'കൊന്നുകളയും സൂക്ഷിക്കണമെന്ന്' അച്ഛനോട് പറഞ്ഞു, 1921 വാരിയംകുന്നത്തിന്റെ സിനിമയല്ല; ദീദി ദാമോദരന്‍

'കൊന്നുകളയും സൂക്ഷിക്കണമെന്ന്' അച്ഛനോട് പറഞ്ഞു, 1921 വാരിയംകുന്നത്തിന്റെ സിനിമയല്ല; ദീദി ദാമോദരന്‍
Summary

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി വാരിയംകുന്നന്‍ എന്ന പേരില്‍ ആഷിക് അബു സിനിമയായി പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുകളും വിവാദങ്ങളും കൊഴുക്കുകയാണ്. ബിജെപിയും സംഘപരിവാറും പരസ്യമായ പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. 1921ലെ മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷത്തില്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണായകമായ ആ ചെറുത്ത്‌നില്‍പ്പ് പ്രമേയമാകുന്ന സിനിമ വരുമ്പോള്‍ ടി.ദാമോദരന്‍ മാസ്റ്ററുടെ രചനയില്‍ ഐ.വി ശശി സംവിധാനം ചെയ്ത 1921 എന്ന സിനിമ കൂടി ചര്‍ച്ചയാവുകയാണ്. 1921 മുന്നോട്ട് വച്ച രാഷ്ട്രീയത്തെക്കുറിച്ചും സിനിമ നേരിട്ട വിമര്‍ശനത്തെക്കുറിച്ചും രചനാ വേളയില്‍ ടി ദാമോദരന്‍ നേരിട്ട ഭീഷണികളെക്കുറിച്ചും മകളും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്‍ സംസാരിക്കുന്നു.

1921 എന്ന സിനിമ ആലോചിക്കുന്ന ഘട്ടത്തില്‍ ടി ദാമോദരനെ പിന്തിരിപ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നുവെന്ന് ദീദി ദാമോദരന്‍. കൊല്ലപ്പെട്ടേക്കാം സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. വാണിജ്യസിനിമയുടെ അകന്ന് നിന്ന് ചരിത്രത്തോട് നീതി പുലര്‍ത്തിയ ചിത്രവുമാണ് 1921 എന്ന് ദീദി.

പുറംലോകത്തെത്താത്ത ഭീഷണികളും എതിര്‍പ്പുകളും

1921 സിനിമയുടെ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ വലിയ വാദപ്രതിവാദം നടന്നിരുന്നു. ഇപ്പോള്‍ നടക്കുന്ന എതിര്‍പ്പുകളും വിവാദങ്ങളുമൊന്നും പുതിയതല്ല. സോഷ്യല്‍മീഡിയ ഇല്ലായിരുന്നതിനാല്‍ അന്നത്തെ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞില്ലെന്ന് മാത്രം. ഭീഷണികള്‍ അന്നും ഉണ്ടായിരുന്നു. ഐവി ശശിയും ടി ദാമോദരനും ചരിത്രത്തെക്കുറിച്ച് പറയാന്‍ പറ്റുന്നവരല്ല എന്ന രീതിയില്‍ വരെ ചര്‍ച്ചകള്‍ ഉണ്ടായി. ചരിത്രത്തിനോട് നീതികേട് കാണിക്കും. പക്ഷപാതിത്വമുണ്ടാകും.

സിനിമ വരുന്നതിന് മുമ്പേ മുന്‍ധാരണകളോടെ ചര്‍ച്ചകള്‍ ഉണ്ടായി. സിനിമ പുറത്തിറങ്ങിയതോടെ ആലി മുസ്ലിയാരുടെ ഭാഷയെക്കുറിച്ചായി ചര്‍ച്ച. സിനിമ ഇറങ്ങുന്നതിന് മുമ്പുള്ള പ്രശ്നങ്ങളെല്ലാം അപ്പോഴേക്കും കെട്ടടങ്ങിയിരുന്നു. വളരെ കൃത്യമായി ബാലന്‍സ് ചെയ്താണ് സിനിമയെടുത്തത്. എല്ലാവരുടെയും ഭാഗം ആ സിനിമ പറഞ്ഞു. പിന്നീട് ഒരു ആര്‍എസ്എസുകാര്‍ക്കോ മുസ്ലിം സംഘടനകള്‍ക്കോ നിഷ്പക്ഷരായവര്‍ക്കോ കുറ്റം പറയാനോ വിവാദമുണ്ടാക്കാനോ ഒന്നും 1921ല്‍ ഉണ്ടായില്ല. എല്ലാം ശാന്തമായിരുന്നു.

