
മണ്ണൂത്തി കാർഷിക സർവകലാശാലയിലെ അമിത ഫീസ് വർദ്ധനവിലെ പ്രതിഷേധങ്ങളെത്തുടർന്ന് ചേർന്ന യൂണിവേഴ്സിറ്റി ജനറൽ കൗൺസിൽ യോഗത്തിൽ ഫീസ് കുറക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനങ്ങളും ഉണ്ടാകാതിരുന്നതിനെത്തുടർന്ന് എസ്എഫ്ഐ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ബി.അശോകിനെ കാമ്പസിലും റെയിൽവേ സ്റ്റേഷനിലും വീട്ടുമുറ്റത്തും എസ്എഫ്ഐ തടഞ്ഞു. സമരത്തെത്തുടർന്ന് എസ്എഫ്ഐ തൃശൂർ ജില്ലാ ഭാരവാഹികളായ നാല് പേർ റിമാന്റിലായി. സമരത്തെക്കുറിച്ചും തുടർനടപടികളെക്കുറിച്ചും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ദ ക്യു വിനോട് സംസാരിക്കുന്നു.
എസ്എഫ്ഐ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എങ്ങനെ നേരിടാനാണ് എസ്എഫ്ഐ തീരുമാനം?
ഫീസ് കുറക്കണം എന്നത് മാത്രമാണ് നമ്മുടെ പ്രധാനപ്പെട്ട ആവശ്യം. ഒരു കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് നിലവിലെ വർദ്ധിപ്പിച്ച ഫീസ്. വിസി ബി.അശോകിന്റെ പിടിവാശിയായണ് ഇവിടെ പ്രശ്നം. ഇത്തവണത്തെ അഡ്മിഷൻ നടപടികൾ ആരംഭിച്ച് ആദ്യ നോട്ടിഫിക്കേഷൻ ഇറങ്ങുമ്പോൾ ഫീസ് വർദ്ധന എന്ന കാര്യം ഇല്ല. എൻട്രസിന് ശേഷം രണ്ടാം ഘട്ട നടപടികൾ ആരംഭിക്കുമ്പോൾ അവരും നോട്ടിഫിക്കേഷനിൽ കൊടുത്തത് പഴയ ഫീസ് തന്നെയാണ് എന്നിരിക്കെ ഇനി ഈ വർഷം ഫീസ് വർദ്ധന അപ്രായോഗികമാണ്. സർവ്വകലാശകൾക്ക് വരുമാനം വർദ്ധിപ്പിക്കാനായി ഫീസ് വർദ്ധിപ്പിക്കാതെ മറ്റു വഴികൾ ഇല്ല എന്നാണ് അധികൃതർ പറയുന്നത്. അങ്ങനെയെങ്കിൽ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഫീസ് വർദ്ധിപ്പിക്കാവൂ. ഫീസ് വർദ്ധനവ് വിസി സ്വയമെടുത്ത തീരുമാനം, എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയപ്പോൾ ചർച്ച ചെയ്തില്ലെന്നും എസ്എഫ്ഐ എങ്ങനെ ഉന്നയിക്കുന്നു?
ഫീസ് വർദ്ധനവ് വിസി സ്വയമെടുത്ത തീരുമാനം, എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയപ്പോൾ ചർച്ച ചെയ്തില്ലെന്നും എസ്എഫ്ഐ എങ്ങനെ ഉന്നയിക്കുന്നു?
യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ, അഡ്മിഷൻ നടപടി ആരംഭിച്ച സ്ഥിതിക്ക് ഫീസ് വർദ്ധനവ് ഇനി ചർച്ച ചെയ്യരുത് എന്ന് എസ്എഫ്ഐ അന്ന് തന്നെ മുന്നോട്ടുവെച്ചതാണ്. ഫീസ് വർദ്ധന ഉടൻ ഉണ്ടാകില്ല, എല്ലാവരുമായും ചർച്ച നടത്തുമെന്ന് പറഞ്ഞാണ് അന്ന് യോഗം പിരിഞ്ഞത്. എത്ര വർദ്ധിപ്പിക്കണമെന്നോ, എങ്ങനെ വർദ്ധിപ്പിക്കണമെന്നോ എന്ന കാര്യത്തിൽ ഒരു തീരുമാനവും ആ യോഗത്തിൽ ഉണ്ടായിട്ടില്ല. റവന്യു വരുമാനം കൂട്ടാൻ നടപടി വേണം എന്നത് മാത്രമാണ് ആ യോഗത്തിൽ തീരുമാനമായ കാര്യം. ശേഷം കുട്ടികളുടെ ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനമായതായി മിനുട്സിൽ അനധികൃതമായി എഴുതിച്ചേർക്കുകയായിരുന്നു. വിസി ബി.അശോകിന്റെ നിർദേശപ്രകാരം രജിസ്ട്രാർ ആണ് മിനുട്സ് തിരുത്തിയത്. 'By the order of executive' എന്നാണ് ഇവർ മിനുട്സിൽ ചേർത്തിരിക്കുന്നത്. തങ്ങളുടെ അറിവോടെയല്ല ഫീസ് വർദ്ധന എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത മന്ത്രി കെ.രാജനെ പോലും ഇവർ ഇക്കാര്യം അറിയിച്ചിട്ടില്ല. ഇതുകൊണ്ടാണ് എസ്എഫ്ഐ വിസിക്കെതിരെക്കൂടെ സമരം പ്രഖ്യാപിച്ചത്.
