ഡിവൈഎഫ്‌ഐയ്ക്ക് വേണ്ടി പറയാന്‍ ഒരു പോരാളിയേയും ഏല്‍പ്പിച്ചിട്ടില്ല|അഭിമുഖം, എഎ റഹീം

ഡിവൈഎഫ്‌ഐയ്ക്ക് വേണ്ടി പറയാന്‍ ഒരു പോരാളിയേയും ഏല്‍പ്പിച്ചിട്ടില്ല|അഭിമുഖം, എഎ റഹീം

രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്ന് വന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഡിവൈഎഫ്‌ഐ നേരിടുന്നത്. ഈ പ്രശ്‌നം തിരിച്ചറിയാനും നടപടി സ്വീകരിക്കാനും എന്തുകൊണ്ടാണ് കഴിയാതെ പോയത്?

ഡിവൈഎഫ്‌ഐ മാത്രമേ ഈ പ്രശ്‌നം തിരിച്ചറിഞ്ഞ് പൊതുസമൂഹത്തില്‍ ഇവരെ തുറന്നു കാട്ടുന്നുള്ളൂ. അതിന്റെ അര്‍ത്ഥം ഡിവൈഎഫ്‌ഐക്കാരെ മാത്രമാണ് ഈ പ്രശ്‌നം ഗ്രസിച്ചിരിക്കുന്നത് എന്നല്ല. ഡിവൈഎഫ്‌ഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ഇവിടെ.

ഓരോ കാലഘട്ടത്തിനും ആ കാലഘട്ടത്തിന്റേതായ പ്രവണതകള്‍ ഉണ്ടാകാറുണ്ട്. എങ്ങനെയും പണമുണ്ടാക്കണമെന്ന ചിന്തയാണ് ഈ സംഘത്തെ നയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് പൊതുവായ പ്രശ്‌നമാണ്. ഒരു രാഷ്ട്രീയ പ്രശ്‌നമായി തന്നെ ഇതിനെ കാണണം. ഡിവൈഎഫ്‌ഐയിലേക്ക് മാത്രം വിരല്‍ ചൂണ്ടി വര്‍ത്തമാനം പറയുന്നത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടുകൂടിയുള്ള പ്രചരണമാണ്.

രാമാനാട്ടുകര സംഭവത്തില്‍ യൂത്ത് ലീഗിന്റെ പ്രവര്‍ത്തകരുമുണ്ട്, അതേ സംഘങ്ങള്‍ക്ക് തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകരുമായുള്ള ബന്ധം ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള തെറ്റായ പ്രവണതകളാണ് ഇതിനെയെല്ലാം നയിക്കുന്നത്. ഉദാഹരണത്തിന് കൊടകര കുഴല്‍പ്പണക്കേസില്‍ ധര്‍മ്മരാജനെന്ന ആര്‍എസ്എസ് നേതാവ് ഹവാല ഇടപാടാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വലിയ കമ്മീഷനാണ് ഇവര്‍ക്കൊക്കെ ലഭിക്കുന്നത്.

അതുകൊണ്ട് ബിജെപിക്ക് വേണ്ടിയും കടത്തും മറ്റുപലര്‍ക്കും വേണ്ടിയും കടത്തും. പെട്ടെന്ന് പണക്കാരാകുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. വലിയ തോതിലുള്ള പണമായിരിക്കും പ്രതിഫലമായി ഇവര്‍ക്കെല്ലാം ലഭിക്കുക. ഇത്തരം പ്രവണതകള്‍ സമൂഹത്തിലുണ്ട് എന്ന് തിരിച്ചറിഞ്ഞ ഘട്ടത്തില്‍ തന്നെ സ്വയം പരിശോധനയ്ക്ക് വിധേയരാവുകയും ഇതിനെതിരായി ശക്തമായ പ്രചരണം ഞങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഈ വിവാദം ഉണ്ടാകുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങള്‍ ക്യാമ്പയിന്‍ നടത്തിയത്.കേരളത്തിലെ ഒരൊറ്റ മാധ്യമങ്ങളും, ഈ പ്രവണതയ്‌ക്കെതിരെ അന്ന് ഡിവൈഎഫ്‌ഐ നടത്തിയ പരിപാടിയെയോ, ആ സംഭവത്തെക്കുറിച്ചോ അനുകൂലിച്ചോ പ്രതികൂലിച്ചോ ഒരു വാര്‍ത്ത പോലും കൊടുത്തിട്ടില്ല. കാരണം അവരുടെ ഫോക്കസ് അവിടെയല്ല എന്നത് തന്നെയാണ്.

