പന്തിഭോജനത്തിൽനിന്നു ആഹാരശത്രുതയിലേക്ക്?

പന്തിഭോജനത്തിൽനിന്നു ആഹാരശത്രുതയിലേക്ക്?
Summary

സംസ്കാരം, ചരിത്രം, ധാർമികത എന്നിവയെ മുൻനിർത്തി സി ടി അബ്ദുറഹീമുമായി ഒരു സംഭാഷണം

അപ്പുറത്തെ വീട്ടിൽ എല്ലാം തല തിരിച്ചാണ് നടക്കുന്നത്, അവിടെ ഉള്ളവരെല്ലാം വിചിത്രരായ മനുഷ്യരാണ് എന്ന് ഇപ്പുറത്തെ വീട്ടുകാർ പരസ്പരം പറയുന്നതിനെപ്പറ്റി അമിതാവ് ഘോഷിന്റെ നിഴൽരേഖകൾ (The Shadowlines) എന്ന നോവലിൽ പറയുന്നുണ്ട്. മറ്റു സമുദായങ്ങളിൽ ഉള്ളവരുടെ വൃത്തിഹീനതയെപ്പറ്റിയും വൈചിത്ര്യങ്ങളെപ്പറ്റിയും ഓരോ സമുദായത്തേയും വീടുകളിൽ എന്നും അടക്കം പറച്ചിൽ ഉണ്ടായിരുന്നു. സാമൂഹികമായി അന്ന് അകന്നു നിന്നിരുന്ന സമുദായങ്ങളെ പരസ്പരം ഇടപഴകാതെ അകറ്റിത്തന്നെ നിർത്തുവാൻ ഇത്തരം കഥ പറച്ചിലുകൾ എല്ലാവര്ക്കും ആവശ്യവുമായിരുന്നു. ഈ മുൻവിധികളെ ആശയപരമായി മാത്രമല്ല, ശരീരത്തിന്റെ ശീലം എന്നരീതിയിൽ തന്നെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമായതിനാൽ ആണ് പന്തിഭോജനം കേരളത്തിലെ ജാതിവിരുദ്ധപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയാവതരണത്തിൽ ഒരു പ്രധാന ഇനം ആയത്.

സാമാന്യജീവിതത്തിൽ ആചാരപരമായ കെട്ടുപാടുകൾ വിട്ടുതുടങ്ങിയത് മലയാളി പുറത്തിറങ്ങാനും ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കാനും പുറംദേശങ്ങളിലേക്കു യാത്ര ചെയ്യാനും തുടങ്ങിയതോടെയാണ്. ആളുകളുടെ സാമുദായികത എന്തുമാവട്ടെ, വിഭവത്തിന്‍റെ ചരിത്രവേരുകൾ ഏതുമാവട്ടെ, മലയാളിക്ക് പൊതുഭക്ഷണശീലം കഴിഞ്ഞ നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട് എന്നു പറയാം.

ഈ സാഹചര്യത്തിലാണ് ഹലാൽ-നോൺ ഹലാൽ ഭക്ഷണങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ കേരളത്തിലെ സമൂഹമാധ്യമങ്ങളിൽ പടർന്നുപിടിക്കുന്നത്. പ്രചാരണങ്ങൾ അയൽപക്ക ബന്ധങ്ങളെയും സ്വച്ഛന്ദജീവിതത്തെയും ബാധിക്കുന്ന രീതിയിലേക്കു മാറിക്കൊണ്ടിരിക്കുന്നു. മുൻകാല രാഷ്ട്രീയനേതൃത്വം സാമുദായികആന്ധ്യങ്ങളിൽ നിന്ന് ജനങ്ങളെ പുറത്തു കടത്താന്‍ ശ്രമിച്ചുവെങ്കിൽ ഇന്നത്തെ ചില നേതാക്കൾ ഭീതിയും അരക്ഷിതാവസ്ഥയും വളർത്തി അധികാരം നേടാൻ ശ്രമിക്കുന്നു എന്ന ഒരു പ്രധാന വ്യത്യാസം ഉണ്ട്.

