സര്‍ക്കാര്‍ ദുരൂഹമായ ഉറക്കം നടിക്കുന്നു; ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോട് പ്രതിപക്ഷനേതാവിന്റെ അഞ്ച് ചോദ്യങ്ങള്‍
കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി നിലപാട് ആവര്‍ത്തിച്ചാല്‍ കൃഷിയിറക്കാനോ വീടുവയ്ക്കാനോ സാധിക്കാതെ പതിനായിരക്കണക്കിന് കുടുംബങ്ങളെ അത് പ്രതികൂലമായി ബാധിക്കും. എന്നിട്ടും എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യുന്നത്.
സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ബഫര്‍ സോണ്‍ വിഷയത്തെ ഇത്രയും അപകടാവസ്ഥയില്‍ എത്തിച്ചത്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം.
1. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാണെങ്കില്‍ 2019 ലെ മന്ത്രിസഭായോഗ തീരുമാനത്തെ തുടര്‍ന്ന് ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ രൂപീകരിക്കണമെന്ന ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിക്കും അയച്ചത് എന്തിന് വേണ്ടിയായിരുന്നു?
2. വിവാദ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത നിറഞ്ഞ രണ്ടാമത്തെ ഉത്തരവിറക്കിയത് ആരെ സഹായിക്കാനാണ്?
3. റവന്യു-തദ്ദേശ വകുപ്പുകളെ സഹകരിപ്പിച്ച് മാനുവല്‍ സര്‍വേ നടത്താന്‍ തയാറാകാതെ ഉപഗ്രഹ സര്‍വെ നടത്തി ദുരൂഹത സൃഷ്ടിച്ചത് എന്തിന് വേണ്ടിയായിരുന്നു?
4. അവ്യക്തതകള്‍ നിറഞ്ഞ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസത്തോളം പൂഴ്ത്തിവച്ചതെന്തിന്?
5. ഉപഗ്രഹ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയില്‍ നിന്ന് കേരള താല്‍പര്യത്തിന് വിരുദ്ധമായ തീരുമാനമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ?
ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താമെന്ന ഉത്തരവ് 2019 ല്‍ ഇറക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ നിന്നും കേരളത്തിന് തിരിച്ചടിയുണ്ടായത്. ആ വിധിയുണ്ടായിട്ടും കാര്യങ്ങള്‍ പഠിച്ചില്ല. മാനുവല്‍ സര്‍വെ നടത്തണമെന്നത് ഉള്‍പ്പെടെ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷം സമര്‍പ്പിച്ചിട്ടും അത് പരിഗണക്കാനോ യോഗം വിളിച്ചു ചേര്‍ക്കാനോ തയാറായില്ല.
ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയെയാണ് ഇപ്പോള്‍ എല്ലാ ചുമതലകളും ഏല്‍പ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ 30 ന് നിയോഗിച്ച സമിതി ചെയര്‍മാന്റെ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചുള്ള ഉത്തരവിറക്കിയത്, കാലാവധി അവസാനിക്കാന്‍ മൂന്നാഴ്ച ശേഷിക്കേ ഡിസംബര്‍ 16 നാണ്. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടും ഇടക്കാല റിപ്പോര്‍ട്ട് നല്‍കാത്തത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ അന്വേഷിച്ചോ? കാലാവധി മൂന്നു മാസം പൂര്‍ത്തിയാകുമ്പോള്‍ സമിതി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ അന്വേഷിച്ചോ? ഓഗസ്റ്റ് 29- ന് കിട്ടിയ ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തതാണെന്ന് മനസിലായിട്ടും മൂന്നരമാസത്തോളം ഒളിച്ചുവച്ചത് എന്തിനാണ്?