ഈ പ്രശ്‌നം പോലും എത്ര ദിവസം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ വിഷയം ചര്‍ച്ചയാകുന്നതില്‍ ഞങ്ങള്‍ക്ക് ഒരു ദുഃഖവുമില്ല, ഇത്തരം പ്രവണതകള്‍ക്കെതിരായ ഒരു ചര്‍ച്ച രൂപപ്പെട്ട് വരണമെന്ന് തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതും. മാധ്യമങ്ങള്‍ ക്ഷണികമായ നേരത്തേക്ക് ഇപ്പോഴത്തെ ഒരു വിവാദ പരിസരത്തില്‍ നിന്നുകൊണ്ട് മാത്രം വര്‍ത്തമാനം പറയുകയാണ്.

വിവാദത്തിന്റെ കുന്തമുന ഡിവൈഎഫ്‌ഐയ്ക്കു നേരെ വെക്കുന്നതില്‍ വളരെ കൗശലപൂര്‍ണമായ ശ്രമവും നടക്കുന്നുണ്ട്. പക്ഷേ യാഥാര്‍ത്ഥ്യം അതല്ലല്ലോ. 2021 ജനുവരി മാസത്തില്‍ ഡിവൈഎഫ്‌ഐയുടെ എല്ലാ ജില്ലാ കമ്മിറ്റികളും കണ്ണൂരില്‍ യോഗം ചേര്‍ന്നിരുന്നു. ചിലരുടെ പേരുള്‍പ്പെടെ അവിടെ പരാമര്‍ശിച്ചു.

ഈ പറയുന്ന ആളുകളില്‍ ഒരാള്‍ 2016ല്‍ ഡിവൈഎഫ്‌ഐയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. അയാള്‍ ഡിവൈഎഫ്‌ഐയുടെ അംഗം മാത്രമായിരുന്നു. യൂണിറ്റ് കമ്മിറ്റിയില്‍ പോലുമില്ല, ഒരു ഘടകത്തിലുമുണ്ടായിരുന്നില്ല. അര്‍ജുന്‍ ആയങ്കിയെ 2018ല്‍ ഡിവൈഎഫ്‌ഐയില്‍ നിന്ന് ഒഴിവാക്കിയതാണ്. സോഷ്യല്‍ മീഡിയല്‍ ഇതുപോലുള്ള ആളുകളെ ബിംബവത്കരിച്ച് വിപ്ലവകാരികളായി അവതരിപ്പിക്കപ്പെടുന്നുണ്ട്.

2021 ജനുവരിയില്‍ തന്നെ ഈ കാര്യം വ്യക്തമായി ഞങ്ങള്‍ സംഘടനയ്ക്ക് അകത്തും പുറത്തും പറഞ്ഞതാണ്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരാണ് ഡിവൈഎഫ്‌ഐ. ഈ ക്വട്ടേഷന്‍ സംഘങ്ങളുടെ ഭാഗമായി പോകുന്ന ഇത്തരക്കാര്‍ വലിയ അപകടങ്ങളിലേക്ക് ചെന്നുവീഴും. അതുകൊണ്ട് രക്ഷാകര്‍ത്താക്കള്‍ തന്നെ ഇതില്‍ ഇടപെടണം. പുതിയ തലമുറയുടെ മനസില്‍ തെറ്റായ സ്വാധീനം ഈ പറയുന്ന ആളുകള്‍ ഉണ്ടാക്കാന്‍ പാടില്ല. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ ജാഥ നയിച്ചതും പ്രചരണം നടത്തിയതും.

സോഷ്യല്‍ മീഡിയയിലൊക്കെ ഇവരെ കാണുന്നവര്‍ക്ക് ചിലപ്പോള്‍ ഇവര്‍ വലിയ സഖാക്കളാണെന്ന് തോന്നിപ്പോകും. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ പരസ്യമായ നിലപാട് ഡിവൈഎഫ്‌ഐ എടുത്തതാണ്, വേറെ ഏത് യുവജനസംഘടനയ്ക്കാണ് അതിന് സാധിക്കുക