ഈ വിഷയത്തിൽ ദയാപുരം വിദ്യാഭ്യാ-സാംസ്കാരിക കേന്ദ്രത്തിന്റെ പേട്രണും എഴുത്തുകാരനുമായ സി ടി അബ്ദുറഹീമുമായി എന്‍.പി ആഷ്‌ലി നടത്തിയ സംഭാഷണം.

Q

മലയാളികളെ പരസ്പരം ഭയപ്പെടുത്തിയും വെറുപ്പു പടർത്തിയും അകറ്റാൻ ചിലർ കാരണമന്വേഷിച്ചു നടക്കുന്ന പ്രവണത ഏറിവരുന്നു ണ്ട്. അതിൽ പുതിയതാണ് ഇപ്പോഴത്തെ ഹലാൽ- നോൺ ഹലാൽ തർക്കം. ഈ സാഹചര്യത്തിൽ എന്താണ് ഹലാൽ എന്നു മനസ്സിലാക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. എങ്ങനെയാണ് 'ഹലാൽ' എന്ന വാക്കും സങ്കല്പവും ഉരുത്തിരിഞ്ഞുവന്നത്?

A

1400 വർഷമായി ഇസ്‌ലാംമതം കേരളത്തിലുണ്ട്. ഇന്നുവരെ കേൾക്കാത്ത ചർച്ചയാണ് ഇപ്പോൾ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്നത്. ഇത്തരമൊരു ചർച്ച ഉണ്ടാക്കിക്കൊണ്ടുവരുന്ന ആളുകളുടെയും ഉദ്ദേശ്യം നമ്മുടെ സാമൂഹ്യജീവിതത്തിലെ സ്വാഭാവികതകളെ ഇല്ലാതാക്കുകയാണ്. ഇതൊക്കെ സാധിക്കുന്ന രീതിയിൽ എന്തൊക്കെയോ നമ്മുടെ നാട്ടിൽ മോശമായിപ്പോയിട്ടുണ്ട്. അത് ആദ്യം പറയണം.

ഇനി ഹലാൽ എന്ന വാക്ക് ഇസ്ലാം മതപ്രകാരം അനുവദനീയമായ എല്ലാ കാര്യത്തേയും ഉൾക്കൊള്ളുന്ന പ്രയോഗമാണ്. അതിൽ നിർബ്ബന്ധമായതും ഐശ്ചികമായതും ചെയ്യാവുന്നതുമായ എല്ലാ നല്ല കാര്യങ്ങളും ഉൾപ്പെടും. ഈ വാക്കു വരുന്നത് "ഹല്ല" എന്ന പദത്തിൽ നിന്നാണ്. കെട്ടഴിക്കുക, അനുവദനീയമാക്കുക, ഒരു സ്ഥലത്തു വന്നിറങ്ങുക തുടങ്ങിയ പല അർത്ഥങ്ങളും ഇതിനുണ്ട്.

ചെയ്യൽ നിർബ്ബന്ധമെന്ന അർത്ഥത്തിൽ ഹലാൽ ഉപയോഗിക്കുന്നതിന് ഉദാഹരണമാണ് നിശ്ചിതപരിധിയെത്തിയ സമ്പാദ്യത്തിൻ്റെ രണ്ടര ശതമാനം നിർബ്ബന്ധദാനമായി നൽകണമെന്നത്. അതുപ്രകാരം ദാനം ചെയ്യുന്ന ആളുടെ ആ സ്വത്ത് മാത്രമേ ഹലാൽ ആവുന്നുള്ളൂ. ആളുകളെ പറ്റിച്ചുണ്ടാക്കുന്ന ഒരു മുതലും ഹലാൽ അല്ല, അനാഥരെ വേദനിപ്പിച്ചു ചെയ്യുന്ന ഒന്നും ഹലാൽ അല്ല. സമ്പാദ്യത്തിനായി പലിശയ്ക്ക് കൊടുത്തുകിട്ടുന്നത് ഹലാൽ അല്ല. അങ്ങിനെ പറഞ്ഞു പോവാം.

