വിധേയപ്പെട്ടില്ലെങ്കില്‍ അടച്ചുപൂട്ടും, മീഡിയവണ്‍ വിലക്കിലൂടെ കേന്ദ്രസർക്കാർ മാധ്യമങ്ങളോട് പറയുന്നത്

adv syam devaraj

adv syam devaraj

Summary

വിയോജിക്കാനുള്ള അവകാശം കൂടി ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ജനാധിപത്യ രാജ്യം മുന്നോട്ട് വയ്ക്കുന്ന ഭരണഘടനയിലെ യുക്തിയെക്കാള്‍ ഋഗ്വേദ തത്വസംഹിതകള്‍ പരിഗണനാര്‍ഹമാകുന്ന കാലത്താണ് മാധ്യമ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നത്.

മീഡിയ വണ്‍ നിരോധനത്തെക്കുറിച്ച് കേരള സര്‍വകലാശാല നിയമ പഠനവകുപ്പില്‍ മാധ്യമ നിയമത്തില്‍ ഗവേഷകനായ ശ്യാം ദേവരാജ് എഴുതുന്നു

മലയാള വാര്‍ത്താ ചാനലായ മീഡിയ വണിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ഹൈക്കോടതി സംഗിള്‍ ബഞ്ച് ശരിവച്ചു. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബഞ്ച് ആണ് സംപ്രേഷണ വിലക്ക് ശരിവെച്ചത്. രാജ്യസുരക്ഷയെന്ന ഭരണഘടനാ നിയന്ത്രണം മുന്‍നിര്‍ത്തിയാണ് നടപടി. രാജ്യസുരക്ഷയിന്മേലുള്ള നടപടി, മാധ്യമ സ്വാതന്ത്ര്യം, സ്വാഭാവിക നീതിയുടെ ലംഘനം, ജീവിക്കാനുള്ള അവകാശം തുടങ്ങിയവയാണ് വിധിക്കാധാരമായി പരിഗണിക്കപ്പെട്ട നിയമ പ്രശ്‌നങ്ങള്‍.

മീഡിയ വണിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടി

മീഡിയ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സംപ്രേഷണ ലൈസന്‍സിന്റെ കാലാവധി അവസാനിച്ചത് 2021 സെപ്റ്റംബര്‍ 29ന്. പത്ത് വര്‍ഷത്തേക്കാണ് ആദ്യം നല്‍കിയ ലൈസന്‍സിന്റെ കാലപരിധി. ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2021 മെയ് മൂന്നിന് മാതൃ കമ്പനിയായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. സുരക്ഷാ തടസമില്ലെന്ന സാക്ഷ്യപത്രത്തിനായി കന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. എന്നാല്‍ മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് സുരക്ഷാ തടസമുണ്ടെന്നായിരുന്നു കേന്ദ്ര ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പ്രത്യേക സമിതിയെ ആഭ്യന്തര മന്ത്രാലയം നിയോഗിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് മീഡിയ വണ്‍ ചാനലിന് പ്രവര്‍ത്തന അനുമതി നല്‍കേണ്ടതില്ലെന്നാണ് സമിതി നല്‍കിയ ശുപാര്‍ശ. ഈ ശുപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. സുരക്ഷ സംബന്ധിച്ച നിരാക്ഷേപ അനുമതി തേടിയുള്ള മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ അപേക്ഷ മന്ത്രാലയം തള്ളി. ഇതോടെ ജനുവരി 31ന് ചാനല്‍ സംപ്രേഷണം നിര്‍ത്തി.

മീഡിയ വണ്‍ ഹൈക്കോടതിയില്‍

സംപ്രേഷണ വിലക്ക് ചോദ്യം ചെയ്ത് അന്നേ ദിവസംതന്നെ മീഡിയ വണ്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷനായ സേിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞു. മണിക്കൂറുകള്‍ക്കകം മീഡിയ വണ്‍ വീണ്ടും ഓണ്‍ എയറിലെത്തി. ആദ്യം രണ്ട് ദിവസത്തേക്കും പിന്നെ അന്തിമ ഉത്തരവ് വരുന്നത് വരെയും മാത്രമായിരുന്നു മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് ലഭിച്ച ആശ്വാസം. ഹര്‍ജിയില്‍ വാദം കേട്ട സിംഗിള്‍ ബഞ്ച് കേന്ദ്ര ഭരണകൂടത്തിന്റെ നടപടി ശരിവെച്ചു. അപ്പീല്‍ നല്‍കുംവരെ ചാനല്‍ സംപ്രേഷണം തുടരാനുള്ള മാധ്യമം അഭിഭാഷകന്റെ ആവശ്യം പോലും കോടതി അംഗീകരിച്ചില്ല. വിലക്കിനുള്ള സമയം ഒരുമണിക്കൂര്‍ പോലും നീട്ടാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഹര്‍ജിക്കാരുടെ വാദങ്ങള്‍

