ക്വട്ടേഷന്‍ ടീമിനോട് സിപിഎമ്മിന് പറയാനുള്ളത്‌

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ദ ക്യു അഭിമുഖത്തില്‍ ക്വട്ടേഷന്‍ മാഫിയ സംഘങ്ങളില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കുന്നു.

ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരെ സിപിഐഎം വിപുലമായ ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ രാമനാട്ടുകര സംഭവമല്ല. ഈ പ്രശ്‌നം നടക്കുന്നതിന് വളരെ മുന്‍പ് തന്നെ യുവാക്കള്‍ക്കിടയില്‍ ഇത്തരമൊരു ക്യാമ്പയിന്‍ നടത്താന്‍ സിപിഐഎം തീരുമാനിച്ചിരുന്നു.

ഇതൊരു സാമൂഹിക തിന്മയായി കണ്ടു കൊണ്ടും കൊടകര കുഴല്‍പ്പണക്കേസിന് നേതൃത്വം കൊടുത്തത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് എന്നതുകൊണ്ടുമാണ് ഇത്തരമൊരു തീരുമാനം സിപിഐഎം എടുക്കുന്നത്. ക്വട്ടേഷന് രാഷ്ട്രീയമില്ല. രാഷ്ട്രീയത്തിന് അധീതമായിട്ടാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ ക്വട്ടേഷന്‍ നടത്തുന്നത്.

ക്വട്ടേഷനെതിരായ നിലപാടുകള്‍ മറ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുന്നില്ല എന്നത് കൂടി മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരേണ്ടതാണ്. സിപിഐഎം എന്ന പാര്‍ട്ടി മാര്‍ക്‌സിസത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതാണ്. ആ പാര്‍ട്ടിക്ക് ക്വട്ടേഷന്‍ പോലൊരു ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല.

സാമൂഹിക മാധ്യമങ്ങള്‍ സിപിഐഎം ഉപയോഗിക്കുന്നത് ആശയ പ്രചരണത്തിനാണ് വ്യക്തിഹത്യയ്ക്കല്ല. സാമൂഹിക മാധ്യമങ്ങളില്‍ എങ്ങനെ ഇടപെടണമെന്ന ധാരണ കൃത്യമായിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ക്വട്ടേഷന്‍കാരുടെ ഒരു സഹായവും സിപിഐഎമ്മിന് വേണ്ട.

പാര്‍ട്ടിയ്ക്ക് അനുകൂല സാഹചര്യം വരുമ്പോള്‍ വാനോളം പുകഴ്ത്തുകയും, അല്ലാത്തപ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്ന അനേകം പേരുമുണ്ട്. പാര്‍ട്ടിയെ നവമാധ്യമങ്ങളിലൂടെയല്ല വിമര്‍ശിക്കേണ്ടത്. പാര്‍ട്ടിക്കുള്ളിലാണ് വിമര്‍ശിക്കേണ്ടത്. ഈ കാഴ്ചപ്പാടാണ് ഞങ്ങള്‍ക്കുള്ളത്. ക്വട്ടേഷന് ഒരു മാന്യതയും സമൂഹം നല്‍കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in