തൂക്ക് കയറിന് മുന്നിലും മാപ്പിരക്കാത്ത ധീരരുണ്ട്, ഭഗത് സിംഗ് ആണ് ഹീറോ

തൂക്ക് കയറിന് മുന്നിലും മാപ്പിരക്കാത്ത ധീരരുണ്ട്, ഭഗത് സിംഗ് ആണ് ഹീറോ

Summary

ഭഗത് സിംഗ് 23 വയസ്സ് വരെയേ ജീവിച്ചിരുന്നുള്ളൂ. അതില്‍ തന്നെ സജീവ രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ജീവിച്ചത് വെറും ഏഴ് വര്‍ഷം . എന്നിട്ടും ഭഗത് സിംഗിന് ഇന്ത്യൻ മനസ്സിൽ മഹാത്മാഗാന്ധിയോളം വലിയ ഇടമുണ്ട്. മഹാത്മാ ഗാന്ധി ദീര്‍ഘകാലം ജീവിച്ച ആള്‍, പതിറ്റാണ്ടുകള്‍ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും പൊതുപ്രവര്‍ത്തനം നടത്തിയ നേതാവ്. എന്നിട്ടുമദ്ദേഹത്തിന്റെ പോപ്പുലാരിറ്റിയ്‌ക്കൊപ്പം നില്‍ക്കുന്ന രാഷ്ട്രീയഗരിമ 23 കൊല്ലത്തെ ജീവിതം കൊണ്ട് ഭഗത് സിംഗ് നേടി എന്ന് പട്ടാഭി സീതാരാമയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. പോരാട്ട കാലത്ത് മുട്ടുവിറയ്ക്കാതെ പൊരുതിയവരാണ് എക്കാലത്തും നമ്മൾ പിൻ തലമുറക്കാരാൽ ആദരിക്കപ്പെടുക. എന്നും അവരാകും ഓരോ സമൂഹത്തിന്റെയും ഹീറോ.

മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയിടത്ത് എഴുതുന്നു

മാപ്പ് പറയാതിരുന്നവരുണ്ടാക്കിയ രാജ്യമാണിത്.

ഇരുപത്തിനാല് വയസ്സായിരുന്നു ബ്രിട്ടീഷുകാര്‍ തൂക്കിക്കൊല്ലുമ്പോള്‍ ഭഗത് സിംഗിന്.ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വെടി വെച്ച് കൊന്നെന്ന കേസില്‍ അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിക്കുമെന്ന് വിധി വരും മുമ്പ് തന്നെ എല്ലാര്‍ക്കും അറിയാമായിരുന്നു. മനോവേദന താങ്ങാനാകാതെ അദ്ദേഹത്തിന്റെ അച്ഛന്‍ കിഷന്‍ സിംഗ് ബ്രിട്ടീഷ് നീതിന്യായഅധികാരികള്‍ക്ക് പെറ്റീഷനയച്ചു. നിയമപരമായി പോലും നടപടികളെ എതിര്‍ക്കേണ്ട എന്ന ഭഗത് സിംഗിന്റെ നിലപാട് കണക്കിലെടുക്കാതെ.ഭഗത് സിംഗിന് മാപ്പ് കിട്ടണമെന്നാഗ്രഹിച്ച് .ലാഹോര്‍ ജയിലില്‍ വിധി കാത്ത് കിടന്ന ഭഗത് സിംഗ് ഇതറിഞ്ഞ് പ്രകോപിതനായി.

അച്ഛനോട് അഗാധമായ ആദരവുണ്ടായിരുന്ന ഭഗത് സിംഗ് ജീവിതത്തില്‍ ആദ്യമായി കടുത്ത വാക്കുകള്‍ ഉപയോഗിച്ച് പിതാവിന് കത്തെഴുതി. ബ്രിട്ടീഷുകാരിൽ നിന്ന് മാപ്പ് വാങ്ങൽ എന്ന നാണം കെട്ട ഏര്‍പ്പാടിനെതിരെ 1930 ഒക്ടോബര്‍ നാലിന് ജയിലില്‍ വെച്ച എഴുതി അയച്ച ആ കത്ത് രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളതിളെ തിളങ്ങുന്ന ഏടാണ്. ഇങ്ങനെയാണ് അതിന്റെ ചുരുക്കം.

''പ്രിയപ്പെട്ട അച്ഛാ,

അങ്ങ് അധികാരികള്‍ക്ക് അങ്ങനെയൊരു പെറ്റീഷന്‍ അയച്ചു എന്ന് കേട്ട് ഞാന്‍ അമ്പരന്ന് പോയി. അങ്ങേയ്ക്ക് അതെങ്ങനെ സാധിച്ചു എന്ന് എനിക്ക് മനസ്സിലാകുന്ന് പോലുമില്ല. അങ്ങേയ്ക്ക് എന്നോടുള്ള സ്‌നേഹത്തിന്റെ വലുപ്പം എനിക്കറിയാം, എന്നാല്‍ എന്റെ അഭിപ്രായം തേടാതെ ഇത്തരമൊരു പെറ്റീഷന്‍ അങ്ങേയ്ക്ക് എങ്ങനെ അയക്കാനായി എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. എന്റെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു അപേക്ഷ അയക്കാന്‍ അങ്ങേയ്ക്ക് അധികാരമില്ല തന്നെ.

