രാഹുലിന് സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ അർഹതയില്ല, തടയണോ എന്ന കാര്യം എൽഡിഎഫ് കൂടിയാലോചിക്കും, ടിപി രാമകൃഷ്‌ണൻ അഭിമുഖം

രാഹുലിന് സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ അർഹതയില്ല, തടയണോ എന്ന കാര്യം എൽഡിഎഫ് കൂടിയാലോചിക്കും, ടിപി രാമകൃഷ്‌ണൻ അഭിമുഖം
Published on
Summary

ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്. സഭയിലെത്തിയാൽ അവിടെ കാണാമെന്നും വേണ്ടിവന്നാൽ തടയുമെന്നുമായിരുന്നു സിപിഎം സംസഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ സംസാരിക്കുന്നു.

Q

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിന് എത്തിയാൽ എൽഡിഎഫ് തടയുമോ? പുറത്തെ പ്രതിഷേധം സഭയ്ക്കകത്തും തുടരുമോ?

A

രാഹുൽ സഭ സമ്മേളനത്തിൽ പങ്കെടുക്കുകായാണെങ്കിൽ തടയണോ, പ്രതിഷേധിക്കണോ എന്ന കാര്യത്തിൽ എൽഡിഎഫ് തീരുമാനം എടുത്തിട്ടില്ല. ഞങ്ങൾ യോഗം ചേർന്ന ശേഷം നടപടി ആലോചിക്കും. രാഹുലിന് സഭയിൽ എത്താൻ അർഹതയില്ല എന്ന കാര്യം വ്യക്തമാണ്. അത് നാട്ടിലെ ജനങ്ങൾക്കെല്ലാം ബോധ്യപ്പെട്ട കാര്യമാണ്. ജനപ്രതിനിധി പാലിക്കേണ്ട കുറെയേറെ ഉത്തരവാദിത്തങ്ങളും മര്യാദകളും ഉണ്ട്. അക്കാര്യത്തിൽ രാഹുലിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.

Q

രാഹുൽ സഭയിൽ പങ്കെടുക്കണം, ജനപ്രതിനിധി എന്ന നിലയിൽ മറ്റു തടസ്സങ്ങളില്ല, എൽഡിഎഫ് പ്രതിഷേധത്തെ പാർട്ടി പ്രതിരോധിക്കുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്?

A

ഈ നിലപാട് കോൺഗ്രസിന്റെ രാഷ്ട്രീയ ജീർണ്ണതയാണ്. എന്തിനാണോ രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്, ആ കാരണം ഇപ്പോഴും നിലനിൽക്കുന്നു. അങ്ങനെയിരിക്കെ നേരത്തെ നേരിയ രീതിയിലെങ്കിലും തള്ളിപ്പറയാൻ തയ്യാറായ നേതാക്കൾ ഇപ്പോൾ രാഹുലിനെ പിന്തുണക്കുന്നത് എന്ത് അർത്ഥത്തിലാണ്? രാഹുലിന് സംരക്ഷണം ഒരുക്കുന്ന നേതാക്കൾ ജനാധിപത്യത്തോട് നീതികേട്‌ ചെയ്യുകയാണ്. പ്രഥമദൃഷ്ട്യാ രാഹുൽ കുറ്റക്കാരനെന്ന് എല്ലാവർക്കും അറിയാമെന്നിരിക്കെ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ രാഹുലിനെ സംരക്ഷിക്കുന്നതിൽ മറ്റുപലതും സംശയിക്കേണ്ടിയിരിക്കുന്നു.

Q

രാഹുലിനെ മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുപ്പിക്കില്ല എന്നാണ് ഡിവൈഎഫ്ഐ ആവർത്തിക്കുന്നത്. ഈ പ്രതിഷേധം തുടരാനാണോ എൽഡിഎഫ് തീരുമാനം?

A

ഗുരുതരമായ ലൈംഗിക ആരോപണം നേരിട്ട ഒരു ജനപ്രതിനിധിക്ക് എതിരെ യുവജനസംഘടനകളുടെ നേതൃത്വത്തിൽ സമരം ചെയ്യുക സ്വാഭാവികമാണ്. ഇവിടെ വിഷയം സാധാരണയിൽ നിന്ന് വ്യത്യസ്തമായി കുറേക്കൂടെ ഗൗരവമാണ്. കോൺഗ്രസ് രാഷ്ട്രീയ നിലപാട് ഇക്കാര്യത്തിൽ പരിഹാരമല്ല. ആ സമരരരീതികൾ അങ്ങനെതന്നെ തുടരും. സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ അർഹത ഇല്ല എന്നാണ് എൽഡിഎഫ് നിലപാട്. തുടർനടപടി പാർട്ടി യോഗത്തിന് ശേഷം അറിയിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in