭയിലെത്തിയത്.

ലത്തീന്‍ വിഭാഗത്തിന് നിര്‍ണ്ണായക ശക്തിയുള്ള മണ്ഡലമാണ് എറണാകുളം. ക്രിസ്ത്യന്‍ വോട്ടുകള്‍ പാര്‍ട്ടി ചിഹ്നത്തില്‍ വീഴില്ലെന്ന ചിന്തയാണ് സി.പി.എമ്മിനെ സ്വതന്ത്രര്‍ക്ക് പിന്നാലെ പോകാന്‍ പ്രേരിപ്പിച്ചിരുന്നത്. ജനകീയരല്ലാത്ത സ്വതന്ത്രരെ നിര്‍ത്തുന്നുവെന്ന പഴി അണികളില്‍ നിന്നും ഉയര്‍ന്നിരുന്നു.

Related Stories

The Cue
www.thecue.in