ധോണി
ധോണി

‘എന്തൊരു മണ്ടത്തരം’; ധോണിയെ ഏഴാമതിറക്കിയതിനെ വിമര്‍ശിച്ച് ഗാംഗുലിയും ലക്ഷ്മണും

ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ധോണിയെ ബാറ്റിങ് ഓര്‍ഡറില്‍ ഏഴാമതിറക്കിയത് വലിയ അബദ്ധമായെന്ന് മുന്‍ താരങ്ങളായ സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും. ധോണിയ്ക്ക് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയേയും ദിനേശ് കാര്‍ത്തിക്കിനേയും ക്രീസിലിറക്കിയതിനാണ് ക്യാപ്റ്റന്‍ കോഹ്‌ലിയും പരിശീലകന്‍ രവി ശാസ്ത്രിയും രൂക്ഷവിമര്‍ശനം നേരിടുന്നത്.

ധോണി പാണ്ഡ്യയ്ക്ക് മുമ്പ് ഇറങ്ങണമായിരുന്നു. അത് തന്ത്രപരമായ വന്‍ മണ്ടത്തരമായി. ധോണി ദിനേഷ് കാര്‍ത്തിക്കിന് മുന്‍പ് എത്തണമായിരുന്നു. ധോണിയെ വേണ്ട, ധോണിയ്ക്ക് അനുകൂലമായ സാഹചര്യമായിരുന്നു അത്.

വിവിഎസ് ലക്ഷ്മണ്‍

2011 ലോകകപ്പില്‍ ധോണി യുവരാജിന് മുന്നേ നാലാമതായി ഇറങ്ങി കീരീടം നേടിയതും വിവിഎസ് ചൂണ്ടിക്കാട്ടി. ധോണിയുടെ ബാറ്റിങ് മാത്രമല്ല യുവബാറ്റ്‌സ്മാന്‍മാരെ എതിര്‍ ബാറ്റിങ് എന്‍ഡില്‍ നിന്ന് കരുത്ത് പകരാനും ശാന്തരാക്കാനുമുള്ള ശേഷി കൂടി ഈ ഘട്ടത്തില്‍ പരിഗണിക്കണമായിരുന്നു എന്നാണ് ദാദയുടെ അഭിപ്രായം.

ഇന്ത്യയ്ക്ക് ആ സമയത്ത് വേണ്ടത് അനുഭവപരിചയമായിരുന്നു. ഋഷഭ് പന്ത് ബാറ്റ് ചെയ്യുന്ന സമയത്ത് ധോണിയുണ്ടായിരുന്നെങ്കില്‍ ആ ഷോട്ട് കളിക്കരുത് എന്ന് പറഞ്ഞേനെ. അദ്ദേഹത്തിന്റെ ബാറ്റിങ് മാത്രമല്ല മനസാന്നിധ്യവും ആ ഘട്ടത്തില്‍ ആവശ്യമാണ്. ജഡേജ ബാറ്റ് ചെയ്ത സമയത്ത് ധോണിയുണ്ടായിരുന്നു. ആശയവിനിമയം വലിയ കരുത്ത് തന്നെയാണ്.

സൗരവ് ഗാംഗുലി

72 ബോളില്‍ നിന്ന് 50 റണ്‍സ് നേടി ധോണി പുറത്താകുകയായിരുന്നു. 350 ഏകദിനങ്ങള്‍ കളിച്ച മഹേന്ദ്ര സിങ് ധോണി ഒഡി കരിയറിലെ 73-ാമത് അര്‍ധസെഞ്ചുറിയാണ് മാഞ്ചസ്റ്ററില്‍ കുറിച്ചത്. പക്ഷെ സെമി ഫൈനല്‍ പരീക്ഷണം മറികടക്കാന്‍ അത് മതിയായില്ല. ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് തോറ്റ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ധോണിയുടെ ഭാവിയേപ്പറ്റി വീണ്ടും ചോദ്യങ്ങള്‍ ഉയരുകയാണ്. ലോകകപ്പോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 'ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല' എന്നായിരുന്നു വിരാട് കോഹ്‌ലിയുടെ പ്രതികരണം.

2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി പിന്നീട് കളി ലിമിറ്റഡ് ഓവറുകളിലേക്ക് ചുരുക്കിയിരുന്നു.

സ്റ്റംപിന് പിറകില്‍ നിന്ന് കളിയുടെ ഗതി വായിക്കാനുള്ള ശേഷിയും ബൗളര്‍മാര്‍ക്ക് നിര്‍ദ്ദേശം കൊടുക്കാനുള്ള അനുഭവപരിചയവും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കാറുള്ള മനസാന്നിധ്യവുമെല്ലാമാണ് 38കാരനെ ടീമില്‍ നിലനിര്‍ത്തിയത്. ടീമിന്റെ ആവശ്യകതയനുസരിച്ച് 2019 ലോകകപ്പിന് വേണ്ടി ധോണിയുടെ ബാറ്റിങ് പൊസിഷന്‍ മാറ്റിയിരുന്നു. ടൂര്‍ണമെന്റില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയെങ്കിലും ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് കുറവാണെന്ന് ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചു.

ഇന്ത്യയെ 2011 ലോകകപ്പ് ജയത്തിലേക്ക് നയിച്ച ധോണി ഏകദിനമത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 10,773 റണ്‍സാണ്. 50.57 ആണ് ഏകദിന ആവറേജ്. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 183 റണ്‍സാണ് ഹൈസ്‌കോര്‍. ട്വന്റി-ട്വന്റിയില്‍ 98 മത്സരങ്ങള്‍ കളിച്ച ധോണി 1,617 റണ്‍സ് നേടിയിട്ടുണ്ട്. വിരമിച്ചാല്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായാണ് ധോണിയെ ഇനിയും കാണുക.

Related Stories

No stories found.
logo
The Cue
www.thecue.in