ലഹരി വസ്തുക്കൾ, പന്നിമാംസം, ചത്ത ജീവികളുടെ മാംസം ഇവയൊന്നും അനുവദനീയമല്ല. അറവും അത് ദൈവനാമത്തിൽ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണല്ലോ ഇവിടെ ബഹളം നടക്കുന്നത്. അറുക്കുന്നതിനുമുമ്പ് അറവുമൃഗത്തിനു/പക്ഷിക്ക് വെള്ളം കൊടുക്കണം, കഴുത്തറുത്തു മുഴുവൻ ചോരയും വാർന്നുപോവുന്നതുവരെ കാക്കണം. "കരുണാനിധിയും നന്മ നിറഞ്ഞവനുമായ ദൈവത്തിന്റെ തിരുനാമത്തിൽ" എന്ന് ഉരുവിട്ടുകൊണ്ടുവേണം അറുക്കണം എന്നിവയാണ് സാമാന്യമായി ഹലാൽ അറവിന്റെ രീതികൾ. ഇതിൽ ദൈവനാമത്തിൽ അറുക്കൽ നിർബ്ബന്ധമാണെന്ന് ചില കർമശാസ്ത്രപണ്ഡിതർ ശഠിക്കുന്നില്ല.

Q

എന്തുകൊണ്ടാണിങ്ങനെ അറവിന്റെ രീതി പ്രത്യേകം നിഷ്ക്കര്ഷിച്ചതെന്നാണു തോന്നുന്നത്?

A

പക്ഷിയെയോ മൃഗത്തെയോ ആഹാരത്തിനായി കൊല്ലുമ്പോൾ ആ ജീവിയും ദൈവസൃഷ്ടിയാണെന്ന ഓർമയുണ്ടായിരിക്കണം. വെള്ളം കൊടുത്തും കഴിയുംവിധം വേദന ലഘൂകരിച്ചുംവേണം എന്നതാണ് അതിൻ്റെ സത്തയായി ഞാൻ കാണുന്നത്.

Q

ഇന്നത്തെ കാലത്ത് പല ദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഇത് എളുപ്പമാണോ?

A

ഇന്നല്ല; ഏഴാം നൂറ്റാണ്ടിൽത്തന്നെ എളുപ്പമല്ല. നായാടാൻ പോവുമ്പോൾ വേട്ടനായ കടിച്ചു കൊന്നു കൊണ്ടുവരുന്ന പക്ഷികളെയും മൃഗങ്ങളെയുമൊന്നും ദൈവനാമത്തിൽ അറുത്തതാവാനിടയില്ലല്ലോ. വേട്ടനായ പിടിച്ചുകൊണ്ടുവരുന്ന പക്ഷികളെയും മൃഗങ്ങളെയും തിന്നാമെന്ന് ഖുർആനിൽത്തന്നെയുണ്ട്.

കാട്ടുജന്തുക്കളെ വേട്ടനായ്ക്കൾ വേട്ടയാടിപ്പിടിച്ചു കൊണ്ടുവരുമ്പോൾ ജീവൻ പോയിട്ടുണ്ടെങ്കിലും അവയെ ഭക്ഷിക്കാമെന്നാണ് വിധി. അതിനു നിബന്ധനയുണ്ട്: വേട്ടയ്ക്കുവേണ്ടി വിടുന്നത് മൃഗമായാലും പക്ഷിയായാലും അവയ്ക്ക് കൃത്യമായ പരിശീലനം നൽകിയിരിക്കണം. അവ വേട്ടയാടുന്നത് അവയ്ക്കു ഭക്ഷിക്കാനാവരുത്. ആ മാംസം ഭക്ഷിക്കുമ്പോൾ ദൈവനാമത്തിൽ എന്ന പ്രാർത്ഥനാവാചകം (ബിസ്മി) ചൊല്ലിയാൽ മതിയെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

വേദഗ്രന്ഥം നല്കപ്പെട്ടവരെന്ന് പറഞ്ഞാൽ ജൂതരും ക്രിസ്ത്യാനികളുമാണ്. ജൂതർക്കും ക്രിസ്ത്യാനികൾക്കും അനുവദനീയമായത് മുസ്ലിംകൾക്കും അനുവദനീയമാണെങ്കിൽ മുസ്ലിംതന്നെ അറുക്കണമെന്ന വാദം നിലനിൽക്കില്ലല്ലോ
Q

