സമ്പന്നര്‍ക്കെന്തിന് സൗജന്യ ഭക്ഷ്യകിറ്റെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്

സൗജന്യ ഭക്ഷ്യക്കിറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ നയപരമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. നിലവില്‍ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ കൃത്യമായി ഇടപെടുമെന്നും ജി.ആര്‍ അനില്‍ പറഞ്ഞു.

ഇതിനായി ബഡ്ജറ്റില്‍ പ്രത്യേക തുക നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റില്‍ ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കാന്‍ പരിശോധയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷ്യകിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടക്കരുത് എന്ന ഉദ്ദേശമായിരുന്നു സര്‍ക്കാരിനുണ്ടായിരുന്നത്. അതില്‍ നിന്ന് അയല്‍ സംസ്ഥാന തൊഴിലാളികളെയും ഒഴിവാക്കിയിട്ടില്ല.

പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം പലരും തന്നോട്, സമ്പന്നരായിട്ടുള്ള ആളുകളെ സൗജന്യ ഭക്ഷ്യകിറ്റില്‍ നിന്ന് ഒഴിവാക്കികൂടേ, ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കികൂടെ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. പക്ഷേ സര്‍ക്കാര്‍ നയപരമായി ഈ വിഷയത്തില്‍ ഒരു തീരുമാനം എടുക്കാത്തതുവരെ ഭക്ഷ്യമന്ത്രി എന്ന നിലയില്‍ കിറ്റ് ആവശ്യമില്ലാത്ത ആളുകള്‍ മുന്‍പോട്ട് വന്ന് ഉപേക്ഷിക്കുക എന്ന് മാത്രമേ എനിക്ക് പറയാന്‍ സാധിക്കുകയുള്ളൂ.

ഈ വിഷയത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഉള്‍പ്പെടുന്ന ക്യാബിനറ്റാണ് അന്തിമമായ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Cue
www.thecue.in