'ഭീമന്റെ വഴിയില്‍ ചാക്കോച്ചന്‍ അത്ര മാന്യനല്ല'; അഷറഫ് ഹംസ അഭിമുഖം

'ഭീമന്റെ വഴിയില്‍ ചാക്കോച്ചന്‍ അത്ര മാന്യനല്ല'; അഷറഫ് ഹംസ അഭിമുഖം

ഭീമന്റെ വഴിയില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം മാന്യനല്ലെന്ന് സംവിധായകന്‍ അഷ്റഫ് ഹംസ. ചാക്കോച്ചന്‍ സാധാരണ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം വളരെയധികം മാന്യന്മാര്‍ ആവുകയാണ് പതിവ്. എന്നാല്‍ ഭീമനിലൂടെ ചാക്കോച്ചനെ കുറച്ചുകൂടെ റിയല്‍ ആയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് അഷ്റഫ് ഹംസ ദ ക്യുവിനോട് പറഞ്ഞു.

ആദ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് താനും ചെമ്പന്‍ വിനോദും ഒരു ഫ്‌ലാറ്റില്‍ അകപ്പെട്ട് പോയപ്പോഴാണ് ഭീമന്റെ വഴി സംഭവിച്ചതെന്നും അഷ്റഫ് ഹംസ പറഞ്ഞു. ഡിസംബര്‍ 3നാണ് ഭീമന്റെ വഴി റിലീസ് ചെയ്യുന്നത്. അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ചെമ്പന്‍ വിനോദ് ജോസാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പുറമെ ജിനു ജോസഫ്, ബിനു പപ്പു, ചെമ്പന്‍ വിനോദ്, വിന്‍സി അലോഷ്യസ്, ചിന്നു ചാന്ദിനി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

എന്തുകൊണ്ട് ഭീമന്റെ വഴി എന്ന പേര് സിനിമക്ക് നല്‍കി? മഹാഭാരതത്തിലെ ഭീമനായി സിനിമയിലെ ഭീമന് സാമ്യമുണ്ടോ?

മഹാഭാരതത്തിലെ ഭീമനായി സിനിമക്ക് ബന്ധമില്ല. സിനിമയിലെ പ്രധാന കഥാപാത്രം സുഹൃത്തുക്കളെയും നാട്ടുകാരെയും ഭീമന്‍ എന്നാണു വിളിക്കുന്നത്. തിരിച്ച് അവരും അങ്ങനെ തന്നെ. ഇതാണ് ഭീമന്റെ വഴിയിലെ ഭീമന്‍ എന്ന പേരിനുള്ള ലളിതമായ ഉത്തരം. കല്യാണ സൗഗന്ധികം തേടി പോയ ഭീമന്റെ യാത്ര കേവലം ഒരു പൂവിനെ തേടിപ്പോയി എന്നതിന് പുറമെ ഒരുപാട് തിരിച്ചറിവുകള്‍ കൂടിയായിരുന്നു ഭീമന് നല്‍കിയത്. അതുപോലെ തന്നെ സിനിമയിലെ ഭീമന്റെ വീട്ടിലേക്ക് ഒരു വഴിയുണ്ട്. വളരെ ചെറിയ, കേവലം ഒരു വണ്ടി മാത്രം കയറി പോകുന്ന ഒരു വഴി. സ്ഥിരമായി ആ വഴി തന്നെ ഉപയോഗിച്ച് പോയിരുന്ന നാട്ടുകാര്‍ക്ക് അവിടെയൊരു വഴിയില്ലാത്തത് വലിയൊരു പ്രശ്‌നമായി തോന്നിയിരുന്നില്ല. ഒരിക്കല്‍ ഒരു വഴി വേണം എന്ന് ഭീമന് മനസിലാക്കുന്നതും, പിന്നീട് അതത്ര എളുപ്പമല്ല എന്ന് മനസിലാക്കുന്നതും, എല്ലാ പ്രയാസങ്ങളെയും മറികടന്ന് ഒരു വഴിയുണ്ടാകാനുള്ള ഭീമന്റെ ശ്രമങ്ങളാണ് ഈ സിനിമ. എന്താണൊരു വഴിയെന്ന് നിത്യജീവിതത്തില്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണ്, അത് തന്നെയാണ് സിനിമക്ക് ഈ ടൈറ്റില്‍ ഇടാനുള്ള കാരണവും.

തമാശ പേരില്‍ തമാശയുണ്ടെങ്കില്‍ തന്നെ ഒരു സോഷ്യല്‍ സറ്റയര്‍ ആയിരുന്നു. ഭീമന്റെ വഴി ഏത് ജോണര്‍ സിനിമയാണ്?