എസ്എഫ്ഐ മന്ത്രിതലത്തിൽ ഇടപെടൽ നടത്തുന്നില്ലേ? ഇത് എങ്ങനെ പരിഹരിക്കും?
കാർഷിക വകുപ്പ് മന്ത്രി പി.പ്രസാദുമായി എസ്എഫ്ഐ നേതൃത്വം സംസാരിച്ചിരുന്നു. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റിയിൽ വെച്ച് ജനറൽ കൗൺസിൽ യോഗം വിളിച്ചു. പക്ഷെ ആ യോഗത്തിൽ വിസി, ഇതാണ് ഞങ്ങളുടെ തീരുമാനം എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചിട്ടില്ലല്ലോ എന്ന് വിദ്യാർഥികൾ ചോദിച്ചപ്പോൾ 'ഞാനാണ് ഈ യൂണിവേഴ്സിറ്റിയുടെ പരമാധികാരി, ഞാൻ കാര്യങ്ങൾ തീരുമാനങ്ങൾ എടുക്കും, അത് നടപ്പിലാക്കും' എന്നാണ് പറഞ്ഞത്. ഇവിടെയാണ് എസ്എഫ്ഐ വിസിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നത്.
ഇടതുപക്ഷം ഭരിക്കുമ്പോൾ, അവരുടെ ഭാഗമായ എസ്എഫ്ഐ വിസിയെ വ്യക്തിപരമായി അധിക്ഷേപിക്കാനായി, ക്യാമ്പസിലും റെയിൽവേ സ്റ്റേഷനുകളിലും വീട്ടുമുറ്റത്ത് വരെയും സമരം ചെയ്യുന്നു എന്നാണ് വിമർശനം?
കേരളത്തിലെ സർവ്വകലാശകളിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി യാതൊരു ബോധ്യവുമില്ലാത്ത ആളുകളാണ് ഇത്തരം വിമർശനം ഉന്നയിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷ സംഘടനകൾ സർവകലാശാലകളിൽ നടക്കുന്ന യഥാർഥ്യങ്ങളെ ഉൾകൊള്ളാൻ തയ്യാറാകുന്നില്ല. കേരളത്തിലെ 12 സർവ്വകലാശാലകൾക്കും പ്രവർത്തിക്കാൻ ഫണ്ട് നൽകുന്നത് സംസ്ഥാന സർക്കാരാണ്. എന്നാൽ സർക്കാരിന് ഇതിൽ ഒരു റോളുമില്ലെന്നാണ് ചാൻസലർ പറയുന്നത്. ഇതല്ലേ പ്രശ്നം, ഇതിനെയാണ് നമ്മൾ അഡ്രസ് ചെയ്യുന്നത്. വിസി സർക്കാരുമായി തെറ്റിയത് കൊണ്ട് എസ്എഫ്ഐ അവസരം ഉപയോഗപ്പെടുത്തി സമരം ചെയ്യുന്നു എന്ന വിമർശനം ഒരുനിലക്കും ശരിയല്ല. കഴിഞ്ഞ ദിവസം സർക്കാരുമായി വിസി വലിയ പ്രശ്നം ഉണ്ടായപ്പോഴും അതേ ദിവസം എസ്എഫ്ഐ ഇദ്ദേഹത്തിനൊപ്പം യോഗത്തിലിരുന്നല്ലോ, അദ്ദേഹവുമായി വ്യക്തിപരമായി എസ്എഫ്ഐക്ക് ഒരു പ്രശ്നവും ഇല്ല. സ്വാഭാവിക ഫീസ് വർദ്ധന എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്നാൽ തന്നിഷ്ടം ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കുന്ന നടപടി ആര് എടുത്താലും എസ്എഫ്ഐ സമരരംഗത്തുണ്ടാകും.