ഡിവൈഎഫ്‌ഐയെ മൂക്കില്‍ കയറ്റുമെന്ന് പറയാനുള്ള ധൈര്യം എവിടുന്നു കിട്ടി, വെളിപ്പെടുത്താനുള്ളത് പെട്ടെന്നാകട്ടെ; ആകാശിനോട്‌ മനു തോമസ്

ഡിവൈഎഫ്‌ഐയെ മൂക്കില്‍ കയറ്റുമെന്ന് പറയാനുള്ള ധൈര്യം എവിടുന്നു കിട്ടി, വെളിപ്പെടുത്താനുള്ളത് പെട്ടെന്നാകട്ടെ; ആകാശിനോട്‌
മനു തോമസ്

സ്വര്‍ണ്ണക്കടത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്. അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന അര്‍ജുന്‍ ആയങ്കിയുടെയും ആരോപണ വിധേയനായ ആകാശ് തില്ലങ്കേരിയുടെയും സിപിഎം-ഡിവൈഎഫ്‌ഐ ബന്ധം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ് ദ ക്യുവിനോട് സംസാരിക്കുന്നു.

അര്‍ജുന്‍ ആയങ്കി, അകാശ് തില്ലങ്കേരി തുടങ്ങിയവരുമായി ഒരു ബന്ധവുമില്ല എന്ന് പാര്‍ട്ടിയും ഡിവൈഎഫ്ഐ നേതൃത്വവും ആവര്‍ത്തിക്കുമ്പോഴും, നേതൃത്വത്തിന് താക്കീത് നല്‍കുന്ന വിധത്തിലുള്ള പ്രതികരണമാണ് ആകാശ് തില്ലങ്കേരിയെ പോലുള്ളവര്‍ നടത്തുന്നത്? നുണപ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നൊക്കെയാണ് പറഞ്ഞത്. ഡിവൈഎഫ്ഐയുടെ മടിയില്‍ കനമുണ്ട് എന്നാണോ ആകാശ് തില്ലങ്കേരി ഈ ഭീഷണിയിലൂടെ പറയുന്നത്.

ഞാന്‍ ആ പോസ്റ്റ് വായിച്ചിട്ടില്ല, മാധ്യമങ്ങളിലൊക്കെ വാര്‍ത്ത വന്നത് കണ്ടു.

എന്തായാലും എത്രയും വേഗം വെളിപ്പെടുത്തണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയാണെങ്കില്‍ കാര്യങ്ങള്‍ വ്യക്തമാകുമല്ലോ. അല്ലാതെ അവനാരാണ് ഈ പ്രസ്ഥാനത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യാനും വെല്ലുവിളിക്കാനും. ഡിവൈഎഫ്ഐ പോലുള്ള യുവജന പ്രസ്ഥാനത്തെ മൂക്കില്‍ കയറ്റുമെന്ന് പറയാനുള്ള ധൈര്യം അവനെവിടുന്നാണ് കിട്ടിയത്. അങ്ങനെ അവന്‍ ചെയ്യുമെങ്കില്‍ ചെയ്യട്ടേ, എന്നാണ് എന്റെ അഭിപ്രായം.
ഡിവൈഎഫ്‌ഐയെ മൂക്കില്‍ കയറ്റുമെന്ന് പറയാനുള്ള ധൈര്യം എവിടുന്നു കിട്ടി, വെളിപ്പെടുത്താനുള്ളത് പെട്ടെന്നാകട്ടെ; ആകാശിനോട്‌
മനു തോമസ്
ഡിവൈഎഫ്‌ഐയ്ക്ക് വേണ്ടി പറയാന്‍ ഒരു പോരാളിയേയും ഏല്‍പ്പിച്ചിട്ടില്ല|അഭിമുഖം, എഎ റഹീം

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു ശബ്ദ സന്ദേശവും കൂടി പുറത്ത് വന്നല്ലോ, അതില്‍ ടിപി വധക്കേസിലെ പ്രതികളുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്, സഹായത്തിന് പാര്‍ട്ടിക്കാരുണ്ടാകും എന്ന് പറയുന്നുണ്ട്. പാര്‍ട്ടിക്കാര്‍ ഇവര്‍ക്കൊക്കെ സംരക്ഷണം ഒരുക്കുന്നു എന്ന വിധത്തിലാണല്ലോ ഇവര്‍ പറഞ്ഞു നടക്കുന്നത്. അത്തരം റിപ്പോര്‍ട്ടുകളുമാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇത് ഡിവൈഎഫ്ഐയെ പ്രതിരോധത്തിലാക്കുന്നുണ്ടോ?

