തിങ്കളാഴ്ച രാത്രിയെത്തിയ പ്രവാസികളില്‍ 6 പേര്‍ക്ക് കൊവിഡ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

തിങ്കളാഴ്ച രാത്രിയെത്തിയ പ്രവാസികളില്‍ 6 പേര്‍ക്ക് കൊവിഡ് ലക്ഷണം; ആശുപത്രിയിലേക്ക് മാറ്റി

വിദേശത്ത് നിന്ന് തിങ്കളാഴ്ച കേരളത്തിലെത്തിയ പ്രവാസികളില്‍ ആറ് പേര്‍ക്ക് കൊവിഡ് ലക്ഷണം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബഹ്‌റൈനില്‍ നിന്നും ദുബായില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയവരിലാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്.

ബഹ്‌റൈനില്‍ നിന്ന് കരിപ്പൂരിലെത്തിയ നാല് പേര്‍ക്കും, ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗലക്ഷണമുള്ളത്. കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും പാലക്കാട് സ്വദേശിയായ ഒരാള്‍ക്കും ആദ്യഘട്ട പരിശോധനയില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരെ മറ്റുയാത്രക്കാര്‍ക്കൊപ്പം പ്രവേശിപ്പിക്കാതെ റണ്‍വേയില്‍ ആംബുലന്‍സ് എത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തും. കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാരെ കളമശേരി മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ബഹ്‌റൈനില്‍ നിന്ന് 184 പേരാണ് മടങ്ങിയെത്തിയത്. അതേസമയം കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനം ബുധനാഴ്ച പുലര്‍ച്ചെ എത്തും. ഇന്ത്യന്‍ സമയം രാത്രി ഏഴിന് ഖത്തറില്‍ നിന്ന് പുറപ്പെടുന്ന വിമാനം 12.40-ഓടെ തിരുവനന്തപുരത്തെത്തും. ചൊവ്വാഴ്ച രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായി സംസ്ഥാനത്തെത്തുക.

Related Stories

The Cue
www.thecue.in