മാപ്പിള ലഹളയെന്ന് വിളിക്കരുത്, വാരിയംകുന്നന് ഹിന്ദുവിരുദ്ധനായി ഒരിക്കലും പെരുമാറാനാകില്ല

മാപ്പിള ലഹളയെന്ന് വിളിക്കരുത്, വാരിയംകുന്നന് ഹിന്ദുവിരുദ്ധനായി ഒരിക്കലും പെരുമാറാനാകില്ല
Summary

പണ്ട് ഏറനാട് കലാപം എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോള്‍ വിളിക്കാവുന്നത് മലബാര്‍ കലാപം എന്നാണ്. മാപ്പിള ലഹള എന്ന വിളി ശരിയല്ല.വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചും മലബാര്‍ കലാപത്തെക്കുറിച്ചും എം.എന്‍ കാരശ്ശേരി

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജന്‍മദേശം വള്ളുവനാടാണ്. ചക്കിപ്പറമ്പന്‍ വാരിയന്‍കുന്നത്ത് മൊയ്തീന്‍കുട്ടി ഹാജിയുടെ മകനാണ്. ഈ മൊയ്തീന്‍കുട്ടി ഹാജി ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുക്കുകയും, അവരുടെ അപ്രീതി നേടി ആന്തമാന്‍ ജയിലില്‍ കിടക്കുകയും ഇടക്ക് മക്കയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത ആളാണ്. 1905ലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബാപ്പയുടെ കൂടെ നാട്ടിലേക്ക് തിരിച്ചെത്തുന്നത്. അദ്ദേഹം കുറച്ച് മലയാളവും അത്യാവശ്യം ഇംഗ്ലീഷും പഠിച്ച ആളാണെന്നാണ് എന്റെ ധാരണ. ചെറുപ്പത്തിലേ തന്നെ ബ്രിട്ടീഷ് വിരുദ്ധ വികാരം അലിഞ്ഞ് ചേര്‍ന്ന ആളാണ്. 1920ലാണ് മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നത്. അതിന്റെ കൂടെ തന്നെയാണ് ഗാന്ധിയുടെ നിസ്സഹകരണപ്രസ്ഥാനവും. ഇത് രണ്ടും ഒരു പന്തലില്‍ നടക്കും. ഇത് ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക് മുസ്ലിങ്ങളെ കൂടെ കിട്ടാനാണ് ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഒന്നാം ലോകയുദ്ധത്തോടെ തോറ്റുപോയ തുര്‍ക്കിയുടെ രാജാവിനെ മുസ്ലിം ലോകത്തിന്റെ ഖലീഫയായി പുനസ്ഥാപിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങിയത്. പക്ഷേ മലബാറില്‍ അത് തുര്‍ക്കി ഖിലാഫത്ത് കാര്യമൊക്കെ വിട്ട് സ്വതന്ത്രമായൊരു രാഷ്ട്രം ഇവിടെ സ്ഥാപിക്കുകയെന്നതും ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ പോരാട്ടം നടത്തുക എന്നതായിരുന്നു.