അതിലൊന്നും ഒരു കാര്യവുമില്ല, പാര്‍ട്ടി ഞങ്ങളുടെ കൂടെയാണ് എന്ന് അവര്‍ക്ക് പേടിപ്പിക്കേണ്ട ആരെയോ പേടിപ്പിക്കാന്‍ വേണ്ടി പറയുന്നതാണതൊക്കെ. ഒരു പ്രസ്ഥാനമെന്ന നിലയില്‍ പാര്‍ട്ടിയെ എല്ലാവര്‍ക്കും വിശ്വാസവും ബഹുമാനവുമുണ്ട്. അപ്പോള്‍ പാര്‍ട്ടി ഞങ്ങളാണ് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ അവര്‍ക്ക് പേടിപ്പിക്കേണ്ട ആളുകളെ വളരെ എളുപ്പത്തില്‍ പേടിപ്പിക്കാമല്ലോ. അതുകൊണ്ടു തന്നെയാണ് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇവര്‍ പാര്‍ട്ടിയല്ല, ഇവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല എന്ന്.

ഇനി ആരെയെങ്കിലും പാര്‍ട്ടി ബന്ധം പറഞ്ഞ് ഇക്കൂട്ടര്‍ തെറ്റിധരിപ്പിക്കുന്നുണ്ടെങ്കില്‍ ആ തെറ്റ്ധാരണയില്‍ വീണു പോകരുത്. പാര്‍ട്ടി എന്ന് പറഞ്ഞാല്‍ ഇതൊന്നുമല്ല, ഡിവൈഎഫ്ഐ എന്ന് പറഞ്ഞാല്‍ ഇതൊന്നുമല്ല. ഡിവൈഎഫ്ഐ്യ്ക്ക് ക്വട്ടേഷന്‍ സംഘവുമായി ഒരു ബന്ധവുമില്ല.

അര്‍ജുന്‍ ആയങ്കിയെ പാര്‍ട്ടി നേരത്തെ പുറത്താക്കിയതാണ് എന്ന് പറയുന്നുണ്ട്. പക്ഷേ കുറച്ചു നാളുകള്‍ക്ക് മുമ്പ് ഇയാള്‍ ഡിവൈഎഫ്ഐയുടെ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നല്ലോ

എനിക്ക് അതിന്റെ തീയ്യതി കൃത്യമായിട്ട് അറിയില്ല. പക്ഷേ ഒരു മൂന്ന് നാല് വര്‍ഷത്തിനിടയില്‍ ഡിവൈഎഫ്ഐയുടെ ഔദ്യോഗിക പരിപാടിയില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ടാകില്ല. നാട്ടില്‍ ഏതെങ്കിലും ബഹുജന പരിപാടികള്‍ നടക്കുമ്പോള്‍ അവരതിന്റെ ഭാഗമായിട്ടുണ്ടോ എന്നത് അറിയില്ല.

എന്തായാലും സംഘടനയുടെ ഭാരവാഹി എന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വഹിച്ചുകൊണ്ട് അവര്‍ ഒരു പരിപാടിയിലും പങ്കെടുത്തിട്ടുണ്ടാകില്ല. ഡിവൈഎഫ്ഐയുടെ ഒരു ഉത്തരവാദിത്തവും അവര്‍ വഹിക്കുന്നില്ല.

ചെമ്പിലോട് മേഖല സെക്രട്ടറി അര്‍ജുന്‍ ആയങ്കിയെ സഹായിച്ചുവെന്ന റിപ്പോര്‍ട്ടുകളാണല്ലോ പുറത്തു വരുന്നത്. അവിടെ ഈ ഉന്നയിക്കുന്ന വാദങ്ങളെല്ലാം പ്രതിരോധത്തിലാവുകയല്ലേ ചെയ്യുന്നത്?

മേഖല സെക്രട്ടറി എന്ന നിലയില്‍ സംഘടനാ ഉത്തരവാദിത്തത്തിലേക്ക് ഒരാളെ തെരഞ്ഞെടുക്കുന്നു. അയാള്‍ക്കൊരു വ്യക്തിപരമായ സൗഹൃദം ചിലരുമായി ഉണ്ടാകുന്നു. ആ വ്യക്തിപരമായ സൗഹൃദം ഉണ്ടാക്കുന്ന ആള്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണെന്ന് സംഘടനയ്ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല.

