മൂന്ന് മാസം വൈകിയെത്തിയ നൂറ് കോടിയാണോ ആഘോഷിക്കുന്നത്?

നൂറ് കോടി വാക്സിനേഷന്‍ രാജ്യത്ത് നടന്നുവെന്നത് സന്തോഷകരമായ മൂഹൂര്‍ത്തമാണെങ്കിലും അത് നേരത്തെ കൈവരിക്കാമായിരുന്ന നേട്ടമായിരുന്നു എന്ന് പറയുകയാണ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രെഫസറും മുന്‍ പ്ലാനിങ്ങ് ബോര്‍ഡ് അംഗവുമായി ഡോ. ആര്‍. രാമകുമാര്‍

ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാം എടുത്തു നോക്കി കഴിഞ്ഞാല്‍ ഒട്ടേറെ പാളിച്ചകള്‍ നമുക്ക് കാണാന്‍ കഴിയും. 100 കോടി വാക്‌സിനേഷന്‍ സന്തോഷകരമായ മുഹൂര്‍ത്തമാണെന്ന് നമ്മള്‍ സമ്മതിക്കുമ്പോള്‍ തന്നെ ഈ സന്തോഷകരമായിട്ടുള്ള മുഹൂര്‍ത്തം രണ്ട് മൂന്ന് മാസം വൈകിയാണ് എത്തിയത് എന്നതാണ് പ്രശ്‌നം.

നമ്മുടെ വാക്‌സിന്‍ പോളിസി കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയിരുന്നെങ്കിലും ജൂലായ് മാസത്തിലോ അല്ലെങ്കില്‍ ആഗസ്ത് മാസത്തിന്റെ തുടക്കത്തിലോ നമുക്ക് ഈ ഡോസ് നല്‍കി തീര്‍ക്കാമായിരുന്നു. ഏപ്രില്‍ 7ാം തീയതിയിലെ കണക്കുകള്‍ നോക്കിയാല്‍ ഒരു ദിവസം ഇന്ത്യ 50 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നു. പക്ഷേ ആ റേറ്റ് നിലനിര്‍ത്തി പോകാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

ചൈന പോലെയുള്ള രാജ്യങ്ങള്‍ വാക്‌സിനേഷനില്‍ ഒരു കണ്‍സിസ്റ്റന്‍ഡ് സ്വഭാവം നിലനിര്‍ത്തി. ചൈനയില്‍ 80 ശതമാനം പേര്‍ക്കും രണ്ട് ശതമാനം വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ഇന്ത്യയില്‍ നോക്കുകയാണെങ്കില്‍ 75 ശതമാനം പേര്‍ക്കാണ് ഒരു ഡോസെങ്കിലും നല്‍കിയിരിക്കുന്നത്.

31 ശതമാനം പേര്‍ക്കേ രണ്ട് ഡോസും ഇതുവരെ നല്‍കിയിട്ടുള്ളു( അര്‍ഹമായ ജനസംഖ്യയില്‍). അതില്‍ എവിടെയാണ് ആഘോഷം. 33 ശതമാനം ആകുമ്പോള്‍ മാത്രമേ മൂന്നിലൊന്ന് എന്ന് പോലും പറയാന്‍ പറ്റുകയുള്ളൂ. എപ്പോഴെങ്കിലും നൂറ് കോടിയെത്തുമെന്നത് ഉറപ്പാണ്. പക്ഷേ അത് എപ്പോള്‍ വരണമെന്നത് പൊതുജനാരോഗ്യ പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ട് നോക്കുകയോ, മറ്റ് കൃത്യമായിട്ടുള്ള നയപരിപാടിയുടെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയോ ചെയ്യാതെ ഒരു റാന്‍ഡം സംഖ്യയായി കണ്ട് ആഘോഷങ്ങള്‍ നടത്തുന്നിടത്താണ് പ്രശ്‌നം നിലനില്‍ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in