അതിന് രണ്ട് നേതാക്കളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് തിരൂരങ്ങാടി പള്ളിയിലെ ഇമാമായിരുന്ന ആലി മുസ്ലിയാരായിരുന്നു. മഞ്ചേരിക്കടുത്ത് നെല്ലുക്കുത്തുകാരനായിരുന്നു ആലി മുസ്ലിയാര്‍. ചെമ്മാട് നിരായുധരായ ഖിലാഫത്ത് വളണ്ടിയര്‍മാര്‍ക്കെതിരെ പൊലീസ് വെടിവെച്ചപ്പോള്‍ സ്റ്റേഷന്‍ ആക്രമിക്കുന്ന സംഭവമുണ്ടായി. അത് 1921 ആഗസ്ത് 20നാണ് സംഭവം. പലതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിച്ചു. മമ്പുറം പള്ളി പൊളിച്ചു, തിരൂരങ്ങാടി പള്ളി പൊളിച്ചു എന്നൊക്കെയായിരുന്നു പ്രചരണം. അങ്ങനെ ഒരു സായുധകലാപത്തിന് ആലി മുസലിയാര്‍ ആഹ്വാനം ചെയ്‌തെന്നാണ് ചരിത്രം. അതിന്റെ നായകനാണ് കുഞ്ഞഹമ്മദ് ഹാജി. അതുവരെ അദ്ദേഹം പോത്തുവണ്ടിയില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ആളായിരുന്നു എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ബാപ്പ വലിയ പണക്കാരനായിരുന്നെങ്കിലും പക്ഷേ ബ്രിട്ടീഷുകാര്‍ സ്വത്തുക്കളെല്ലാം കണ്ടുകെട്ടിയിരുന്നു. അതുകൊണ്ട് കുഞ്ഞഹമ്മദ് ഹാജിയുടെ ഉപജീവനമാര്‍ഗ്ഗം ഇതായിരുന്നുവെന്ന് പറയുന്നുണ്ട്. ആലി മുസ്ലിയാര്‍ തിരൂരങ്ങാടി താലൂക്ക് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. 20ന് കലാപം തുടങ്ങി 24 ആകുമ്പോഴേക്കും കുഞ്ഞഹമ്മദ് ഹാജി അതിന്റെ നേതൃത്വം ഏറ്റെടുത്തു. പിന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഈ കലാപം മുന്നോട്ട് പോകുന്നത്. മലബാര്‍ കലാപം എന്നു പറയുമ്പോഴും ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നെ പൊന്നാനി, കോഴിക്കോട് താലൂക്കുകളുടെ കുറച്ച് ഭാഗങ്ങളിലും ഉണ്ടായി. ഒരാഴ്ച പിന്നിടുമ്പോഴേക്കും ബ്രിട്ടീഷ് പട്ടാളത്തിന് ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായരായി. ഇവരുടെ സമരം പ്രധാനമായും ഒളിപ്പോരായിരുന്നു. ഗറില്ലാ വാര്‍. മലയും നദിയും കാടും വെള്ളവും എവിടെയാണെന്ന് കൃത്യമായി അറിയാം. ഈ സമരത്തെ ഒതുക്കുന്നതിനായി ബ്രിട്ടീഷുകാര്‍ ഗൂര്‍ഖാ പട്ടാളത്തെ കൊണ്ടുവരികയാണ്.

ഒരുഘട്ടം എത്തിയപ്പോള്‍ ബ്രിട്ടീഷുകാര്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അടുത്തേക്ക് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ അയച്ചു. പരസ്പരം രാജിയാകാമെന്നും ഒരു ഉടമ്പടിയിലെത്താമെന്നും മക്കയിലേക്ക് അയക്കാമെന്നും അറിയിച്ചു. അദ്ദേഹത്തെ പറ്റിക്കുകയായിരുന്നു ചെയ്തത്. സന്ധിസംഭാഷണത്തിന് വന്നപ്പോള്‍ വാരിയംകുന്നത്തിനെ അറസ്റ്റ് ചെയ്തു. പട്ടാളകോടതി അദ്ദേഹത്തെ വിചാരണ ചെയ്തു. അതിലെ പ്രധാന കുറ്റം ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയെ കൊന്നു എന്നതായിരുന്നു. ചേക്കൂട്ടി ബ്രിട്ടീഷ് അനുകൂലിയായ മുസ്ലിമായിരുന്നു. പലവട്ടം വാരിയന്‍കുന്നനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ തവണ വാരിയംകുന്നത്ത് ബോംബെയിലേക്ക് കടന്നുകളഞ്ഞിരുന്നു. ഏറനാട്,വള്ളുവനാട് ഭാഗത്തെ ഏറ്റവും വലിയ ബ്രിട്ടീഷ് അനുകൂലി ചേക്കൂട്ടിയായിരുന്നു. അയാളെ അവര്‍ കൊന്നു. തല ഒരു കുന്തത്തിന്റെ മുകളില്‍ കുത്തി വെച്ചു. അതൊരു പ്രസിദ്ധമായ പാട്ടില്‍ പറയുന്നുണ്ട്.

അധികാരി ചേക്കൂട്ടിയുടെ തലയവര്‍ അറത്തു....

അതുമൊരു കുന്തത്തിന് മേല്‍ അവര്‍ കുത്തിപ്പിടിച്ചല്ലോ..

കൊണ്ടു നടന്നല്ലോ...