സജേഷ് എന്ന് പറയുന്നയാള്‍ വ്യക്തിപരമായി ഉണ്ടാക്കിയ സൗഹൃദം സൂക്ഷിക്കുന്നത് സംഘടനയ്ക്ക് പെട്ടെന്ന് മനസിലാകണമെന്നില്ല. ഒരു ഘട്ടത്തില്‍ പൊതുസമൂഹം അല്ലെങ്കില്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ഇങ്ങനെയോരു കാര്യമുണ്ട് എന്ന്. ചൂണ്ടിക്കാണിച്ച് 24 മണിക്കൂര്‍ തികയാന്‍ കാത്തിരുന്നില്ലല്ലോ, സംഘടന അയാളെ പുറത്താക്കിയില്ലേ, പ്രാഥമിക അംഗത്വത്തില്‍ നിന്ന് പോലും ഒഴിവാക്കിയില്ലേ. അല്ലാതെ സംരക്ഷിക്കാന്‍ നിന്നില്ലല്ലോ. അതാണ് ഈ സംഘടനയുടെ മെറിറ്റ്.

പോരാളി ഷാജി, പിജെ ആര്‍മി തുടങ്ങിയ പേജുകളൊക്കെ അനേകം ഇടത് അനുകൂല വ്യക്തികളാണ് ഫോളോ ചെയ്യുന്നതും പിന്തുണകൊടുക്കുന്നതും. ഇവരെല്ലാം ഇടതുപക്ഷത്തിന്റെ സൈബര്‍ പ്രചാരകരാവുകയാണ്. ഇത്തരം സ്പേസുകള്‍ വഴി തന്നെയാണല്ലോ കൊട്ടേഷന്‍ സംഘങ്ങളും കൊലയാളികളുമൊക്കെ ഇടപെടുന്നത് ?

ഡിവൈഎഫ്ഐയുടെ നവമാധ്യമ സംവിധാനം എന്ന് പറയുന്നത് ഡിവൈഎഫ്ഐയുടെ തന്നെയാണ്. അല്ലാതെ നമ്മള്‍ ഒരു ഗ്രൂപ്പിനെയും ഏല്‍പ്പിച്ചിട്ടില്ല. എന്റെ അറിവില്‍ പാര്‍ട്ടിയും അങ്ങനെ ആരെയും നവമാധ്യമ പ്രചരണത്തിനുള്ള ചുമതല ഏല്‍പ്പിച്ചിട്ടില്ല. നവമാധ്യമങ്ങളില്‍ ഇടപെടാനും രാഷ്്ട്രീയ പ്രചരണം നടത്താനുമുള്ള സംവിധാനം പാര്‍ട്ടിക്ക് തന്നെയുണ്ട്. അല്ലാതെ പുറത്ത് നിന്ന് അപരമായൊരു പേരിട്ട് എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ആരെയും ഏല്‍പ്പിച്ചിട്ടില്ല.

പൊതുസമൂഹത്തില്‍ ചില തെറ്റിധാരണയുണ്ടാക്കുക മാത്രമാണ് ഇതെല്ലാം ചെയ്യുന്നത്. എന്തിനാണ് സിപിഐഎമ്മിനും ഡിവൈഎഫ്ഐയ്ക്കും മറ്റൊരു പേരിട്ടുകൊണ്ട് ഇതില്‍ പ്രവര്‍ത്തിക്കേണ്ട കാര്യം. ഞങ്ങളുടെ തന്നെ ഔദ്യോഗിക സംവിധാനത്തെ ഉപയോഗിച്ച് നവമാധ്യമങ്ങളില്‍ ആശയപ്രചരണം നടത്തുന്നുണ്ട്. അല്ലാതെ ഒരു പോരാളിയേയും പ്രചരണം ഏല്‍പ്പിച്ചിട്ടില്ല.

സോഷ്യല്‍ മീഡിയ എന്ന് പറയുന്നത് വേറൊരു വലിയ ജനാധിപത്യ ഏരിയയാണ്. അവിടെ ഒരു പോസ്റ്റ് വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണെങ്കില്‍ ഇടതുപക്ഷക്കാരന്‍ അല്ലെങ്കില്‍ ഡിവൈഎഫ്ഐക്കാരന്‍ ലൈക്ക് ചെയ്യും.

അതുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ക്കും പേജുകള്‍ക്കും ലൈക്കും ഷെയറുമൊക്കെ ഉണ്ടാകുന്നത്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണെന്ന് പിന്നീടാണ് മനസിലാകുക. അപ്പോള്‍ സ്വാഭാവികമായിട്ടും അവരതില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യും.

ഇത്തരം സൈബര്‍ പ്രാചരകര്‍ ഡിവൈഎഫ്ഐയ്ക്ക് ഉള്‍പ്പെടെ ഒരു ബാധ്യതയായി മാറുകയല്ലേ?