ഞാൻ ജീവിക്കുന്ന ഡൽഹിയിൽ രണ്ടുതരം മാംസം കിട്ടും: ഒന്ന്, കഴുത്തറുത്തു ചോരവാർന്ന ഹലാൽ മാംസം. രണ്ട്, ഒറ്റവെട്ടിനു തലയറുക്കുന്ന ജഡ്‌കാ മാംസം. സിഖുകാർക്കു മാംസം കഴിക്കാമെങ്കിലും മറ്റൊരു ദൈവത്തിന്റെ പേരിൽ അറുത്തത് അവർ കഴിക്കില്ല. അവർ ജഡ്‌കാ മാംസമാണ് വാങ്ങുക. മാംസം കഴിക്കുന്ന ഹിന്ദുക്കൾ രണ്ടും വാങ്ങാറുണ്ട്. ഇങ്ങനെ എന്തെങ്കിലും രീതി ഇസ്‌ലാമിക വിശ്വാസമനുസരിച്ചുണ്ടോ?

A

വേറെ ഏതെങ്കിലും ദൈവത്തിന്റെ പേരിൽ അറുത്ത മാംസം ഹറാമാണ് എന്നാണു സാമാന്യമായി പറയുക. പക്ഷേ, ജീവൻ നിലനിർത്താൻ മറ്റു മാർഗ്ഗം കാണാതെവരുന്ന സന്ദർഭങ്ങളിൽ അത് കഴിക്കുന്നതിൽ പ്രശ്‌നമില്ലെന്നുണ്ട്. പല സാഹചര്യങ്ങളും മാറും. അവിടെ നിയമങ്ങൾ പ്രായോഗികവും നീതിപൂർവ്വവും പ്രയാസരഹിതവുമാവണമെന്നതാണ് മാനദണ്ഡം.

Q

ജൂതന്മാരുടെ കോഷർ എന്തൊക്കെ കഴിക്കാമെന്നു മാത്രമല്ല, എന്തൊക്കെ ഒരുമിച്ചു കഴിക്കാം, എങ്ങനെ പാചകം ചെയ്യണം എന്നതൊക്കെ സംബന്ധിച്ച വിധികളടങ്ങിയതാണ്. ആയുർവ്വേദത്തിൽ വിരുദ്ധാഹാരങ്ങൾ ഉള്ളതുപോലെയാണിത്. ഹലാൽ ഭക്ഷണവിഷയത്തിൽ ഇത്തരം എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ?

A

ഭക്ഷ്യയോഗ്യമായ വസ്തുക്കളെയും ജീവികളെയും ഖുർആൻ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. ദൈവനാമത്തിലാവണം ആഹരിക്കുന്നത്. മിതത്വം പാലിക്കണമെന്നും നിഷ്കർഷിക്കുന്നു. കൂട്ടായിരുന്നു കഴിക്കുമ്പോൾ തന്റെ ഭാഗത്തുനിന്നുമാത്രമാവണമെന്നും മറ്റുള്ളവരുടെ പാത്രത്തിലേക്ക് അതിക്രമിച്ചു കടക്കരുതെന്നും പറയുന്നുണ്ട്.

Q

വെജിറ്റേറിയൻ ഭക്ഷണപാക്കറ്റുകളിൽ പച്ച സ്റ്റിക്കറും നോൺ വെജിറ്റേറിയൻ ഭക്ഷണപാക്കറ്റുകളിൽ ചുവപ്പു സ്റ്റിക്കറും ഉള്ളതുപോലെ, പശുനെയ്യിന്റെയും പപ്പടത്തിന്റെയും പാക്കറ്റുകളിലും ഹലാൽ എന്ന സ്റ്റിക്കർ കാണുന്നുണ്ട്.

A

പന്നിമാംസമോ ലഹരിവസ്തുക്കളോ രക്തമോ ചേർത്തിട്ടില്ലെന്നു സൂചിപ്പിക്കാനായിരിക്കാം അത്. ടൂറിസം, കയറ്റുമതി എന്നിവ കൊണ്ടുവന്നതാവണം. അല്ലാതെ മതപരമായ യാതൊരു നിർദ്ദേശവും അടിസ്ഥാനവും ഇല്ല.