എറണാകുളത്ത് ഒരു പോക്‌സോ കേസിലെ പ്രതിയെ ഇപ്പോഴും യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായി വെച്ച് വാഴിക്കുന്നവരുടെ നാവിന്‍ തുമ്പില്‍ നിന്നാണ് ഇങ്ങനെ ഞങ്ങള്‍ക്കെതിരായ ഹേയ്റ്റ് ക്യാമ്പയിന്‍ നടക്കുന്നത് എന്നുകൂടി ഓര്‍മ്മിക്കണം. ഞങ്ങള്‍ക്ക് ഈ കാര്യത്തില്‍ വളരെ ശക്തമായ നിലപാടാണുള്ളത്. എങ്ങനെയെങ്കിലും പണമുണ്ടാക്കണം എന്ന പ്രവണതയാണ് യുവാക്കള്‍ക്കിടയില്‍ ശക്തിപ്പെട്ട് വരുന്നത്, അത് തിരുത്തപ്പെടണം.

ഇത് ഡിവൈഎഫ്‌ഐയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് തോന്നുന്നുണ്ടോ? ആകാശ് തില്ലങ്കേരിയേയും അര്‍ജുന്‍ ആയങ്കിയേയും പോലുള്ള ആളുകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വാധീനമാണുണ്ടായിരുന്നത്.

ഡിവൈഎഫ്‌ഐയുടെ വിശ്വാസ്യതയെ ബാധിക്കുമോ എന്നുള്ളത് നിരര്‍ത്ഥകമായ ചോദ്യമാണ്. ചരിത്രത്തില്‍ എല്ലായ്‌പ്പോഴും ഓരോ കാലഘട്ടത്തിലും തെറ്റായ പ്രവണതകള്‍ ഉണ്ടാകും. അവ സമൂഹത്തെ പൊതുവില്‍ ബാധിക്കുന്ന പ്രവണതകളാണ്. ആ പ്രവണതകള്‍ക്ക് എതിരായ സമരങ്ങളിലൂടെയാണ് ഡിവൈഎഫ്‌ഐ കഴിഞ്ഞ നാലു പതിറ്റാണ്ട് കാലത്തിനിടയില്‍ മുന്നോട്ട് വന്നിട്ടുള്ളത്. ആ ശക്തമായ നിലപാടുകളാണ് ഡിവൈഎഫ്‌ഐയെ കൂടുതല്‍ ശക്തിപ്പെടുത്തിയത്. ജനമിതെല്ലാം കാണുന്നുണ്ടല്ലോ. സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് ശരിയായ നിലപാടാണ് ഡിവൈഎഫ്‌ഐ എടുക്കുന്നത് എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്‌ഐ വളര്‍ന്നത്.

സമൂഹ മാധ്യമങ്ങള്‍ക്ക് നിര്‍ണായകമായ സ്വാധീനം ഉള്ളകാലത്ത്, അത്തരം ഇടപെടലുകളില്‍ കൂടുതല്‍ ജാഗ്രത സംഘടന പുലര്‍ത്തണം എന്ന് തോന്നിയിട്ടില്ലേ?

സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളില്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. സാമൂഹിക മാധ്യമങ്ങളെ വലിയ തോതില്‍ ദുരുപയോഗം ചെയ്യാന്‍ പറ്റും. കൊല്ലത്ത് രേഷ്മ എന്ന് പറയുന്ന കുട്ടിയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടല്ലോ. അജ്ഞാതമായ പ്രൊഫൈലിനെയാണ് അന്തമായി ആ പെണ്‍കുട്ടി പിന്തുടര്‍ന്നത്. അജ്ഞാതമായ പ്രൊഫൈലുകളെ പിന്തുടരുന്നവരുടെ എണ്ണം കൂടി വരികയാണ്.

വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ കാണുന്ന മനോഹാരിതയില്‍ പലര്‍ക്കും കാലിടറി വീഴുന്നുണ്ടാകാം. നമ്മള്‍ അതിനെതിരെ നിരന്തരമായി ജാഗ്രതപ്പെടുത്തിയേ മതിയാകൂ. ഡിവൈഎഫ്‌ഐയുടെ കാര്യങ്ങള്‍ പറയാന്‍ ഡിവൈഎഫ്‌ഐ വേറെയാരെയും ചുമതലപ്പെടുത്തിയിട്ടില്ല.

വളരെ ആത്മാര്‍ത്ഥമായി സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന ആളുകളുണ്ട്. പക്ഷേ ചിലര്‍ വളരെ അപകടകരമായ പ്രയോഗങ്ങള്‍ നടത്തുകയാണ്, സ്ത്രീ വിരുദ്ധത പറയുന്നു, വിലകുറഞ്ഞ ഭാഷകള്‍ പ്രയോഗിക്കുന്നു, പ്രകോപനങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്നു. അതിന് വിവിധ ഗ്രൂപ്പുകളും പ്രത്യേക സംഘങ്ങളുണ്ട്.