കൊണ്ടോട്ടി തങ്ങളായിരുന്നു ബ്രിട്ടീഷ് അനുകൂലിയായ മറ്റൊരു ജന്‍മി. അയാളുടെ വീട് കൊള്ള ചെയ്യാനും കൊല്ലാനുമായി കുഞ്ഞഹമ്മദ്ഹാജിയുടെ നേതൃത്വത്തില്‍ അന്ന് ആളുകള്‍ പോകുന്നുണ്ട്. അത് വിജയിച്ചില്ല. കൊള്ളക്കാര്‍ വരുന്നുണ്ടെന്നും പറഞ്ഞ് മലബാര്‍ കളക്ടര്‍ക്ക് കൊണ്ടോട്ടി തങ്ങള്‍ അയച്ച കത്ത് ഇന്നും ആര്‍ക്കൈവ്‌സില്‍ ഉണ്ട്. ബ്രിട്ടീഷ് അനുകൂലികളെയാണ് കുഞ്ഞഹമ്മദ് ഹാജി ആക്രമിച്ചത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ടായിരുന്നു. ബ്രിട്ടീഷ് അനുകൂലികളല്ലാതിരുന്ന നിലമ്പൂര്‍ കോവിലകം അവര്‍ സംരക്ഷിച്ചു. പൂക്കോട്ടൂര്‍ കോവിലകം തകര്‍ത്തത് അവരുടെ ബ്രിട്ടീഷ് അനുകൂല നിലപാട് കൊണ്ടായിരുന്നു.

മലബാര്‍ കലാപത്തെ മാപ്പിള ലഹള എന്ന് പറയുന്നത് ശരിയല്ല. അതില്‍ എല്ലാ മാപ്പിളമാരും അതില്‍ പങ്കെടുത്തിട്ടില്ല. കൊണ്ടോട്ടി തങ്ങളെ പോലെ കോഴിക്കോട്ടെ പണക്കാരും വ്യവസായികളുമായ മുസ്ലിങ്ങള്‍ അതില്‍ നിന്ന് വിട്ടുനിന്നു അല്ലാത്തവര്‍ പങ്കെടുത്തിട്ടുമുണ്ട്. ഉദാഹരണത്തിന് മൂഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് കലാപത്തില്‍ പങ്കെടുത്ത ആളാണ്. അദ്ദേഹത്തിന്റെ പുസ്തകം ഖിലാഫത്ത് സ്മരണകള്‍ എന്ന പേരിലാണ്. പണ്ട് ഏറനാട് കലാപം എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോള്‍ വിളിക്കാവുന്നത് മലബാര്‍ കലാപം എന്നാണ്. മാപ്പിള ലഹള എന്ന വിളി ശരിയല്ല. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും അദ്ദേഹം എതിര്‍ത്തിട്ടുണ്ട്.

ഹിന്ദുവിരുദ്ധമായി ഒരിക്കലും പെരുമാറാന്‍ സാധിക്കാത്ത ആളാണ് കുഞ്ഞഹമ്മദ് ഹാജിയെന്നാണ് ചരിത്രത്തിലുള്ളത്.

ബ്രിട്ടീഷ് വിരുദ്ധമായി തുടങ്ങി സമരം ജന്‍മി വിരുദ്ധമായി മാറി. ചിലയിടത്ത് ഹിന്ദു വിരുദ്ധമായി വഴി തെറ്റി. ഹിന്ദുക്കളെ അക്രമിക്കുക, നിര്‍ബന്ധിച്ച് മതംമാറ്റുക, വീടുകള്‍ കൊള്ളയടിക്കുക എന്നൊക്കെ ചിലയിടങ്ങളിലുണ്ടായി. ഇതിന് കുഞ്ഞഹമ്മദ് ഹാജി പൂര്‍ണമായും എതിരായിരുന്നു. അനുയായികളില്‍ ചിലര്‍ക്ക് അത് മനസിലാകാതെയിരിക്കുകയോ ഉള്ളിലെ സാമൂഹ്യവിരുദ്ധത കാരണമാകുകയോ ചെയ്തു. ഇതില്‍ കുഞ്ഞഹമ്മദ് ഹാജി ചിലരെ ശിക്ഷിക്കുന്നുണ്ട്. ഹിന്ദുവിരുദ്ധ കലാപം എന്ന വ്യാഖ്യാനത്തിനെതിരെ അദ്ദേഹം പ്രസംഗിക്കുന്നുണ്ട്. രാജ്യത്ത് ഹിന്ദു വിരുദ്ധ കലാപം എന്ന രീതിയിലേക്ക് പുറംലോകം പറയുന്നുണ്ടെന്ന് അദ്ദേഹം പ്രസംഗിച്ചു. തന്റെ രാജ്യത്തിന് മലയാളരാജ്യം എന്നാണ് അദ്ദേഹം പേരിട്ടത്. അഞ്ച് മാസമാണ് കുഞ്ഞഹമ്മദ് ഹാജിയുടെ കാലം. 1922 ജനുവരിയിലാണ് കുഞ്ഞഹമ്മദ് ഹാജിയെ പിടികൂടുന്നത്. പട്ടാളക്കോടതി കുറ്റം വിധിച്ചു. മരണശിക്ഷ. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരം ചെയ്തു, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി, ചേക്കൂട്ടിയെ കൊന്നു എന്നൊക്കെ കുറ്റം ചാര്‍ത്തിയാണ് ശിക്ഷ.