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍, റിപ്പോര്‍ട്ടര്‍ ഷബ്‌ന സിയാദ്, സ്ഥാപനത്തിലെ മറ്റ് ജീവനക്കാരായ കെ. പി. ഷറഫുദ്ദീന്‍, കെ. കെ. ബിജു, സനോജ് എം. പി. എന്നിവരും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനായ കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ അനുച്ഛേദങ്ങള്‍ 14, 19, 21 എന്നിവയുടെ ലംഘനമാണ് സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നാണ് ഹര്‍ജികളിലെ പ്രധാന വാദം.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി തികച്ചും ഏകപക്ഷീയവും നിയമ വിരുദ്ധവും ആലോചനകളില്ലാതെ സ്വീകരിച്ചതുമാണ്. എന്തുകൊണ്ട് ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല എന്നതില്‍ കൃത്യമായ അറിയിപ്പ് നല്‍കിയിട്ടില്ല. സ്ഥാപനത്തിന്റെ വിശദീകരണം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ നടപടി. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാഭാവി നീതിയുടെ ലംഘനമാണ്. തികച്ചും ധിക്കാരപരവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. നിയമ നിര്‍വ്വഹണ സംവിധാനമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അമിതാധികാര പ്രയോഗമാണ് നടപടി. കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ പരിഗണിക്കേണ്ട തര്‍ക്ക പരിഹാര സംവിധാനത്തെ ഭരണകൂടം ഉപയോഗിച്ചില്ല. വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നേരിട്ട് നടപടി സ്വീകരിക്കാന്‍ അധികാരമില്ല. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതുവരെയും ചാനല്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല എന്നുമാണ് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ നല്‍കിയ ഹര്‍ജികളിലെ ആക്ഷേപം.

320 ജീവനക്കാരുടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ നടപടി. സുരക്ഷാ നിരാക്ഷേപം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വസ്തുതാപരമല്ല. വിശദവും കൃത്യവുമായ എതിര്‍ ആക്ഷേപം ഉന്നയിക്കാതെ ലൈസന്‍സ് റദ്ദാക്കുന്നത് മാധ്യമ സ്വാതന്ത്യത്തിന് മേലുള്ള ഇടപെടലാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ് എന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനും ഹൈക്കോടതിയില്‍ ആക്ഷേപമുയര്‍ത്തി.

കേന്ദ്ര സര്‍ക്കാരിന്റെ തടസവാദങ്ങള്‍

സംപ്രേഷണ അവകാശം തടഞ്ഞ നടപടി രാജ്യസുരക്ഷ മുന്‍നിര്‍ത്തിയുള്ള തീരുമാനമാണ്. മാധ്യമ സ്വാതന്ത്ര്യം പരിപൂര്‍ണ്ണ മൗലികാവകാശമല്ലെന്ന് 1996ലെ ഹരിജൈ സിംഗ് കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിരുകളില്ലാത്ത അഭിപ്രായ സ്വാതന്ത്ര്യം എപ്പോഴും ആസ്വദിക്കാനാവില്ല. അത് നിയന്ത്രണമില്ലാത്ത അനുമതിയാണെന്ന് വ്യാഖ്യാനിക്കാനാവില്ല. യുക്തിപരമായ നിയന്ത്രണങ്ങള്‍ക്ക് അപ്പുറം പോയാല്‍ സമൂഹത്തില്‍ അരാജകത്വവും ക്രമസമാധാനവും സൃഷ്ടിക്കും. മാധ്യമ പ്രവര്‍ത്തകരിലാണ് ഉത്തരവാദിത്തം നിക്ഷിപ്തമായത്.

