തൊഴിലാളി സമരങ്ങൾക്ക് മാധ്യമങ്ങൾ സ്‌പേസ് കൊടുക്കുന്നില്ല

തൊഴിലാളി സമരങ്ങൾക്ക് മാധ്യമങ്ങൾ സ്‌പേസ് കൊടുക്കുന്നില്ല
Summary

ഒരു കേന്ദ്ര തൊഴിലാളി യൂണിയൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ അസാന്നിധ്യത്തെ കുറിച്ച് ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എ.എം ജിഗീഷ് ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊഴിലാളികളോടും തൊഴിലാളി പ്രസ്ഥാനങ്ങളോടും മുഖ്യധാരാ മാധ്യമങ്ങൾ നടത്തുന്ന അവഗണനയുടെ തുറന്നുകാട്ടൽ കൂടിയായി ആ ലേഖനം വായിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ എ.എം ജിഗീഷുമായി ദ ക്യു നടത്തിയ അഭിമുഖം.

Q

സെൻട്രൽ ട്രേഡ് യൂണിയൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയത് താങ്കൾക്ക് പുറമെ ഒരു യൂട്യൂബർ മാത്രമായിരുന്നു എന്ന് ലേഖനത്തിൽ പറയുന്നുണ്ടല്ലോ. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്?

A

2006 മുതൽ ട്രേഡ് യൂണിയൻ വാർത്തകൾ ഞാൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുറച്ച് കാലങ്ങളായി ട്രേഡ് യൂണിയൻ വിളിച്ച് ചേർക്കുന്ന വാർത്താ സമ്മേളനങ്ങളുടെയും മറ്റ് പ്രക്ഷോഭ പരിപാടികളുടെയും അവസ്ഥ ഇതാണ്. ഐഡൻ്റിറ്റി, സെക്ക്യൂരിറ്റി റിലേറ്റഡ് വിഷയങ്ങൾക്കോ കമ്മ്യൂണൽ വിഷയങ്ങൾക്കോ കിട്ടുന്ന സ്പേസ് തൊഴിലാളി കളുടെ വിഷയങ്ങൾക്കോ കർഷകർക്കോ ലഭിക്കാറില്ല. അവരുയർത്തുന്നത് എത്ര പ്രധാനപ്പെട്ട വിഷയങ്ങളാണെങ്കിലും അതെല്ലാം തമസ്കരിക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ആണ് പതിവ്. ഞാൻ അറ്റൻഡ് ചെയ്ത സമ്മേളനത്തിൽ സ്വകാര്യവത്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളായിരുന്നു ചർച്ചയായത്. പക്ഷെ അതൊന്നും വാർത്തയാക്കാൻ ആരുമില്ലെന്ന സാഹചര്യം ദയനീയമാണ്. കർഷക സമരം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടത് അത്തരമൊരു സാഹചര്യത്തിലേക്ക് സമരത്തിൻ്റെ തീക്ഷ്ണത മാധ്യമങ്ങളെ കൊണ്ടെത്തിച്ചത് കൊണ്ടായിരുന്നു.

Q

തൊഴിലാളി സംഘടനകൾ വികസന വിരോധികളാണ് എന്നൊരു കാഴ്ചപ്പാടിനെ കുറിച്ച് ലേഖനത്തിൽ പറയുന്നുണ്ടല്ലോ. മാധ്യമങ്ങൾ തൊഴിലാളി സംഘടനകളെ അവഗണിക്കുന്നത് ഈ ഒരു പൊതുബോധത്തിന്റെ പിൻബലം കൊണ്ടുകൂടിയാവില്ലേ? ഇവരുടെ വിഷയങ്ങളൊന്നും ജനങ്ങൾക്ക് അറിയേണ്ടതില്ല എന്ന തോന്നലല്ലേ പ്രശ്നക്കാരൻ?