അവര്‍ക്കൊന്നും ഡിവൈഎഫ്‌ഐയുമായി ഒരു ബന്ധവുമില്ല. എനിക്ക് തന്നെ ഇത്തരം പ്രൊഫൈലുകളില്‍ നിന്ന് പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട് . ഇതില്‍ പലതും ചെഗുവേരയുടെ പടം ഇട്ടിട്ടുള്ള പ്രൊഫൈലുകളായിരിക്കും. അല്ലെങ്കില്‍ ഈ പറയുന്ന പോലെ സ്വയം പോരാളികളായി അവതരിപ്പിക്കുന്ന പ്രചരണങ്ങളുണ്ടാകും. ഇവരൊക്കെ പറയുമ്പോള്‍ സാധാരണ ജനങ്ങള്‍ തെറ്റിധരിക്കും ഇങ്ങനെയൊക്കെയാണോ ഡിവൈഎഫ്‌ഐക്കാര്‍ പറയുക, ഈ ഭാഷയാണോ ഡിവൈഎഫ്‌ഐക്കാര്‍ ഉപയോഗിക്കുക എന്നൊക്കെ. അങ്ങനെ എത്രയോ പേരെ എനിക്കു തന്നെ അറിയാം.

കൂടുതല്‍ ജാഗ്രത വേണം. അതിന് ഡിവൈഎഫ്‌ഐ ശ്രദ്ധ ചെലുത്തുകയും ശക്തമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. ശക്തമായ ഭാഷയില്‍ തുറന്നു പറയുകയും തുറന്നെതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും അത് തുടരും.

ഡിവൈഎഫ്‌ഐയ്ക്ക് ബന്ധമില്ല എന്ന് പറയുമ്പോഴും സ്വര്‍ണ്ണക്കടത്തിന് അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാറ് ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി.സജേഷിന്റേതാണ്?

മേഖല സെക്രട്ടറി സജേഷ് എന്നയാള്‍ പ്രഥമദൃഷ്ട്യാ തന്നെ സംഘടനയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനമാണ് ചെയ്തത്. കാരണം പലയാളുകള്‍ക്കും ഈ പറയുന്ന ആളുകളുമായി ബന്ധമുണ്ടാകാം. അത് പക്ഷേ ദുരുദ്ദേശ്യത്തോടെയുള്ളതായിരിക്കണമെന്നില്ല, അറിയാത്തതുകൊണ്ടും അങ്ങനെ സംഭവിക്കും. പക്ഷേ മുന്നറിയിപ്പ് ലഭിച്ചാല്‍ പിന്മാറണമല്ലോ.

ഉദാഹരണത്തിന് 2021 ജനുവരി മുതല്‍ ഞങ്ങള്‍ എല്ലാ ഘടകങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സജേഷ് ഉള്‍പ്പെടെ ഇരിക്കുന്ന ഘടകങ്ങളില്‍ അറിയിപ്പ് പോയിട്ടുണ്ട്. അന്ന് ഇത്തരം ആളുകളുമായി ബന്ധം വെക്കരുതെന്നും ഇവരാരും ഡിവൈഎഫ്‌ഐയുമായി ബന്ധമുള്ളവരല്ല എന്നും ഞങ്ങള്‍ കൃത്യമായി പറഞ്ഞതാണ്. പക്ഷേ സജേഷ് അത് ലംഘിച്ചു.

ഡിവൈഎഫ്‌ഐ എന്ന സംഘടന പറഞ്ഞാല്‍ ആ ബന്ധം തുടരരുതല്ലോ. സംഘടന വിലക്കിയതിനു ശേഷവും ബന്ധം തുടര്‍ന്നതുകൊണ്ടാണല്ലോ കാറിന്റെ പ്രശ്‌നങ്ങള്‍ വന്നത്. ഇത് പിടിക്കപ്പെടുന്നത് വരെയും ഈ കാറിന്റെ പ്രശ്‌നം അദ്ദേഹം ഡിവൈഎഫ്‌ഐയുടെ ആരോടും പറഞ്ഞിരുന്നില്ല.