2014ലെ എക്‌സ് ആര്‍മിമെന്‍ പ്രൊട്ടക്ഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കേസിലും ഡിജി കേബിള്‍ നെറ്റ് വര്‍ക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് കേസിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സമാന നടപടി സുപ്രിംകോടതി ശരിവെച്ചു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ആദ്യ കേസിലെ നടപടി. ദേശീയ സുരക്ഷ വിഷയമായതിനാല്‍ സ്വാഭാവിക നീതീയെന്ന നിയമതത്വം പാലിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡിജി കേബിള്‍ നെറ്റ് വര്‍ക് കേസില്‍ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ രാജ്യസുരക്ഷ മുന്‍നിര്‍ത്തി ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. രാജ്യ സുരക്ഷ നിയമ പ്രശ്‌നമല്ലെന്നും സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും എന്ത് തീരുമാനം സ്വീകരിക്കണമെന്നത് നിയമ നിര്‍വഹണ സംവിധാനത്തില്‍ നിക്ഷിപ്തമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

സിംഗിള്‍ ബഞ്ചിന്റെ നിരീക്ഷണങ്ങള്‍

രാജ്യത്തെ ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം സംബന്ധിച്ച് 2011 ഡിസംബര്‍ അഞ്ചിന് കേന്ദ്ര വിവര - വാര്‍ത്താവിനിമയ മന്ത്രാലയം നയ മാര്‍ഗ്ഗ നിര്‍ദ്ദേശക രേഖകള്‍ പുറത്തിറക്കിയിട്ടുണ്ട്. സാറ്റലൈറ്റ് ചാനല്‍ ആരംഭിക്കുന്നതിനായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. യോഗ്യമാണെന്ന് കണ്ടാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ ക്ലിയറന്‍സിനായി നല്‍കും. സാറ്റലൈറ്റ് ഉപയോഗത്തിനായി സ്‌പേസ് വകുപ്പിനും അപേക്ഷ കൈമാറും. പത്ത് വര്‍ഷമാണ് ലൈസന്‍സ് കാലാവധി. അനുമതി പുതുക്കുന്നതിന് സുരക്ഷാ അനുമതി ഉള്‍പ്പടെ വീണ്ടും നേടണമെന്നുമാണ് നിയമമെന്നും അപ് ലിങ്ക്, ഡൗണ്‍ ലിങ്ക് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ്തുത നടപടിക്രമങ്ങള്‍ ബാധകമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് അംഗീകരിച്ചു.

ഭരണഘടനയുടെ അനുച്ഛേദം 19 (1) (എ) ഉറപ്പുനല്‍കുന്ന മാധ്യമ സ്വാതന്ത്ര്യം മൂല്യമേറിയതും പരിശുദ്ധവുമാണെന്നും അധുനിക ജനാധിപത്യ ലോകത്ത് മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണ്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം യുക്തിപരമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും ശരിയായ പരിഗണനയില്‍ വേണം യുക്തിപരമായ നിയന്ത്രണങ്ങള്‍ ഉപയോഗിക്കേണ്ടത്. മനോഹര്‍ ലാല്‍ കേസിലെ സുപ്രിംകോടതി നിരീക്ഷണങ്ങള്‍ സ്വകാര്യത സംബന്ധിച്ച കേസിലാണെന്നും ഹര്‍ജിക്കാരുടെ വാദം ഈ കേസില്‍ നിലനില്‍ക്കുന്നതല്ല. ദേശസുരക്ഷ പരിഗണനാ വിഷയമാകുമ്പോള്‍ മറുഭാഗം കേട്ടില്ലെന്നും സ്വാഭാവിക നീതി ലഭ്യമായില്ലെന്നുമുള്ള ഹര്‍ജിക്കാരുടെ വാദവും നിലനില്‍ക്കില്ലെന്നും സിംഗിള്‍ ബഞ്ച് വിധിയില്‍ വ്യക്തമാക്കുന്നു.

രാജ്യസുരക്ഷ വിഷയമായതിനാല്‍ കോടതികള്‍ക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്ന് എക്‌സ് ആര്‍മിമെന്‍ പ്രൊട്ടക്ഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കേസിലും ഡിജി കേബിള്‍ നെറ്റ് വര്‍ക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് കേസിലും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതികള്‍ക്ക് പരിമിതമായ ജോലി മാത്രമാണുള്ളതെന്നും കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ ശരിവെച്ച വിധിന്യായത്തില്‍ ഹൈക്കോടതി നിരീക്ഷിച്ചു.

