'പുട്ടും കടല'യുടെയും സ്ഥാനത്ത് കടലയും പുട്ടുമാവട്ടെ

'പുട്ടും കടല'യുടെയും സ്ഥാനത്ത് കടലയും പുട്ടുമാവട്ടെ

മലയാളിയുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിലൊന്നാണ് പുട്ടും കടലയും. പുട്ടും കടലയുമെന്നത് കടലയും പുട്ടുമായി മാറ്റണമെന്ന് പൊതുജനാരോഗ്യവിദഗ്ധന്‍ ഡോ.ബി.ഇക്ബാല്‍.

പുട്ടിനോടൊപ്പം കഴിക്കാറുള്ള കടല മാംസ്യത്തിന്റെ ചെലവ് കുറഞ്ഞ മികച്ച സ്രോതസ്സാണ്. അത് കൊണ്ട് പുട്ടിനേക്കാല്‍ മാംസ്യം അടങ്ങിയ കടല കൂടുതല്‍ കഴിക്കുകയെന്ന നിര്‍ദേശമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഡോ. ഇക്ബാല്‍ പങ്കുവയ്ക്കുന്നത്. എന്തുകൊണ്ട് പുട്ടിനെക്കാള്‍ കൂടുതല്‍ അളവില്‍ കടല കഴിക്കണമെന്നതും ഡോക്ടര്‍ വിശദീകരിക്കുന്നുണ്ട്.

ഡോ. ബി ഇക്ബാലിന്റെ ഫേസ്ബുക്ക് കുറിപ്പ്

നമ്മുടെ ഭക്ഷശീലങ്ങളിലുള്ള ഒരു പ്രധാന പ്രശ്‌നം കാര്‍ബോഹൈഡ്രേറ്റിന് (അന്നജം) അതായത് അരിയാഹാരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു എന്നതാണ്. ഉച്ചക്ക് ചോറ് പലപ്പോഴും ഒരു ചെറുകൂനയായിട്ടാണ് കഴിക്കുക. വിവാഹ സദ്യകളില്‍ ചോറ് ഒരു കൂമ്പാരമായി മാറാറുണ്ട്. അന്നജം ശരീരത്തിന് തീര്‍ച്ചയായും അവശ്യമാണ്. അതേപോലെ മാംസ്യവും (പ്രോട്ടീന്‍) കൊഴുപ്പും (ഫാറ്റ്) വേണ്ടവയാണ്. നമ്മള്‍ പൊതുവേ അമിതമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കഴിക്കാറ്. ഊര്‍ജ്ജാവശ്യത്തിനുള്ള കാര്‍ബോഹൈഡ്രേറ്റ് ശരീരം സ്വീകരിച്ച് കഴിഞ്ഞാല്‍ ബാക്കിവരുന്നത് കൊഴുപ്പാക്കി മാറ്റി പ്രധാനമായും വയറിലേക്ക് അടിയുന്നു. അതുകൊണ്ടാണ് കുടവയറുള്ളവര്‍ കൂടുതലായി കാണുന്നത് ഇങ്ങനെ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് പിന്നീട് ഹൃദയാഘാതത്തിനും മറ്റും കാരണമാവുന്നത്. അത് കൊണ്ട് കാര്‍ബോഹൈര്‍ഡ്രേറ്റ് കഴിവതും കുറച്ച് ഭക്ഷണത്തില്‍ മാംസ്യത്തിന്റെ അളവ് കൂട്ടാന്‍ ശ്രമിക്കേണ്ടതാണ്. പുട്ടിനോടൊപ്പം കഴിക്കാറുള്ള കടല മാംസ്യത്തിന്റെ ചെലവ് കുറഞ്ഞ മികച്ച സ്രോതസ്സാണ്. അത് കൊണ്ട് പുട്ടിനേക്കാല്‍ മാംസ്യം അടങ്ങിയ കടല കൂടുതല്‍ കഴിക്കുക.

അതേ പുട്ടും കടലയുടെയും സ്ഥാനത്ത് കടലയും പുട്ടുമാവട്ടെ നമ്മുടെ പ്രഭാതഭക്ഷണം.

Related Stories

No stories found.
logo
The Cue
www.thecue.in