ഡിവൈഎഫ്‌ഐയുടേത് മാസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനാണ്. മെമ്പര്‍ഷിപ്പ് നടത്തി ഡിവൈഎഫ്‌ഐയില്‍ കടന്നു വരുന്ന ഒട്ടനവധി ചെറുപ്പക്കാരുണ്ട്. നിങ്ങള്‍ അതിലേക്കല്ല ശ്രദ്ധ ചെലുത്തേണ്ടത്. ഞാനിപ്പോള്‍ കോട്ടയത്തു നിന്നുള്ള യാത്രയിലാണ്. അവിടുത്തെ നിര്‍ധനനായ ക്യാന്‍സര്‍ പേഷ്യന്റിന് ഒരു യൂണിറ്റ് കമ്മിറ്റി പിരിച്ചു നല്‍കിയത് മൂന്നരലക്ഷം രൂപയാണ്. അത് സമാഹരിച്ചത് ആക്രി പെറുക്കിയിട്ടും അധ്വാനിക്കാന്‍ പോയിട്ടുമാണ്.ആളുകളില്‍ നിന്ന് കുറച്ചു പൈസ നേരിട്ട് സമാഹരിച്ചിട്ടുണ്ട്. ആ യൂണിറ്റിന്റെ സെക്രട്ടറി ആണ് നമ്മുടെ ഹീറോ. അല്ലാതെ ഈ അര്‍ജുന്‍ ആയങ്കിയല്ല ഹീറോ.

പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലുമുള്‍പ്പെടെ ശക്തമായ വിമര്‍ശനമാണ് വിഷയത്തില്‍ ഉന്നയിച്ചത്. മാഫിയ പ്രവര്‍ത്തനങ്ങളെ സംഘടനവത്കരിക്കുകയാണ് എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഷാഫി പറമ്പില്‍ ആദ്യം ചെയ്യേണ്ടത് പോക്‌സോ കേസിലെ പ്രതിയെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനുള്ള തന്റേടം കാണിക്കുകയാണ്, അത് ചെയ്യില്ല. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടന തന്നെ ഇല്ലായെന്ന് ഞങ്ങള്‍ പറയുന്നത് അല്ലല്ലോ, സുധാകരനുള്‍പ്പെടെ പറയുന്നണ്ടല്ലോ ഡിവൈഎഫ്‌ഐയെ കണ്ട് പഠിക്കണമെന്നത്. സുധാകരന്റെ ഉപദേശം സ്വീകരിക്കൂ എന്നാണ് ഷാഫിയോട് എനിക്ക് പറയാനുള്ളത്. ഡിവൈഎഫ്‌ഐ എന്ന സംഘടന ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതാണ്. സമൂഹത്തിലെ എല്ലാ തെറ്റായ പ്രവണതകള്‍ക്കെതിരെയും സമരം ചെയ്യുന്നവരാണ്. ഇത്തരത്തിലുള്ള തിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ കാണിക്കാനുള്ള ആര്‍ജവം യൂത്ത് കോണ്‍ഗ്രസിനില്ല.

ഒരു പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിപ്പിച്ച് അവരെ ഭീഷണിപ്പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്നത് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. അയാളെ പുറത്താക്കാത്തത് എന്തുകൊണ്ടാണ്. അയാള്‍ക്ക് വേണ്ടി എറണാകുളം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. എന്നിട്ടും അയാള്‍ക്ക് അനുകൂലമായി നല്‍ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

ഇതിനുമുന്‍പ് കത്വാ കേസിലാണ് ഇങ്ങനെ കണ്ടിരിക്കുന്നത്. കത്വയിലെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആ കേസിലെ പ്രതികള്‍ക്ക് വേണ്ടി സംഘപരിവാറുകാര്‍ ജാഥ നയിച്ചിരുന്നു. കത്വ കഴിഞ്ഞാല്‍ പിന്നെ എറണാകുളത്താണ് ഇങ്ങനെയൊരു നടപടി കണ്ടത്. ജാഥ നയിക്കുന്നത് ഷാഫി പറമ്പിലിന്റെ ആളുകളാണ്. ഷാഫി പറമ്പിലിന്റെ ഉപദേശം തത്ക്കാലം ഡിവൈഎഫ്‌ഐക്ക് ആവശ്യമില്ല. ഷാഫി പറമ്പില്‍ തത്ക്കാലം സുധാകരന്റെ ഉപദേശം കേട്ട് ഡിവൈഎഫ്‌ഐയെ പോലെയാകാന്‍ നോക്കൂ.

Related Stories

No stories found.
logo
The Cue
www.thecue.in