Q

മാംസം ഹലാലാവണമെങ്കിൽ മുസ്ലിം തന്നെ അറുക്കണമെന്ന ധാരണയുണ്ടല്ലോ. അത് തൊഴിൽപരമായ വിവേചനമായി വരില്ലേ?

A

‘വേദഗ്രന്ഥം നല്കപ്പെട്ടവരുടെ ഭക്ഷണം നിങ്ങൾക്ക് അനുവദനീയമാക്കപ്പെട്ടിരിക്കുന്നു; നിങ്ങളുടെ ഭക്ഷണം അവർക്കും അനുവദനീയമാക്കപ്പെട്ടിരിക്കുന്നു’ എന്ന് ഖുർആൻ അഞ്ചാമധ്യായമായ "ഭക്ഷണത്തളിക"/"സുപ്ര" (‘സൂറത്തുൽ മാഇദ’) യിൽ പറഞ്ഞിരിക്കുന്നു. വേദഗ്രന്ഥം നല്കപ്പെട്ടവരെന്ന് പറഞ്ഞാൽ ജൂതരും ക്രിസ്ത്യാനികളുമാണ്. ജൂതർക്കും ക്രിസ്ത്യാനികൾക്കും അനുവദനീയമായത് മുസ്ലിംകൾക്കും അനുവദനീയമാണെങ്കിൽ മുസ്ലിംതന്നെ അറുക്കണമെന്ന വാദം നിലനിൽക്കില്ലല്ലോ. പന്നിയിറച്ചി, ലഹരി വസ്തുക്കൾ, രക്തം, ജീർണിച്ച മാംസം എന്നിവ പേരെടുത്തു പറഞ്ഞു വിലക്കിയിട്ടുള്ളതിനാൽ അവ ഒഴിവാക്കണമെന്ന് മാത്രം.

പുണ്യപുരുഷന്മാർ ജപിച്ചൂതിയ ഭക്ഷണം കഴിക്കുന്നത് പുണ്യമാണെന്നൊക്കെ വിശ്വസിക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെ നിന്ദിക്കാൻ ഞാൻ ആളല്ല. പക്ഷെ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഞങ്ങൾ സഹിച്ചുകൊള്ളാമെന്നു പറഞ്ഞ് ആ വിഭാഗക്കാർക്കു കൈകഴുകാമെന്നും ഞാൻ വിചാരിക്കുന്നില്ല.
Q

ജൂതര്ക്കും ക്രിസ്ത്യാനികൾക്കും ഹലാലായത് മുസ്ലിംകൾക്കും ഹലാൽ ആണെന്നു പറഞ്ഞാൽ ഇപ്പോൾ നടക്കുന്ന ചർച്ച മുഴുവൻ തന്നെ മാറുമല്ലോ. അന്നത്തെ അറേബ്യയിൽ ഹിന്ദുക്കളോ ബുദ്ധിസ്റ്റുകളോ ജൈനരോ ഉണ്ടായിരുന്നില്ല.

A

ഇക്കാര്യത്തിൽ മാനവികവും ധാർമികവുമായ കാഴ്ചപ്പാടോടെയുള്ള ഗവേഷണം അത്യാവശ്യമാണ്.