മാപ്പിള ലഹളയെന്ന് വിളിക്കരുത്, വാരിയംകുന്നന് ഹിന്ദുവിരുദ്ധനായി ഒരിക്കലും പെരുമാറാനാകില്ല
വാരിയംകുന്നന്‍ മലപ്പുറം ചെഗുവേര, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായുള്ള മഹത്തായ മാപ്പിള കലാപം

ഹിന്ദുവിരുദ്ധമായി ഒരിക്കലും പെരുമാറാന്‍ സാധിക്കാത്ത ആളാണ് കുഞ്ഞഹമ്മദ് ഹാജിയെന്നാണ് ചരിത്രത്തിലുള്ളത്. കൂടെയുള്ള ആളുകള്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ മറിച്ച് പെരുമാറിയെന്നതാണ് ചരിത്രം. അതിനെ ഒളിച്ചുവെക്കാന്‍ കഴിയില്ല. അതിന്റെ ആവശ്യമില്ല. സത്യം പറയണം. 1922 ജനുവരി 20ന് മലപ്പുറത്തെ കോട്ടക്കുന്നില്‍ വെച്ച് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ച് കൊന്നു. സന്ധി സംഭാഷണമെന്ന് പറഞ്ഞു പറ്റിച്ചാണ് കൊണ്ടു പോയത്. അദ്ദേഹം അവസാനമായി പറഞ്ഞത് വളരെ കൗതുകമുള്ളതാണ്. നിങ്ങള്‍ സാധാരണ കണ്ണ് കെട്ടിയാണ് ആളെ വെടിവെക്കുക. എന്നെ അങ്ങനെ ചെയ്യരുത്. പിന്നില്‍ നിന്ന് വെടിവെക്കരുത്. മുന്നില്‍ നിന്ന് വെടിവെക്കണം. അങ്ങനെ തുറന്ന കണ്ണുകളുമായി നെഞ്ചിലേക്ക് വരുന്ന വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെയും മറ്റ് ആറുപേരുടെയും മൃതദേഹങ്ങള്‍ മണ്ണെണ്ണ ഒഴിച്ചും മരത്തിന്റെ മുട്ടിയിട്ടുമാണ് പട്ടാളം കത്തിക്കുകയാണുണ്ടായത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ചരിത്രം അവസാനിച്ചത്.

മാപ്പിള ലഹളയെന്ന് വിളിക്കരുത്, വാരിയംകുന്നന് ഹിന്ദുവിരുദ്ധനായി ഒരിക്കലും പെരുമാറാനാകില്ല
വാരിയംകുന്നത്ത് ഹിന്ദുവിരുദ്ധനല്ല, ബ്രിട്ടീഷുകാര്‍ക്കെതിരെ നിലകൊണ്ട പോരാളി: എംജിഎസ് നാരായണന്‍
മാപ്പിള ലഹളയെന്ന് വിളിക്കരുത്, വാരിയംകുന്നന് ഹിന്ദുവിരുദ്ധനായി ഒരിക്കലും പെരുമാറാനാകില്ല
ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അദ്ദേഹം ഹിന്ദു വിരുദ്ധനോ ? 
മാപ്പിള ലഹളയെന്ന് വിളിക്കരുത്, വാരിയംകുന്നന് ഹിന്ദുവിരുദ്ധനായി ഒരിക്കലും പെരുമാറാനാകില്ല
മുസ്ലിം മതഭ്രാന്തനല്ല വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് എം സ്വരാജ്

Related Stories

No stories found.
logo
The Cue
www.thecue.in