A

തൊഴിലാളി സംഘടനകൾ മുന്നോട്ട് വെക്കുന്ന വിഷയങ്ങളെ കുറിച്ചോ അവർ നടത്തുന്ന സമരങ്ങളെ കുറിച്ചോ ഉള്ള അജ്ഞത കൊണ്ട് മാത്രമല്ല അത്തരമൊരു പൊതുബോധം രൂപപ്പെട്ടത്. മാധ്യമങ്ങളുടെ വർഗ്ഗ സ്വഭാവം കൂടി ഇതിൽ പ്രതിഫലിക്കുന്നു. വിവിധങ്ങളായ വിഷയങ്ങൾ ട്രേഡ് യൂണിയനുകൾ ഉന്നയിക്കുന്നുണ്ട്. വിവിധങ്ങളായ സമരങ്ങൾ അരങ്ങേറുന്നുണ്ട്. യു.പിയിലും മഹാരാഷ്ട്രയിലും പവർ സെക്ടറിലെ സ്വകാര്യവത്കരണത്തിനെതിരെ വലിയ സമരം നടന്നു. ആരാണ് അത് അറിഞ്ഞത്? യു.പിയിൽ ആദിത്യ നാഥിന്റെ ഔദ്യോഗിക ഭവനത്തിലേക്ക് പവർ കട്ട് ഏർപ്പെടുത്തിക്കൊണ്ടായിരുന്നു സമരം. ഒടുവിൽ സർക്കാരിന് തീരുമാനത്തിൽ നിന്നും പിന്തിരിയേണ്ടി വന്നു. മഹാരാഷ്ട്രയിലും അതുതന്നെ സംഭവിച്ചു. നാല്പത്തൊന്നോളം ഡിഫൻസ് ഫാക്ടറികളിൽ സ്വകാര്യ വൽക്കരണത്തിനും കോർപറേറ്റ് വൽക്കരണത്തിനും എതിരായി നിരന്തര സമരം നടക്കുന്നു. അദാനിയുടെ വരവോടെ കൽക്കരി മേഖലയിലുണ്ടായ പ്രതിസന്ധിയിൽ ആ മേഖലയിലും സമരം നടക്കുകയാണ്. ബാങ്കിംഗ് മേഖലയുടെ അവസ്ഥയും വിപരീതമല്ല. മോഡി സർക്കാരിന്റെ പല പോളിസികളും വരുത്തിയ പ്രത്യാഘാതങ്ങൾക്കെതിരെ പ്രത്യക്ഷ സമരത്തിലാണ് ഇന്ത്യയിലെ തൊഴിലാളികൾ. തൊഴിലാളികൾ നടത്തുന്ന സമരങ്ങൾ ജീവൽപ്രശ്നങ്ങളാണ് മുന്നോട്ടുവെക്കുന്നത്. അത് ഇന്നാട്ടിലെ സാധാരണക്കാരന് പോലും ഗുണകരമായി ഭവിക്കുന്നതാണ്. അതുകൊണ്ട് തൊഴിലാളികളോടും തൊഴിലാളി പ്രസ്ഥാനങ്ങളോടുമുള്ള സമീപനം മാറേണ്ടിയിരിക്കുന്നു.

Q

മാധ്യമങ്ങൾ തൊഴിലാളി സമരങ്ങളെ അവഗണിക്കുന്നതിലെ യുക്തി എന്താണ്?

A

യാഥാർത്ഥതയിൽ മാധ്യമപ്രവർത്തകരുടെ ആവശ്യങ്ങൾ കൂടിയാണ് ഈ സംഘടനകൾ മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ആയിരക്കണക്കിന് മാധ്യമപ്രവർത്തകർക്ക് തൊഴിൽ നഷ്ടം സംഭവിച്ചു. പത്ത് ലക്ഷത്തോളം ആളുകൾ ജോലി ചെയ്തിരുന്ന മീഡിയ ഇൻഡസ്ട്രി വെറും ഒന്നോ രണ്ടോ ലക്ഷത്തിലേക്ക് ഈ വർഷങ്ങളിൽ ചുരുങ്ങി. അവരുടെ വിഷയങ്ങൾ ഉയർത്താനുണ്ടായിരുന്നത് ട്രേഡ് യൂണിയനുകളായിരുന്നു. 2018 ൽ സെൻട്രൽ ട്രേഡ് യൂണിയന്റെ ഡിമാൻഡ് ചാർട്ടറിൽ മാധ്യപ്രവർത്തകരുടെ അവകാശങ്ങളും സ്ഥാനം പിടിച്ചിരുന്നു. പക്ഷെ ട്രേഡ് യൂണിയന്റെ വിഷയങ്ങൾ മാധ്യമങ്ങളിൽ വാർത്തയാകുന്നില്ല.

