37 പന്തില്‍ സെ‍ഞ്ചുറിയുമായി അസ്ഹറുദ്ദീന്‍, മുംബെെയെ തകര്‍ത്ത് കേരളം

37 പന്തില്‍ സെ‍ഞ്ചുറിയുമായി അസ്ഹറുദ്ദീന്‍, മുംബെെയെ തകര്‍ത്ത് കേരളം

സയ്യിദ് മുഷ്താഖ് അലി ട്വന്‍റി20 ട്രോഫിയിൽ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ സെഞ്ചുറിയുടെ ബലത്തിൽ മുംബൈയെ പരാജയപ്പെടുത്തി കേരളം.197 റണ്‍സ് പിന്തുടർന്നിറങ്ങിയ കേരളം 8 വിക്കറ്റിനാണ് ലക്ഷ്യം കണ്ടത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആദ്യമായാണ്‌ ഒരു കേരളതാരം സെഞ്ചുറി നേടുന്നത് .

ആദ്യം ബാറ്റ് ചെയ്ത മുംബൈ യശ്വസി ജയ്സ്വാളിന്റെയും (32 ബോളിൽ 40) ആദിത്യ താരയുടെയും (31 ബോളിൽ 42) മികവിൽ ഓപ്പണിങ് വിക്കറ്റിൽ തന്നെ 88 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് വന്ന സൂര്യകുമാർ യാദവും (19 ബോളിൽ 38)കടന്നാക്രമിച്ചതോടെ ശ്രീശാന്തും ബേസില്‍ തമ്പിയുമടങ്ങിയ കേരള ബൗളർമാർ തളർന്നു. .അവസാന ഓവറുകളില്‍ ശിവം ദൂബെയും (13 ബോളിൽ 26) പ്രകടനത്തോടെ മുംബൈ 200 എന്ന ലക്ഷ്യം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറിൽ കെഎം ആസിഫ് 3 വിക്കറ്റുകൾ വീഴ്ത്തിയതോടെ മുംബൈ സ്‌കോർ 196ൽ ഒതുങ്ങുകയായിരുന്നു.

രണ്ടാമത് ബാറ്റിംഗിനിറങ്ങിയ കേരളം അൻപത്തിനാല് പന്തിൽ 11 സിക്‌സും 9 ബൗണ്ടറികളുമായി 137 റൺസെടുത്ത അസ്ഹറദ്ദൂന്‍റെ മികവിലാണ് ലക്ഷ്യം കണ്ടത്. ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീന്‍ പുറത്താകാതെ നിന്നപ്പോള്‍ 33 റൺസെടുത്ത ഓപ്പണർ റോബിൻ ഉത്തപ്പയുടെയും 22 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 15.1 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിലാണ് 201 റൺസ് നേടി കേരളം വിജയം സ്വന്തമാക്കിയത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ എന്ന റെക്കോർഡും ഈ കാസർകോട്കാരൻ സ്വന്തമാക്കി. 37 ബോളിൽ സെഞ്ചുറി തികച്ചതോടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഋഷഭ് പന്തിന് പിന്നിൽ രണ്ടാമത്തെ ഏറ്റവും വേഗതയേറിയ സെഞ്ചുറിക്കും അർഹനായി അസ്ഹറുദ്ദീന്‍. ടൂര്‍ണമെന്‍റിലെ ഒരു കേരള താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍ എന്ന നേട്ടവും താരം സ്വന്തമാക്കി. 2012 - 13 സീസണിൽ ഡൽഹിക്കെതിരെ രോഹൻ പ്രേം നേടിയ 92 റൺസ് ആയിരുന്നു ഇത് വരെ ഒരു കേരള താരത്തിന്റെ ഉയർന്ന സ്കോർ.

Related Stories

The Cue
www.thecue.in