സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ് 19; കരുതല്‍ വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ് 19; കരുതല്‍ വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 16 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആരുടെയും പരിശോധനാ ഫലം നെഗറ്റീവായില്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് 1 വീതം എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 4 പേര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. മുംബൈയില്‍ നിന്നെത്തിയ 2 പേര്‍ക്കും ഇന്ന് പരിശോധനാ ഫലം പോസീറ്റീവായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 3 പേര്‍ക്ക് രോഗ ബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.

ഇതുവരെ 576 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. അതില്‍ 80 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 48,825 നിലവില്‍ നിരീക്ഷണത്തിലുള്ളത് 48,287 പേര്‍ വീടുകളിലും, 538 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും അധികം ആളുകളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, 36 പേര്‍. വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശുപത്രിയില്‍ കഴിയുന്നത് വയനാട് ജില്ലയിലാണ്, 19 പേര്‍.

ഇതുവരെ 42,201 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ലഭ്യമായ 40,639 എണ്ണം രോഗമില്ലെന്ന് ഉറപ്പാക്കി. ഇന്ന് വരെയുള്ള 576 കേസുകളില്‍, വിദേശത്ത് നിന്ന് വന്ന 311 പേര്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇതിന് പുറമെ 8 പേര്‍ വിദേശികളാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 70 പേരും, സമ്പര്‍ക്കത്തിലൂടെ 187 പേരും രോഗബാധിതരായി. സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്, അതുകൊണ്ട് കരുതല്‍ വര്‍ധിപ്പിക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ എല്ലാ ജില്ലകളിലും മോട്ടോര്‍സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in