സിനിമാ ചര്‍ച്ച നടക്കുമ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളും ബന്ധുക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊന്നുകളയും സൂക്ഷിക്കണമെന്ന്. മണ്ണില്‍ മുഹമ്മദ് എന്ന ആളാണ് സിനിമയ്ക്ക് പണമിറക്കുന്നതെന്നും അയാള്‍ക്ക് ലക്ഷ്യങ്ങളുണ്ടാകുമെന്നും പറഞ്ഞിരുന്നു. ഇന്നത്തെപോലെ തുറന്ന ഭീഷണികളായിരുന്നില്ല അന്ന്. കത്തുകളായി എഴുതി കൊടുത്തിരിക്കാം. മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യില്ല. അതുകൊണ്ട് നാട്ടുകാര്‍ അറിഞ്ഞതുമില്ല. മനുഷ്യര്‍ ഇപ്പോള്‍ മാറിപ്പോയി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. അന്നത്തെ പോലെ തന്നെയാണ് ഇന്നും. ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ വേദികളുണ്ടെന്നത് മാത്രമാണ് വ്യത്യാസം.

1921 ലൊക്കേഷനില്‍ ടി ദാമോദരന്‍
1921 ലൊക്കേഷനില്‍ ടി ദാമോദരന്‍കടപ്പാട് : നാനാ

1921 വാരിയംകുന്നന്റെ സിനിമയല്ല

1921 എന്ന സിനിമയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വ്യക്തിയെ അടിസ്ഥാനമാക്കിയ സിനിമയായിരുന്നില്ല. ഹിസ്റ്റോറിക്കല്‍ ഡ്രാമയായിരുന്നു. ടൈറ്റാനിക്ക് പോലൊരു സിനിമയിലെ മുഖ്യകഥാപാത്രങ്ങളായി വന്നവര്‍ ആ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ മുങ്ങിമരിച്ചത് വേറെ ആളുകളാണെന്നും പറയുന്നത് പോലെയാണ് മറിച്ചുള്ള വാദം. ടൈറ്റാനിക് ഒരു വാണിജ്യ ഹിറ്റ് ചിത്രമാണ്. അതില്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാതിരുന്ന രണ്ട് കഥാപാത്രങ്ങളുിലൂടെ കഥ പറയുകയാണ്. അതുപോലെ തന്നെയാണ് 1921നെയും കാണേണ്ടത്. ടി ദാമോദരന് ചരിത്രത്തോട് കൂടുതല്‍ താല്‍പര്യമുള്ളത് കൊണ്ട് അതിനോട് നീതിപുലര്‍ത്തി. മമ്മൂട്ടിയെന്ന സൂപ്പര്‍സ്റ്റാറിനെ വെച്ച് ധാരാളം പണം ചെലവഴിച്ച് ഉണ്ടാക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അത്. അത്തരം ഒരുപാട് ഘടകങ്ങളുണ്ടായിട്ടും ഇതുപോലൊരു സിനിമ ഒരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ് ഞാന്‍ അതില്‍ കാണുന്ന പ്രത്യേകത. ഇവര്‍ ഡോക്യമെന്ററി ഉണ്ടാക്കുന്നവരായിരുന്നില്ലല്ലോ. അവരത് അവകാശപ്പെട്ടിട്ടുമില്ല. കെ കേളപ്പനെ അവതരിപ്പിച്ചത് ചെറിയൊരു നടനാണ്, ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശം മാത്രം എന്നൊക്കെ പറയുന്നത് പോലെ തന്നെയാണ് 1921ല്‍ വാരിയംകുന്നത്തിനെ അപ്രധാന കഥാപാത്രമാക്കി എന്ന് പറയതും.