തമാശയെ ബോധപൂര്‍വം ആക്ഷേപഹാസ്യ സിനിമയായി സമീപിച്ചട്ടില്ല. സിനിമയുടെ പൂര്‍ണതയില്‍ സിനിമയുടെ സ്വഭാവം ആക്ഷേപഹാസ്യം ആയതാണ്. ചെമ്പന്‍ വിനോദിന്റെ എഴുത്തിലാണെങ്കിലും സംസാരത്തിലാണെങ്കിലും മനുഷ്യന്മാരെ കാരിക്കേച്ചര്‍ ചെയ്ത പറയുന്ന രീതി വളരെ രസകരമാണ്. കാരിക്കേച്ചര്‍ സ്വഭാവം ഉണ്ടായിരിക്കെ തന്നെ അവരെല്ലാം നമ്മുടെ ചുറ്റിലും ഉള്ളവര്‍ തന്നെയാണ്. സറ്റയറിന്റെ അംശം തീര്‍ച്ചയായും ഈ സിനിമയിലുണ്ട്.

വീണ്ടും മലപ്പുറം ഗ്രാമപശ്ചാത്തലത്തിലാണ് കഥ, തമാശയില്‍ ഭാരതപ്പുഴയുടെ തീരത്തെ അന്തരീക്ഷം പ്രധാനമായിരുന്നു. കഥ പറയുന്ന സ്ഥലത്തിന് ഭീമന്റെ വഴിയുടെ തീമില്‍ കാര്യമായ പ്രാധാന്യമുണ്ടോ?

സിനിമ പ്രിയപ്പെട്ടതാക്കുന്നതില്‍ അതിന്റെ ഭൂപ്രകൃതിയും സ്വാധീനിക്കാറുണ്ട്. കഥ നടക്കുന്ന പ്രദേശത്തെ കൂടി ഉള്‍പ്പെടുത്തികൊണ്ട് കഥപറയുന്നതാണ് എനിക്ക് കൂടുതല്‍ എളുപ്പം. അതുകൊണ്ട് തന്നെ കഥപറച്ചിലിന് ഈ അന്തരീക്ഷം ആവശ്യമാണ്. റെയില്‍വേ ട്രാക്കിന്റെ സൈഡിലൂടെയുള്ള ഇടുങ്ങിയ പാതയുള്ള, അതിനടുത്ത കുറച്ച് വീടുകളുള്ള ലൊക്കേഷന്‍ അന്വേഷിച്ച് കുറച്ചധികം സഞ്ചരിച്ചിരുന്നു. എവിടെയും ലൊക്കേഷന്‍ കിട്ടാതെ വന്നപ്പോള്‍ കുറ്റിപ്പുറത്തിനോട് ചേര്‍ന്ന് പേരശ്ശന്നൂർ തന്നെ ലൊക്കേഷന്‍ ലഭിച്ചു. എന്റെ നാട്ടിലൂടെയാണ് ഭാരതപ്പുഴയൊഴുകുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായിട്ടും റെയില്‍വേ ട്രാക്കും അതിനടുത്ത് കൂടെ തന്നെയാണ് പോകുന്നത്. ഒരുപാട് ദൂരം സഞ്ചരിച്ചതിന് ശേഷമാണ് എന്റെ നാട്ടില്‍ തന്നെ ലൊക്കേഷനുള്ള കാര്യം മനസിലായത്. അങ്കമാലി ഡയറീസ് പോലെ തന്നെ ചെമ്പന്റെ ഈ തിരക്കഥയും അങ്കമാലിയില്‍ വെച്ച് ചെയ്യാവുന്ന സിനിമയാണ് പക്ഷെ അങ്കമാലിയുടെ ഭൂപ്രകൃതിയില്‍ അല്ലാതെ ഈ കഥയെ അവതരിപ്പിക്കണം എന്ന ആഗ്രഹത്തിലാണ് വീണ്ടും സിനിമ മലപ്പുറത്തേക്ക് എത്തിയത്.

മരക്കാര്‍ എന്ന മെഗാ സിനിമക്ക് തൊട്ടടുത്ത ദിവസമാണ് റിലീസ്. കുറുപ്പ്, കാവല്‍, മരക്കാര്‍ എല്ലാം മാസ് പടങ്ങളാണ് അടുത്ത് വരുന്നത്. അത് ഏതെങ്കിലും നിലക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടോ ?