Q

മാധ്യമങ്ങൾക്ക് സ്വാതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്തതും ഈ വിഷയത്തിൽ ഒരു കാരണമല്ലേ?

A

ക്രോസ്സ് മീഡിയ ഓണർഷിപ്പ് ഒരു കാരണമായിരിക്കും. പാശ്ചാത്യ രാജ്യങ്ങളിലെല്ലാം സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമാക്കാനുള്ള വഴികൾ തേടുന്നു. പരസ്യങ്ങൾ ഒഴിവാക്കി സബ്‌സ്‌ക്രിപ്‌ഷൻ മോഡിലേക്ക് മാറുന്നു. പക്ഷെ നമ്മുടെ സാഹചര്യം നേരെ മറിച്ചാണ്. ഇവിടെ അംബാനിയെയും അദാനിയേയും പോലുള്ള കുത്തക മുതലാളിമാർ മാധ്യമസ്ഥപനങ്ങളുടെ ഉടമസ്ഥതയിലേക്ക് വരുന്നു. പരസ്യദാതാവിന്റെ പ്രീതിക്കനുസരിച്ച് വാർത്തകൾ കൊടുക്കേണ്ടി വരുന്നു. ഇന്ത്യയിലും സ്വതന്ത്ര മാധ്യമ പ്രവർത്തനം സാധ്യമാകുന്ന ഒരു സാഹചര്യം വന്നേക്കാം. കൂടുതൽ സ്വതന്ത്ര സ്വഭാവമുള്ള മീഡിയ ഓണർഷിപ്പ് ഇതിന് ആവശ്യമാണ്. എനിക്ക് ട്രേഡ് യൂണിയൻ വാർത്തകൾ റിപ്പോർട്ട് ചെയ്യാനും അത് ജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കുന്നത് ഞാൻ ദി ഹിന്ദു ഗ്രൂപ്പിൽ പ്രവർത്തിക്കുന്നത് കൂടി കൊണ്ടാണ്. എനിക്ക് പൂർണ സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാണ്. ഇത്തരം സംവിധാനങ്ങളുടെ പ്രാധാന്യം എൻ്റെ എഡിറ്റർമാർ മനസ്സിലാക്കുന്നത് കൊണ്ടാണ്.

Q

ട്രേഡ് യൂണിയനുകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം അവരുടെ സമരങ്ങളെയും അവരുയർത്തുന്ന ആവശ്യങ്ങളെയും ദുർബലപ്പെടുത്തുന്നുണ്ടോ?

A

സർക്കാരിനോട് ആഭിമുഖ്യമുള്ള സംഘടനകൾ പലപ്പോഴും പ്രൊ ഗവണ്മെന്റ് സ്റ്റാൻഡ് എടുത്തേക്കാം. പക്ഷെ അത് എപ്പോഴും അങ്ങനെയല്ല. മോഡി സർക്കാരിനെതിരെ എത്രയോ സമരങ്ങളിൽ ബി.എം.എസ് പങ്കാളികളായിട്ടുണ്ട്. പല അഭിപ്രായങ്ങളും ആദർശങ്ങളുമുള്ള നൂറുകണക്കിന് കർഷക സംഘടനകൾ ഒരുമിച്ച് ചേർന്നാണ് സംയുക്ത കിസാൻ മോർച്ച ഉണ്ടായത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും പൊതുവായ വിഷയങ്ങളിൽ അവർ ഒന്നിച്ച് നിൽക്കുകയും സമരം നടത്തുകയും ചെയ്യുന്ന കാഴ്ചയാണ് ഈ മേഖലയിൽ കാണാൻ കഴിയുക. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധി ഇത്തരം ഐക്യം ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in