1921
1921

നിരൂപകര്‍ ചര്‍ച്ച ചെയ്യാന്‍ മടിച്ച 1921

1921 എന്ന സിനിമയുടെ പുനര്‍വായനയ്ക്ക് ഇപ്പോളത്തെ സാഹചര്യത്തില്‍ സാധ്യതയില്ല. ഐവി ശശി- ടി ദാമോദരന്‍ സിനിമകള്‍ അങ്ങനെ വായിക്കാന്‍ നിരൂപകര്‍ക്ക് താല്‍പര്യവും ഉണ്ടായിരുന്നില്ല. അവരുടെ സിനിമകള്‍ക്ക് നേരെ തെറിവിളിക്കാന്‍ മാത്രമാണ് അന്നും ഇന്നും താല്‍പര്യം. വരേണ്യതയ്ക്ക് യോജിച്ചതല്ല ഇവരുടെ സിനിമകള്‍. ആ കഥാപാത്രത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കിയേക്കാം. 1921 സിനിമയുടെ പക്ഷം ചേരല്‍ വ്യക്തമായിരുന്നു. വാണിജ്യസിനിമയുടെ അകത്ത് നിന്ന് ചരിത്രത്തോട് നീതി കാണിക്കാവുന്നതിന്റെ പരമാവധി ആ സിനിമ ചെയ്തിട്ടുണ്ട്. അത്രയേറെ ജീവിതം ആ സിനിമയ്ക്ക് പറയാനുണ്ടായിരുന്നു. അതിലെ ഏതെങ്കിലും കഥാപാത്രം ഏതെങ്കിലും പക്ഷത്ത് നിന്നിരുന്നെങ്കില്‍ അതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി മാറുമായിരുന്നു. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍ നിന്ന് നോക്കുമ്പോള്‍.

രാഷ്ട്രീയത്തിന് ആ സിനിമയില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. മാപ്പിള ലഹളയെന്നാണോ, കലാപമെന്നാണോ എന്നാണോ വിളിക്കപ്പെടേണ്ടത് എന്നായിരുന്നു അന്നത്തെ പ്രശ്നം. അത് ഒരു രാഷ്ട്രീയ നിലപാട് തന്നെയായിരുന്നു. ആ സിനിമയെക്കുറിച്ച് അത്തരത്തില്‍ ഇപ്പോള്‍ പോലും നിരൂപകര്‍ പറയാന്‍ ഇടയില്ല. പാവം മമ്മൂട്ടി ഫാന്‍സോ അങ്ങനെയുള്ള കുറച്ച് മനുഷ്യരോ മാത്രമാണ് 1921 ചര്‍ച്ച ചെയ്യുന്നത്. നിരൂപകര്‍ക്ക് 1921 എന്ന സിനിമ പഠിക്കപ്പെടേണ്ട ഒന്നാണെന്ന് തോന്നിയിട്ടില്ല. അങ്ങനെയുള്ള ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല ഇനി നടക്കാനും സാധ്യതയില്ല.

ആഷിക് അബു മാത്രമല്ല അലി അക്ബറും ചെയ്യട്ടേ

ചരിത്രം എന്നത് ഒബ്ജക്ടീവായ കാര്യമാണെന്ന ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആളുകള്‍ പറയുന്നതാണ് ചരിത്രം. ആദ്യത്തെ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാര്‍ ശിപായി ലഹള എന്നാണ് വിളിച്ചത്. ജാതി എന്നത് അന്നും ഇന്നും ഉണ്ട്. ഓരോ സിനിമയുടെ പിറകിലുള്ളവര്‍ക്കും ഓരോ താല്‍പര്യമുണ്ടാകും. ഒരു സിനിമ സൂപ്പര്‍ ഹിറ്റായാലും തിരക്കഥാകൃത്തിന് കൂടുതല്‍ പണം ലഭിക്കില്ല. ടി ദാമോദരന് ആ സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെതായ താല്‍പര്യം ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പുറത്തെത്തിക്കാനുള്ള മികച്ച മാധ്യമമായാണ് സിനിമയെ ടി ദാമോദരന്‍ കണ്ടത്. ചരിത്രത്തിലെ ഇത്തരം ചില ശബ്ദങ്ങള്‍ കൂടി പുറത്തെത്തണമെന്ന് കരുതിയിട്ടുണ്ടാകണം. നിര്‍മ്മാതാവ് വലിയൊരു ഹിറ്റ് കിട്ടാന്‍ ആഗ്രഹിച്ചിട്ടുണ്ടാകും. ഐവി ശശിക്ക് ചരിത്രത്തില്‍ വലിയ താല്‍പര്യമില്ലായിരുന്നുവെങ്കിലും സൂപ്പര്‍ഹിറ്റുകള്‍ക്ക് തുടര്‍ച്ചയുണ്ടാക്കുകയെന്നതായിരിക്കാം ലക്ഷ്യം.