വേറെയും ഒരു ചോദ്യമുണ്ട്: ദൈവത്തിന്റെ സൃഷ്ടിയായ ഒരു ജീവിയെയാണ് ഭക്ഷണാവശ്യത്തിനു ഞാൻ കൊല്ലുന്നത് എന്ന മനസ്സില്ലാതെ ഒരാൾ മൃഗത്തെയോ പക്ഷിയെയോ അറുത്തുവെന്ന് വയ്ക്കുക. ആ മാംസം ഹലാൽ ആകുമോ? മതവിധിയുടെ സത്ത അവിടെയില്ലല്ലോ. മാംസം വാങ്ങുന്ന മുസ്ലിംകൾ ഈ സത്തയ്ക്കല്ലേ പ്രാധാന്യം കൊടുക്കേണ്ടത്? (സത്തയുമായി ബന്ധപ്പെടുത്തി സംസാരിക്കാൻ തുടങ്ങിയാൽ ചർച്ച അവസാനിക്കില്ലെന്നത് മറ്റൊരു കാര്യം. ചടങ്ങുകളായി മാറിയ മതാചാരങ്ങളാണ് നമ്മെ ഈ ചർച്ചയിലും എത്തിച്ചത്. നിക്ഷിപ്ത താൽപര്യക്കാരും അതിലാണ് അവസരം കാണുന്നത്; അത് നമുക്ക് വിടാം). പിന്നെ, ഫാക്ടറികളിൽ വിരിയിക്കുന്ന കോഴികളുടെ കാര്യത്തിൽ, അറവിനപ്പുറം അവയെ ഉണ്ടാക്കുന്നതിന്റെയും വളർത്തുന്നതിന്റെയും സാഹചര്യങ്ങളും ആലോചനാവിധേയമാക്കണ്ടേ? മതപരമായ അനുഷ്ഠാനങ്ങൾ ചർച്ചചെയ്യുന്നതുപോലെ, മാംസത്തിന്റെ അമിതോപയോഗം കൊണ്ടും മാംസം തീർത്തും ഒഴിവാക്കുന്നത് കൊണ്ടുമുള്ള ആരോഗ്യകാര്യങ്ങൾ കൂടി പഠനവിഷയമാക്കണം.

ആത്മീയമായി ഉയരാം എന്നതാവണം മതത്തിന്റെ പരിഗണന. അല്ലാതെ ശാസ്ത്രത്തെ എങ്ങനെ തളർത്താം, എങ്ങനെ രാഷ്ട്രീയാധികാരം നേടാം എന്നതാവരുത്.
Q

ഇന്നും നമ്മുടെ റീറ്റെയ്ൽ മാംസവിപണി തികച്ചും ജാതീയമായ പിടിയിലാണ്. അതിൽ അറവുജോലി ചെയ്യുന്നത് ദളിത് മുസ്ലിംകളോ ദളിത് ഹിന്ദുക്കളോ പിന്നാക്ക ക്രിസ്ത്യാനികളോ ആണെന്നാണ് എന്റെ തോന്നൽ. ഇവർ ഇതിൽനിന്നു പുറത്തുവരാനും മറ്റുള്ളവർ കടന്നുവരാനും ഈ മേഖലകൾ പ്രൊഫഷനലൈസ് ചെയ്യപ്പെടേണ്ടതുണ്ട്. മറ്റൊരു കാര്യമുള്ളത് ജപിക്കൽ/മന്ത്രിച്ചൂതലുമായി ബന്ധപ്പെട്ടതാണ്. ഒരു മുസ്ല്യാർ ഭക്ഷണത്തിലേക്കു മന്ത്രിച്ചൂതുന്ന വീഡിയോ പ്രചരിച്ചുകണ്ടിരുന്നു. മന്ത്രിച്ചൂതൽ അനിസ്ലാമികമാണെന്നും അതിവിടുത്തെ പ്രാദേശികസംസ്കാരത്തിൽ നിന്ന് കിട്ടിയതാണെന്നും വാദിക്കുന്ന മുസ്ലിം വിഭാഗങ്ങളുമുണ്ടല്ലോ.