മരക്കാര്‍ തിയറ്ററിലാണ് റിലീസ് എന്ന് തീരുമാനിക്കുന്നതിന് മുന്നെയാണ് ഭീമന്റെ വഴിയുടെ റിലീസ് ഡിസംബര്‍ 3 എന്ന് ഉറപ്പിക്കുന്നത്. തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കാന്‍ പ്രൊഡ്യൂസര്‍മാരുടെ തീരുമാനം ആയിരുന്നു ഭീമന്റെ വഴി തിയറ്ററില്‍ റിലീസ് ചെയ്യണമെന്നത്. മരക്കാര്‍ ഡിസംബര്‍ 2ന് റിലീസ് ചെയ്യുന്നു എന്ന് കരുതി ഭീമന്റെ വഴി റിലീസ് മാറ്റി വെക്കണം എന്ന് തോന്നുന്നില്ല. രണ്ടും രണ്ട് തരത്തിലുള്ള സിനിമകളാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. അതുപോലെ തന്നെ തമാശയുടെ സംവിധായകന്‍ ബാഹുബലി അല്ല ചെയ്യാന്‍ പോകുന്നത് എന്നും അവര്‍ക്ക് അറിയാം. മരക്കാറിന് ഒരു എതിരാളിയല്ല ഭീമന്‍ അതുകൊണ്ട് റിലീസ് തീയതി മാറ്റേണ്ടതില്ല എന്ന് തോന്നി. ഭീമന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സമ്മര്‍ദ്ദവുമില്ല. 120ല്‍ അധികം കേന്ദ്രങ്ങളില്‍ ഭീമന്റെ വഴി റിലീസ് ചെയ്യും.

ചെമ്പന്‍ അങ്കമാലിക്ക് ശേഷം തിരക്കഥയെഴുതുന്നു, എങ്ങനെയാണ് ഈ സിനിമയുടെ പിറവി?

എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കാണുന്നയാളാണ് ചെമ്പന്‍. കാണുമ്പോഴൊക്കെ എന്തെങ്കിലുമൊക്കെ കഥപറയുകയും ചെയ്യും. ചെമ്പന്‍ പലപ്പോഴുമായി പറഞ്ഞ കഥകളും കഥാപാത്രങ്ങളുമാണ് തിരക്കഥകള്‍ ആയിട്ടുള്ളത്. പത്തിരുപത് വീടുകളിലേക്ക് വഴിയില്ല, എന്തെങ്കിലും ആവശ്യം വന്നാല്‍ തന്നെ സമയത്തിന് എവിടെയും പോകാന്‍ പറ്റാത്ത അവസ്ഥ വല്ലാത്തൊരു ബുദ്ധിമുട്ടാണ്. അങ്ങനെ വഴിയില്ലാത്തൊരവസ്ഥ രസകരമായ വിഷയം ആണെന്ന് തോന്നി. പലപ്പോഴും ഈ സിനിമ ചെമ്പനോട് തന്നെ സംവിധാനം ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് രണ്ട് മൂന്ന് വര്‍ഷം മനസ്സില്‍ കിടന്നിരുന്നെങ്കിലും ആദ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് ഞാനും ചെമ്പനും ഒരു ഫ്‌ലാറ്റില്‍ പെട്ടുപോയ സമയത്താണ് പൂര്‍ണമായ രീതിയില്‍ ഭീമന്റെ വഴി സംഭവിക്കുന്നത്.

ചാക്കോച്ചന്‍ നായക കഥാപാത്രമായി വരുന്നത് എങ്ങനെയായിരുന്നു?

കുറച്ചു നാളുകളായി ചാക്കോച്ചന്‍ തിരഞ്ഞെടുക്കുന്ന സിനിമകളായിരുന്നു പ്രധാന കാരണം. പലപ്പോഴും ആ സിനിമകളെല്ലാം സംഭവിച്ച് കാണണമെന്ന് പുള്ളി ആഗ്രഹിക്കുന്നതായി തോന്നിയിട്ടുണ്ട്. ചാക്കോച്ചന്‍ ചെയുന്ന കഥാപാത്രങ്ങളെല്ലാം വളരെയധികം മാന്യന്മാര്‍ ആവുകയാണ് പതിവ്. എന്നാല്‍ ഭീമനിലൂടെ ചാക്കോച്ചനെ കുറച്ചുകൂടെ സത്യസന്ധന്‍ ആക്കി എന്ന് പറയാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. നമ്മുടെ മനസിലെ കള്ളത്തരങ്ങള്‍ ഒന്നും പൊതുവെ പുറത്ത് പറയാറില്ലലോ. ചാക്കോച്ചനെ കുറച്ചുകൂടെ റിയല്‍ ആയ കഥാപാത്രമായി കാണിച്ച സിനിമയാണ് ഭീമന്റെ വഴി. ചാക്കോച്ചന്റെ അടുത്ത് മറ്റൊരു കഥ പറയാന്‍ പോയതായിരുന്നു. അതിനിടയില്‍ ചെമ്പന്‍ ഒരു വഴി പ്രശ്‌നത്തെ പറ്റി പറഞ്ഞപ്പോള്‍ ആ ഐഡിയ ചാക്കോച്ചന് ഇഷ്ടപ്പെടുകയും അത് സിനിമയാക്കിയാലോ എന്ന് പറയുകയും ചെയ്യുന്നിടത്ത് ആയിരുന്നു ഭീമന്റെ വഴിയുടെ തുടക്കം.

Related Stories

No stories found.
logo
The Cue
www.thecue.in