ഒരു ചരിത്രസംഭവത്തിന് മേല്‍ എല്ലാവര്‍ക്കും സിനിമ ചെയ്യാന്‍ കഴിയുക എന്നതാണ് ജനാധിപത്യം. ആഷിക് അബുവിന്റെ സിനിമയെ പോലെ തന്നെയാണ് അലി അക്ബറിന്റെ സിനിമയോടുമുള്ള സമീപനത്തെയും കാണേണ്ടത്. രണ്ട് പേരുടെ സിനിമയോടും അസഹിഷ്ണുത കാണിക്കുന്നതിനെ ഒരുപോലെ കാണണം. രണ്ടും വരട്ടെ. ചിലര്‍ക്ക് നായകനായ ആള്‍ മറ്റേ ആള്‍ക്ക് പ്രതിനായകനായി തോന്നാം. അലി അക്ബര്‍ സിനിമയെടുക്കരുതെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല.

'കൊന്നുകളയും സൂക്ഷിക്കണമെന്ന്' അച്ഛനോട് പറഞ്ഞു, 1921 വാരിയംകുന്നത്തിന്റെ സിനിമയല്ല; ദീദി ദാമോദരന്‍
ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അദ്ദേഹം ഹിന്ദു വിരുദ്ധനോ ? 
ടി ദാമോദരനൊപ്പം ദീദി ദാമോദരന്‍
ടി ദാമോദരനൊപ്പം ദീദി ദാമോദരന്‍

ചരിത്രം വളച്ചൊടിച്ചു എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. ചരിത്രം നിഷ്പക്ഷമല്ല. അതത് കാലത്തിന്റെ താല്‍പര്യങ്ങളാണ് ചരിത്രത്തിലുള്ളത്. ചരിത്രത്തില്‍ തിയ്യതികളും കഥാപാത്രങ്ങളും മാത്രമാണ് സത്യം. ചരിത്രത്തിന്റെ പുനര്‍വായന എംടി ചെയ്യുമ്പോള്‍ മാത്രം വളരെ പ്രശംസിക്കുകയും മറ്റുള്ളവരാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് ശരിയല്ല. അത്രയൊക്കെ പ്രായപൂര്‍ത്തി മലയാളി കാണിക്കണം. വാരിയംകുന്നത്തിനെ കുറിച്ച് പല സിനിമകള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കണം. ഗാന്ധിജിക്കെതിരെ മുമ്പ് പറയാന്‍ സമ്മതിക്കില്ലായിരുന്നു. നാഥുറാം ഗോഡ്‌സെ പറഞ്ഞത് കൂടി കേട്ടിട്ടല്ലേ നമ്മള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് തീരുമാനിക്കേണ്ടത്. സെന്‍സറിംഗ് മുതിര്‍ന്ന ഒരു സമൂഹം വെച്ച് പുലര്‍ത്തേണ്ടതല്ല.

'കൊന്നുകളയും സൂക്ഷിക്കണമെന്ന്' അച്ഛനോട് പറഞ്ഞു, 1921 വാരിയംകുന്നത്തിന്റെ സിനിമയല്ല; ദീദി ദാമോദരന്‍
വാരിയംകുന്നത്ത് ഹിന്ദുവിരുദ്ധനല്ല, ബ്രിട്ടീഷുകാര്‍ക്കെതിരെ നിലകൊണ്ട പോരാളി: എംജിഎസ് നാരായണന്‍

Related Stories

No stories found.
logo
The Cue
www.thecue.in