ഋഗ്വേദ കാലഘട്ടത്തിലെ ഗ്രന്ഥമായ അത്രിസംഹിതയിലെ വരികള്‍ ഉദ്ധരിച്ചാണ് വിധിയെ സിംഗിള്‍ ബഞ്ച് സാധൂകരിച്ചത്. ദുഷ്ടന്മാര്‍ക്ക് ശിക്ഷയും സജ്ജനങ്ങള്‍ക്ക് നന്മയും ഖജനാവ് സംരക്ഷണവും എല്ലാവരോടും സമഭാവനയും രാജ്യ സംരക്ഷണവും പരിപാലിക്കാനുള്ള ചുമതല ഭരണകൂടത്തിനുണ്ടെന്നാണ് വരികളുടെ സാരാംശം. ദേശസുരക്ഷ പരമപ്രധാനവും അത് കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയുമാണ്. നിയമ നിര്‍വഹണ സംവിധാനത്തെ സഹായിക്കുകയാണ് നിയമ നിര്‍മ്മാണ സഭയുടെയും നീതിന്യായ സംവിധാനത്തിന്റെയും കടമയെന്നും കോടതി വ്യക്തമാക്കുന്നു. ദേശസുരക്ഷയെ ബാധിക്കുന്നതാണോ എന്ന് കോടതിക്ക് പരിശോധിക്കാം. അതിന്റെ കാരണം ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ ബന്ധപ്പെട്ട കക്ഷികളെ അറിയിക്കേണ്ടതില്ലെന്നും സുപ്രിംകോടതി എക്‌സ് ആര്‍മിമെന്‍ കേസില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സിംഗിള്‍ ബഞ്ച് വിധിന്യായത്തില്‍ പറയുന്നു.

1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക് റൂള്‍സിന്റെ ആറാം വകുപ്പിലാണ് പ്രോഗ്രാം കോഡ് സംബന്ധിച്ച നിര്‍വ്വചനം. ഏതെല്ലാം തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് ആറാം വകുപ്പില്‍ പറയുന്നു. അക്രമത്തിന് പ്രേരണ, ക്രമസമാധാന പ്രശ്‌നം, ദേശവിരുദ്ധ സ്വഭാവത്തിന് പ്രോത്സാഹനം തുടങ്ങിയ വാര്‍ത്താ ഉള്ളടക്കം വിലക്കുന്നതാണ് പ്രോഗ്രാം കോഡ്. അതിനുസരിച്ച് സ്വീകരിച്ച നടപടി നിലനില്‍ക്കുന്നതാണെന്നും അപ്പീല്‍ സമയം വരെ വിധി നടപ്പാക്കുന്നത് തടയാനാവില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി.

ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ഒപ്പം നില്‍ക്കാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താനും അതിന് തയ്യാറായില്ലെങ്കില്‍ അടച്ചുപൂട്ടാനുമാണ് ഭരണകൂടത്തിന്റെ ശ്രമം

ലൈസന്‍സ് നിഷേധം രണ്ടാം തവണ

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് രണ്ട് ദൃശ്യമാധ്യമങ്ങള്‍ക്ക് നേരത്തെ ലൈസന്‍സ് നേടിയിരുന്നു. 2011ല്‍ മീഡിയ വണ്‍ വാര്‍ത്താ ചാനലിനും 2015ല്‍ മീഡിയ വണ്‍ ലൈഫ് എന്ന മറ്റൊരു ചാനലിനും. 2019ല്‍ മീഡിയ വണ്‍ ലൈഫ് ചാനലിന്റെ ലൈസന്‍സ് പുതുക്കാന്‍ നല്‍കിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. 2019 സെപ്തംബര്‍ 11നാണ് മീഡിയ വണ്‍ ലൈഫിന്റെ ലൈസന്‍സ് കേന്ദ്രം റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു സംപ്രേഷണ അനുമതി നിഷേധം. മീഡിയ വണ്‍ ലൈഫ് ചാനല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സ്ഥാപനത്തിനും താല്‍പര്യമുണ്ടായിരുന്നില്ല. ആയതിനാല്‍ നടപടി ചോദ്യം ചെയ്യാനോ നിയമ നടപടിയുമായി മുന്നോട്ട് പോകാനോ മാതൃസ്ഥാപനമായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് തയ്യാറായില്ല.