A

ഉള്ളി, വെള്ളം എന്നിവ മന്ത്രിച്ചൂതി നൽകുന്ന രീതി ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കലും ഭക്ഷണത്തിലേക്ക് മന്ത്രിച്ചൂതുന്നത് കണ്ടിട്ടില്ല, കേട്ടിട്ടുമില്ല. ഇനി ഏതെങ്കിലും സംഘടനക്കാർ എവിടെയെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതിനു ഇസ്ലാമികാനുഷ്ഠാനശാസ്ത്രത്തിലോ മുസ്ലിം ചരിത്രത്തിലോ പൊതുവായ അംഗീകാരമുള്ളതായി ഞാൻ കരുതുന്നില്ല. അതും ഹലാലുമായി യാതൊരു ബന്ധവുമില്ല. പുണ്യപുരുഷന്മാർ ജപിച്ചൂതിയ ഭക്ഷണം കഴിക്കുന്നത് പുണ്യമാണെന്നൊക്കെ വിശ്വസിക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെ നിന്ദിക്കാൻ ഞാൻ ആളല്ല. പക്ഷെ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഞങ്ങൾ സഹിച്ചുകൊള്ളാമെന്നു പറഞ്ഞ് ആ വിഭാഗക്കാർക്കു കൈകഴുകാമെന്നും ഞാൻ വിചാരിക്കുന്നില്ല. കൊറോണ നമുക്ക് മനസ്സിലാക്കിത്തന്ന പ്രധാന കാര്യം വ്യക്തികളുടെ ആരോഗ്യം സാമൂഹ്യപ്രശ്നമാണെന്നതാണ്. ജപിച്ചൂതിയ ഭക്ഷണമാണ് ഹലാൽ എന്നൊക്കെയുള്ള വ്യാജപ്രചാരണങ്ങളെ എതിർക്കുന്നപോലെത്തന്നെ, എല്ലാ വിശ്വാസവിഭാഗങ്ങളുടെ രീതികളെയും നാം ആരോഗ്യതലത്തിൽ ഓഡിറ്റിംഗിനു വിധേയമാക്കണം. മന്ത്രിച്ചൂതൽ പല നാട്ടിൽ പല മട്ടിൽ നടന്നു പോരുന്നുണ്ട്.

Q

പല സമുദായങ്ങളിൽപ്പെട്ടവരുടെ സഹവാസമാണ് വർഗീയവാദികളെയും മതരാഷ്ട്രവാദികളെയും ഏറ്റവും ഈർഷ്യപിടിപ്പിക്കുന്നത്. സമുദായങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ ഇല്ലാതായാൽ ലക്ഷ്യം എളുപ്പമാവുമെന്നാണ് അവരുടെ വിചാരം. മതമെന്നാൽ ആത്മീയ-ധാർമിക സംജ്ഞയല്ല., സമ്പൂർണ നാഗരികതയുടെ പ്രമാണമാണെന്നു വിചാരിക്കുന്ന തത്വശാസ്ത്രവും ഇതിലേക്ക് കൂടിക്കൊടുക്കുന്നു. എങ്ങനെ ഈ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാമെന്നാണു പറയാനുള്ളത്?

A

ആളുകൾ ഒരുമിച്ചു വന്ന് ഒരുമിച്ചു ജീവിക്കുമ്പോൾ മുൻവിധികൾ ഇല്ലാതെയാവും. ഒരുമിച്ചു ഭക്ഷണം കഴിക്കാനും ഒരുമിച്ചു ജോലി ചെയ്യാനും പഠിക്കാനും കൂടുതൽക്കൂടുതൽ മുന്നോട്ടു വരിക. അങ്ങനെയാണു നാം ഇങ്ങനെയൊരവസ്ഥയിൽനിന്ന് ഒരിക്കൽ പുറത്തുകടന്നത്. അതുതന്നെയാണ് ഇനിയും ചെയ്യേണ്ടത്. മാറുന്ന ലോകത്തിൽ, കാലത്തിൽ, സാങ്കേതിക-സാമ്പത്തിക സാചര്യങ്ങളിൽ എങ്ങനെ ധാർമികമായി പെരുമാറാം, ആത്മീയമായി ഉയരാം എന്നതാവണം മതത്തിന്റെ പരിഗണന. അല്ലാതെ ശാസ്ത്രത്തെ എങ്ങനെ തളർത്താം, എങ്ങനെ രാഷ്ട്രീയാധികാരം നേടാം എന്നതാവരുത്. അങ്ങനെ പലതലത്തിൽ വേണം, നമ്മെ ഭീതിക്കും വെറുപ്പിനും അടിമകളാക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്കെതിരെ പോരാടേണ്ടത്.

(എൻ പി ആഷ്‌ലി ഡൽഹി സെയിന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ്).

Related Stories

No stories found.
logo
The Cue
www.thecue.in