ജനവാസ കേന്ദ്രങ്ങളെയും ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തരുതെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ തീരുമാനത്തെ അട്ടിമറിക്കുന്നതാണ് 2019-ലെ മന്ത്രിസഭാ യോഗത്തെ തുടര്‍ന്നുണ്ടായ ഉത്തരവ്. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഉറങ്ങുകയോ അല്ലെങ്കില്‍ ദുരൂഹമായ ഉറക്കം നടിക്കുകയോ ചെയ്യുകയാണ്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണ്. ദുരൂഹത നിറഞ്ഞ നിരുത്തരവാദിത്തമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി നിലപാട് ആവര്‍ത്തിച്ചാല്‍ കൃഷിയിറക്കാനോ വീടുവയ്ക്കാനോ സാധിക്കാതെ പതിനായിരക്കണക്കിന് കുടുംബങ്ങളെ അത് പ്രതികൂലമായി ബാധിക്കും. എന്നിട്ടും എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യുന്നത്.
വനം മന്ത്രി സുപ്രീം കോടതി വിധി തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഉപഗ്രഹ സര്‍വെ വേണമെങ്കില്‍ നടത്താമെന്നാണ് ഉത്തരവില്‍ പറയുന്നത്. മാനുവല്‍ സര്‍വെ നടത്തണമെന്ന് പ്രതിപക്ഷം അന്നേ നിയമസഭയില്‍ പറഞ്ഞതാണ്. വിഷയത്തോട് ക്രിയാത്മകമായാണ് പ്രതിപക്ഷം പ്രതികരിച്ചത്. ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി ഡെപ്യൂട്ടി കളക്ടര്‍മാരെയും തഹസീല്‍ദാര്‍മാരെയും പഞ്ചായത്ത് സെക്രട്ടറിമാരെയും പ്രസിഡന്റുമാരെയും ഉള്‍പ്പെടുത്തി രണ്ടാഴ്ച കൊണ്ട് എല്ലാ ജില്ലകളിലും സര്‍വെ പൂര്‍ത്തിയാക്കാമായിരുന്നു.
പരമാവധി മൂന്നാഴ്ച കൊണ്ട് ചെയ്യാമായിരുന്ന സര്‍വെയാണ് സര്‍ക്കാര്‍ ഇത്രയും വൈകിപ്പിച്ചത്. ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് കിട്ടി മൂന്നര മാസം പൂഴ്ത്തി വച്ചിട്ടും മനുവല്‍ സര്‍വേയ്ക്ക് വേണ്ടിയുള്ള എന്തെങ്കിലും നടപടി സ്വീകരിച്ചോ? മാനുവല്‍ സര്‍വെ നടത്തുമെന്നാണ് മുഖ്യമന്ത്രി ഇന്നത്തെ യോഗത്തിലും പറയാന്‍ പോകുന്നത്. ഇത്രയും നിരുത്തരവാദിത്തപരമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനെ വടി കൊണ്ട് അടിയ്ക്കുകയല്ല, തലയ്ക്കടിക്കുകയാണ് വേണ്ടത്.
സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ദുരുദ്ദേശ്യമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന ജനകീയ വിഷയം ഉണ്ടായാല്‍ പ്രതിപക്ഷം മിണ്ടാതിരിക്കണോ? മാവിലായിക്കാരനാണെന്നു പറഞ്ഞ് പോകണോ? സമരത്തിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ അവരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. സമരം ചെയ്യുന്നവര്‍ തീവ്രവാദികളും മാവോയിസ്റ്റുകളുമാണെന്നാണ് വിഴിഞ്ഞത്തും 140 ദിവസവും പറഞ്ഞുകൊണ്ടിരുന്നത്. ബഫര്‍ സേണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കാട്ടിയ ഗുരുതരമായ അനാസ്ഥയ്ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ. ഒരു ചോദ്യത്തിനും സര്‍ക്കാരിന് ഉത്തരം പറയാനാകില്ല. വിഷയത്തില്‍ പ്രതിപക്ഷം സംവാദത്തിനും തയാറാണ്.