മീഡിയ വണ്‍ ഓഫ് എയര്‍ - ആദ്യ നടപടി

കേന്ദ്രസര്‍ക്കാര്‍ നടപടി മീഡിയ വണ്‍ നേരിടുന്നത് രണ്ടാം തവണ. 2020 ഫെബ്രുവരി 28ലെ ഡല്‍ഹി കലാപം സംബന്ധിച്ച 'ഏകപക്ഷീയ' റിപ്പോര്‍ട്ടിംഗ് ചൂണ്ടിക്കാട്ടി 2021 മാര്‍ച്ച് ആറിനാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണിനും 48 മണിക്കൂര്‍ നേരത്തേക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. വ്യാപക പ്രതിഷേധവും ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ മാപ്പപേക്ഷയും കണക്കിലെടുത്ത് 24-ാം മണിക്കൂറില്‍ കേന്ദ്രം വിലക്ക് നീക്കി. രണ്ട് ന്യൂസ് ചാനലുകളും വീണ്ടും ഓണ്‍ എയറിലായി. ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി തെറ്റായിരുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അന്ന് നല്‍കിയ വിശദീകരണം.

2014ലെ എക്‌സ് ആര്‍മിമെന്‍ പ്രൊട്ടക്ഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കേസിലും ഡിജി കേബിള്‍ നെറ്റ് വര്‍ക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് കേസിലും കേന്ദ്ര സര്‍ക്കാര്‍ സമാന നടപടി സ്വീകരിച്ചു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് എക്‌സ് ആര്‍മി മെന്‍ കേസിലെ നടപടി. വിമാനത്താവള സുരക്ഷയുമായി ബന്ധപ്പെട്ട കേസാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ദേശീയ സുരക്ഷ സംബന്ധിച്ച വിഷയമായതിനാല്‍ സ്വാഭാവിക നീതീയെന്ന നിയമതത്വം പാലിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡിജി കേബിള്‍ നെറ്റ് വര്‍ക് കേസില്‍ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ രാജ്യസുരക്ഷ മുന്‍നിര്‍ത്തി ലൈസന്‍സ് റദ്ദാക്കി. ഈ നടപടിയും കോടതി ശരിവച്ചു.

വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കാന്‍ ഒരിടത്ത് ശ്രമം തുടരുമ്പോള്‍ മറുവശത്ത് ഒരുകൂട്ടം മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശബ്ദമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മീഡിയവണ്‍ സംപ്രേഷണ വിലക്കും മാധ്യമ സ്വാതന്ത്ര്യവും

ഏകപക്ഷീയ നടപടിയാണ് രാജ്യസുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. മുദ്രവച്ച കവറില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന രേഖകളെ കണ്ണുംപൂട്ടി അംഗീകരിക്കുന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല. ദുരൂഹമായി സ്വീകരിക്കേണ്ടതല്ല ശിക്ഷാ നടപടികള്‍. കടുത്ത തെറ്റ് രാജ്യത്തോട് ചെയ്തവര്‍ക്ക് നേരെ എന്തുകൊണ്ട് ഇത്രയുംകാലം നടപടി വൈകിയെന്ന ചോദ്യം മുന്നിലുണ്ട്. ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ വരുംവരെ എന്തിന് കാത്തിരുന്നു, ഇതേ നടപടി അതിന് മുന്‍പും സ്വീകരിക്കാമായിരുന്നു. അതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനുണ്ട്.

രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ അംഗീകരിക്കുന്നതാണ് ഹൈക്കോടതി വിധി. എന്നാല്‍ രാജ്യസുരക്ഷ എന്ന വാദമുയര്‍ത്തിയാല്‍ കേന്ദ്ര സര്‍ക്കാരിന് എല്ലാത്തവണയും അനായാസം കടന്നുപോകാമെന്ന് അര്‍ത്ഥമില്ലെന്നും ദേശസുരക്ഷ എന്ന ഒറ്റക്കാരണത്താല്‍ ജുഡീഷ്യറി നിശബ്ദമാകില്ലെന്നും പൗരന്റെ സ്വകാര്യത സംബന്ധിച്ച കേസില്‍ സുപ്രിംകോടതി നിരീക്ഷിച്ചിട്ടുണ്ട്. യുക്തിപരമായ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി യുക്തിപരമാണോയെന്ന് പരിശോധിക്കണം. നടപടി യുക്തിപരവും നീതി ഉറപ്പുവരുത്തുന്നതുമാകണമെന്നാണ്. ജുഡീഷ്യറിക്ക് ആരോടാണ് ബാധ്യതയെന്ന വിമര്‍ശനാത്മക ചോദ്യത്തിന്, നീതിന്യായ വ്യവസ്ഥയ്ക്ക് ബാധ്യത കേന്ദ്ര സര്‍ക്കാരിനോടല്ല, ഭരണഘടനയോടും രാജ്യത്തെ ജനങ്ങളോടുമാണെന്ന് ആശയവ്യക്തത വരുത്തിയിട്ടുണ്ട്.

വിയോജിക്കാനുള്ള അവകാശം കൂടി ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ജനാധിപത്യ രാജ്യം മുന്നോട്ട് വയ്ക്കുന്ന ഭരണഘടനയിലെ യുക്തിയെക്കാള്‍ ഋഗ്വേദ തത്വസംഹിതകള്‍ പരിഗണനാര്‍ഹമാകുന്ന കാലത്താണ് മാധ്യമ സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നത്. രാജ്യസുരക്ഷയുടെ ഖഡ്ഗമുപയോഗിച്ച് മാധ്യമ സ്വാതന്ത്ര്യത്തെ നേരിടാനാണ് ശ്രമം. മൗലികാവകാശങ്ങള്‍ക്ക് ജീവനും കൂടുതല്‍ കരുത്തും അന്തസത്തയും നല്‍കുന്ന രീതിയില്‍ മാധ്യമ സ്വാതന്ത്ര്യത്തെയും യുക്തിപരമായ നിയന്ത്രണങ്ങളെയും വ്യാഖ്യാനിക്കാമായിരുന്നു.

മൗലികാവകാശമായ അഭിപ്രായ - ആവിഷ്‌കാര സ്വാതന്ത്ര്യം പരിപൂര്‍ണ്ണമല്ല. എന്നാല്‍ ഏകപക്ഷീയ നടപടിയിലൂടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ മൗലികാവകാശ നിഷേധം. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ഒപ്പം നില്‍ക്കാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താനും അതിന് തയ്യാറായില്ലെങ്കില്‍ അടച്ചുപൂട്ടാനുമാണ് ഭരണകൂടത്തിന്റെ ശ്രമം. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് എതിരെ മാത്രം മൂന്നാമത്തെ നടപടിയാണിത്. ഒരു മാധ്യമത്തിനെതിരെ സ്വീകരിക്കുന്ന നടപടി മറ്റ് മാധ്യമങ്ങള്‍ക്ക് നേരെകൂടി ഉയരുന്ന ഭീഷണിയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ മുന്‍ നിലപാടുകള്‍ അക്കാര്യം ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുന്നു.

പ്രാദേശിക മാധ്യമങ്ങള്‍ക്കെതിരെ മാത്രമല്ല, ദേശീയ തലത്തിലും മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. തന്ത്രപ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന് ആരോപിച്ച് 2016ല്‍ ദേശീയ വാര്‍ത്താ ചാനലായ എന്‍ഡിടിവിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുദിവസത്തെ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്ന ആക്ഷേപമുയര്‍ത്തി പ്രതിഷേധം കനത്തപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനുമെതിരായ 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക് പിന്‍വലിച്ചത്.

വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ നിശബ്ദരാക്കാന്‍ ഒരിടത്ത് ശ്രമം തുടരുമ്പോള്‍ മറുവശത്ത് ഒരുകൂട്ടം മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശബ്ദമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിന്റെ ഊര്‍ജ്ജിത പ്രവര്‍ത്തനത്തിന് മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് ഏറ്റവുമൊടുവില്‍ 2021ലെ അനുരാധ ബാസിന്‍ കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ് എക്കാലവും പരമോന്നത നീതിപീഠം സ്വീകരിച്ച നിലപാട്.

Related Stories

No stories found.
logo
The Cue
www.thecue.in