ഡിവൈഎഫ്ഐ ഒരാളെ ഒരു കാര്യം ഏല്‍പ്പിച്ചു, പിന്നീട് അയാളുടെ ചെയ്തികൊണ്ട് ഡിവൈഎഫ്ഐയ്ക്ക് പ്രയാസമുണ്ടാകുമ്പോള്‍ അത് ബാധ്യത എന്ന് പറയാം. ഇത് അങ്ങനെ അല്ലല്ലോ. ഡിവൈഎഫ്ഐയുടെ ഉത്തരവാദിത്തത്തില്‍ തുടങ്ങിയ ഒരു കാര്യമല്ല ഇതൊന്നും.

ഏതൊക്കെയോ ആളുകള്‍ ഡിവൈഎഫ്ഐയുടെയോ, സിപിഐഎമ്മിന്റെയോ പ്രധാനപ്പെട്ടയാളാണ് ഞാന്‍ എന്ന് തെറ്റിധരിപ്പിക്കുന്ന വിധത്തില്‍ പോസ്റ്റുകള്‍ ഉണ്ടാക്കുന്നു ചിത്രങ്ങളുപയോഗിക്കുന്നു.

അതൊന്നും ഒരു സംഘടനയ്ക്ക് ഇന്നത്തെ ഈ സോഷ്യല്‍ മീഡിയ സംവിധാനത്തില്‍ തടയാന്‍ പറ്റില്ല. പകരം നമുക്ക് പൊതുസമൂഹത്തോട് പറയാം ഈ ആളുകള്‍ പറയുന്നത് ശരിയല്ല, ഇവരൊന്നും ഞങ്ങളുടെ സംഘടനാ സംവിധാനത്തിന്റെ ഭാഗമല്ല എന്ന്. അതാണ് ഞങ്ങള്‍ ചെയ്യുന്നതും.

സിപിഐഎമ്മിനും ഡിവൈഎഫ്ഐക്കുമെതിരെ സൈബര്‍ ലിഞ്ചിങ്ങുമായി ഉള്‍പ്പെടെ പരാതികള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഇതില്‍ പലപ്പോഴും ഇത്തരം അനൗദ്യോഗിക ഗ്രൂപ്പുകളും ഭാഗമാകുന്നുണ്ട്. കെ.കെ രമയുള്‍പ്പെടെ നേരിട്ടത് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമായിരുന്നു

ഞങ്ങള്‍ കമ്മിറ്റികളിലുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതിനെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

കെകെ രമയെന്നല്ല ഒരാളുടെയും പോസ്റ്റിനടിയില്‍ പോയി അവരെ വ്യക്തിഹത്യ ചെയ്യുന്ന നടപടികള്‍ ഡിവൈഎഫ്ഐ പ്രോത്സാഹിപ്പിക്കുന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ രാഷ്ട്രീയമായി അവരോട് വിയോജിക്കാം, രാഷ്ട്രീയമായി അവരോട് എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാം. വ്യക്തിപരമായതോ, സമൂഹത്തിന് യോജിക്കാത്തതോ ആയ പ്രയോഗങ്ങള്‍ ഉപയോഗിക്കരുത്. അതിന് വേണ്ടി ഞങ്ങള്‍ ആരെയും നിയോഗിച്ചിട്ടുമില്ല.

ക്വട്ടേഷന് മാഫിയ സംഘങ്ങള്‍ക്കെതിരായി 3801 കേന്ദ്രങ്ങളിലായി ബോധവത്കരണ പരിപാടി നടത്തുകയാണല്ലോ പാര്‍ട്ടി. ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിക്കിടയില്‍ വലിയ രീതിയില്‍ വേരൂന്നിയിട്ടുണ്ട് എന്ന ഭയമാണോ ഇതിന് കാരണം? ഈ പ്രശ്നം സിപിഐഎമ്മിനെ വലിയ തോതില്‍ ബാധിച്ചു എന്ന ആശങ്കയുണ്ടോ?

സിപിഐഎമ്മിനെ മാത്രം ബാധിക്കുന്ന കാര്യമല്ല ഇത്. സമൂഹത്തെ ആകെ ബാധിക്കേണ്ട ഭയമാണിത്. ഇതൊരു സാമൂഹികമായ തിന്മയാണ്. പണമുണ്ടാക്കാന്‍ ഏത് സാമൂഹിക വിരുദ്ധ സംഘവുമായി ചേരുക. ഏതുവിധേനെയും പണമുണ്ടാക്കുക. അതിന് കൊട്ടേഷന്‍ സംഘടിപ്പിക്കുക എന്നുള്ളത് സാമൂഹിക വിപത്താണ്. അത് പ്രതിരോധിക്കാന്‍ ആദ്യം മുന്നില്‍ നില്‍ക്കുന്നത് സിപിഐഎമ്മും ഡിവൈഎഫ്ഐയുമാണ്. അത് എല്ലാക്കാലത്തും അങ്ങനെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in