എന്റെ ജീവന്‍ അത്രയ്ക്ക് പ്രധാനപ്പെട്ടതല്ല. എന്റെ ആശയങ്ങളെക്കാള്‍ മൂല്യമുള്ളതല്ല അത്. എന്റെ ആശയങ്ങള്‍ പരിഗണിക്കാതെ ജീവന്‍ നിലനിര്‍ത്താനായി താങ്കള്‍ ചെയ്ത ഈ കാര്യം പിന്നില്‍ നിന്ന് കുത്തുന്നത് പോലെ ആയിപ്പോയി. എന്റെ വാക്കുകള്‍ കടുത്തതാകാം, എന്നാലും പറയാതെ വയ്യ. എല്ലാവരുടെയും ഇച്ഛാശക്തി ടെസ്റ്റ് ചെയ്യപ്പെടുന്നൊരു കാലമാണിത്. അച്ഛാ , അങ്ങ് ആ കാര്യത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. താങ്കളുടെ ദേശസ്‌നേഹത്തിന്റെ വലുപ്പം എനിക്കറിയാം , എത്രയ്ക്ക് ഉജ്ജ്വലമായി സ്വാതന്ത്ര്യത്തിന് വേണ്ടി അങ്ങ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നും അറിയാം. അങ്ങനെയുള്ള അങ്ങേയ്ക്ക് ഇത്ര നാണം കെട്ട വിധത്തില്‍ മകന് വേണ്ടി മാപ്പപേക്ഷ വെക്കാന്‍ എങ്ങനെ സാധിച്ചു എന്ന് എനിക്ക് മനസ്സിലാകുന്നേയില്ല. എങ്ങനെ താങ്കള്‍ ഇത്രയ്ക്ക് ദുര്‍ബ്ബലനായിപ്പോയി.

ഒരു കാര്യം ഞാന്‍ ഒന്ന് കൂടെ പറയട്ടെ. വധശിക്ഷ വരികയാണെങ്കില്‍ അത് മാറ്റാന്‍ ഒരു കാര്യവും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരും അത് എനിക്ക് വേണ്ടി ചെയ്യരുത്. എനിക്ക് ആരുടെയും മാപ്പ് ആവശ്യമില്ല.

താങ്കളുടെ പ്രിയപുത്രന്‍

ഭഗത് സിംഗ്.

ഒക്ടോബര്‍ 4, 1930''

---------

തൂക്കിക്കൊല്ലുന്നതിന് തലേദിവസവും ഭഗത് സിംഗിന് കുലുക്കമില്ലായിരുന്നു. സുഹൃത്തുക്കളും സഖാക്കളും പക്ഷെ ആ ദിവസങ്ങളിലും അദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലേര്‍പ്പെട്ടു. ജീവന്‍ പോകാന്‍ ഒറ്റദിവസം മാത്രം ബാക്കി നില്‍ക്കെ 1931 മാര്‍ച്ച് 22ന് ഭഗത് സിംഗ് സഖാക്കള്‍ക്ക് ഇങ്ങനെ എഴുതി.

''കോമ്രേഡ്‌സ്,

ജീവിക്കാനുള്ള ആഗ്രഹം എല്ലാ മനുഷ്യരിലുമെന്ന പോലെ എന്നിലുമുണ്ട്, ഞാനത് മറച്ച് വെക്കുന്നില്ല. പക്ഷെ ,ജീവിക്കുന്നെങ്കില്‍ അന്തസ്സോടെ ജീവിക്കാനേ ഞാനാഗ്രഹിക്കുന്നുള്ളൂ. കൊലക്കയറില്‍ നിന്ന് വഴുതി മാറി അന്തസ്സില്ലാത്ത ജീവിതത്തിലേക്ക് ഞാന്‍ വന്നാല്‍ അത് എന്നെയും നമ്മുടെ വിപ്ലവലക്ഷ്യങ്ങളെയും ചീത്തപ്പേരിലാക്കുകയേ ഉള്ളൂ. മറിച്ച് ധൈര്യത്തോടെ കൊലക്കയറെടുത്ത് കഴുത്തിലിട്ടാല്‍ ഹിന്ദുസ്ഥാനിലെ അമ്മമാര്‍ അവരുടെ മക്കളെ ഭഗത് സിംഗ് എന്ന പോലെയെന്ന് വളര്‍ത്തും. അങ്ങനെയുണ്ടാകുന്ന ആത്മവീര്യത്തിന് കീഴില്‍ ഈ സാമ്രാജ്യത്വ ശക്തികള്‍ താഴെ വീഴുക തന്നെ ചെയ്യും.

ഒരു കാര്യം ഞാന്‍ ഒന്ന് കൂടെ പറയട്ടെ. വധശിക്ഷ വരികയാണെങ്കില്‍ അത് മാറ്റാന്‍ ഒരു കാര്യവും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ആരും അത് എനിക്ക് വേണ്ടി ചെയ്യരുത്. എനിക്ക് ആരുടെയും മാപ്പ് ആവശ്യമില്ല.
remya

എന്നെപ്പോലെ ഭാഗ്യവാരായവര്‍ ആരാണുള്ളത്. എനിക്ക് എന്നെയോര്‍ത്ത് വളരെ വലിയ അഭിമാനമാണ് ഉള്ളത്. അന്തിമവിധിക്ക് വലിയ ആകാംക്ഷയോടെ ഞാന്‍ കാത്ത് നില്‍ക്കുന്നു, വേഗം വരട്ടെ എന്ന് ആഗ്രഹിച്ച് കൊണ്ട്.

നിങ്ങളുടെ സഖാവ് ഭഗത് സിംഗ് ''

------

പിറ്റേ ദിവസം ഭഗത് സിംഗിനെ തൂക്കിക്കൊന്നു.

*

പേജ് 77, 78, 85,86 / ദി ഭഗത് സിംഗ് റീഡര്‍

എഡിറ്റര്‍- ചമന്‍ലാല്‍ /ഹാര്‍പ്പര്‍ കോളിന്‍സ്

Related Stories

No stories found.
logo
The Cue
www.thecue.in