അനാവശ്യമായി പുറത്തിറങ്ങിയാല്‍ എപ്പിഡെമിക് ആക്ട് പ്രകാരം കേസ്, മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം 

അനാവശ്യമായി പുറത്തിറങ്ങിയാല്‍ എപ്പിഡെമിക് ആക്ട് പ്രകാരം കേസ്, മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം 

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ രണ്ടുവീതം, പാലക്കാട് 1. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുടെ രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 265 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 237 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇന്നത്തെ കേസുകളില്‍ എട്ട് ദുബായ്, ഒന്ന് ഷാര്‍ജ, ബാക്കി കോണ്‍ടാക്ട്.

1,64,130 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,63,508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7965 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 7256 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ രോഗബാധയുണ്ടായ 191 പേര്‍ വിദേശത്തുനിന്നു വന്ന മലയാളികളാണ്. ഏഴുപേര്‍ വിദേശികള്‍. രോഗികളുമായി സമ്പര്‍ക്കംമൂലം വൈറസ് ബാധിച്ചവര്‍ 67 പേര്‍. ഇതുവരെ നെഗറ്റീവ് ആയവര്‍ 26. അതില്‍ നാല് വിദേശികളുണ്ട്. ഇന്ന് നമ്മുടെ സംസ്ഥാനത്തിന്‍റെ ഇടപെടലിന്‍റെ ഒരു ഗുണഫലം ജര്‍മനിയില്‍നിന്ന് വന്നിട്ടുണ്ട്. ഇവിടെ ലോക്ക്ഡൗണില്‍പ്പെട്ട 232 യൂറോപ്യന്‍ പൗരډാര്‍ തിരിച്ച് സ്വന്തം നാട്ടില്‍ സുരക്ഷിതരായി എത്തിയ വിവരമാണ് അത്. 13 ജില്ലകളിലായി കുടുങ്ങിപ്പോയവരെയാണ് തിരുവനന്തപുരത്ത് എത്തിച്ച് യാത്രയയച്ചത്. തങ്ങളുടെ പൗരډാരെ തിരികെയെത്തിക്കാനുള്ള ജര്‍മന്‍ എംബസിയുടെ താല്‍പര്യത്തിന് സര്‍ക്കാര്‍ പൂര്‍ണമായ പിന്തുണയും സഹായവും നല്‍കി. ഇക്കാര്യത്തില്‍ വിനോദസഞ്ചാരവകുപ്പ് മികച്ച ഇടപെടലാണ് നടത്തിയത്. അവിടെയെത്തിയ ആളുകളെല്ലാം സന്തുഷ്ടരാണ് എന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ടെസ്റ്റിങ് വളരെ മെച്ചപ്പെട്ട നിലയിലാണ് ഇപ്പോള്‍ നടക്കുന്നത്. പുതുതായി 100-150 പേരാണ് ഓരോ ദിവസവും ചുമയും പനിയും മറ്റുമായി ആശുപത്രികളില്‍ എത്തുന്നത്. അവരുടെ സാമ്പിളുകള്‍ അപ്പോള്‍ തന്നെ എടുക്കാന്‍ കഴിയുന്നുണ്ട്.

കാസര്‍കോട് മെഡിക്കല്‍ കോളേജ് നാലുദിവസത്തിനകം കോവിഡ് ആശുപത്രിയായി പൂര്‍ണതോതില്‍ മാറ്റാന്‍ കഴിയും.

കോവിഡ് പ്രതിരോധത്തിന്‍റെ സാഹചര്യത്തില്‍ മറ്റ് പ്രധാനപ്പെട്ട ചികിത്സകള്‍ മുടങ്ങിപ്പോകുന്നസ്ഥിതിയുണ്ട്. ആര്‍സിസിയില്‍ സാധാരണ പരിശോധനകള്‍ നടക്കുന്നില്ല എന്ന വിവരമുണ്ട്. അക്കാര്യത്തില്‍ എല്ലാ തലത്തിലും പരിശോധന നടത്താനും ശ്രദ്ധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചികിത്സ കിട്ടാത്തതിന്‍റെ പേരില്‍ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടാകരുത്.

സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ആദ്യ ദിവസം മെച്ചപ്പെട്ട നിലയിലാണ് നടന്നത്. ചില കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍, മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകള്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്‍കുന്ന അനുഭവമുണ്ടായി. പൊതുവേ ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും റേഷന്‍ വിതരണത്തില്‍ ക്രിയാത്മക ഇടപെടലാണ് നടത്തിയത്. ഇന്ന് 14.5 ലക്ഷത്തോളം പേര്‍ക്ക് റേഷന്‍ വിതരണം ചെയ്തു. 21,472 മെട്രിക് ടണ്‍ അരിയാണ് ഇന്ന് വിതരണം ചെയ്തത്. ഈ മാസം 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും. അരിയുടെ അളവില്‍ കുറവുണ്ട് എന്ന ഒറ്റപ്പെട്ട പരാതിയുണ്ട്. അക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കും.

ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ പോയി വാങ്ങാന്‍ പറ്റില്ല. അവര്‍ ആശങ്കപ്പെടേണ്ടതില്ല. ആ തുക ബന്ധപ്പെട്ട ബാങ്കുകളില്‍ സൂക്ഷിക്കും. ക്വാറന്‍റൈന്‍ കഴിഞ്ഞ് ഇറങ്ങിക്കഴിഞ്ഞാല്‍ തുക വാങ്ങാനാകും.

പ്രതിദിനം അമ്പതിനായിരം ലിറ്റര്‍ പാല്‍ ഈറോഡുള്ള പാല്‍പ്പൊടി ഫാക്ടറിയില്‍ പാല്‍പ്പൊടിയാക്കാന്‍ സ്വീകരിക്കാമെന്ന് തമിഴ്നാട് ക്ഷീര ഫെഡറേഷന്‍ (ആവിന്‍) അറിയിച്ചിട്ടുണ്ട്. കൂടുതല്‍ പാല്‍ സ്വീകരിക്കുന്നതിന് ശ്രമിക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉറപ്പുനല്‍കി. കേരളം അയച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായി. തമിഴ്നാട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി രേഖപ്പെടുത്തുന്നു. നാളെ മുതല്‍ മില്‍മയുടെ പാല്‍ സംഭരണം നേരത്തേ നിശ്ചയിച്ച 50 ശതമാനത്തില്‍നിന്ന് 70 ശതമാനമായി മാറും.

സഹകരണ മേഖലയിലെ പാല്‍ കൂടുതലായി വാങ്ങാന്‍ നമ്മുടെ ജനങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാകും. മില്‍മയുടെ പാലും മറ്റ് ഉല്‍പന്നങ്ങളും കണ്‍സ്യൂമര്‍ ഫെഡ് ശൃംഖല വഴി വിതരണം ചെയ്യാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന പാല്‍ അതിഥി തൊഴിലാളികള്‍ക്കും അങ്കണവാടി കുട്ടികള്‍ക്കും നല്‍കും.

റോഡില്‍ ഇന്ന് ആളുകള്‍ കുറവാണ് എന്നാണ് അനുഭവം. റേഷന്‍ വിതരണം ക്രമീകരിച്ചതുകൊണ്ട് പൊതുവേ ശാരീരിക അകലം പാലിക്കാന്‍ കഴിഞ്ഞുവെന്നും പറയുന്നുണ്ട്. ലോക്ക്ഡൗണ്‍ പാലിക്കുന്നതിലെ കാര്‍ക്കശ്യം തുടരേണ്ടതുണ്ട്. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന ആളുകളെ തിരിച്ചുവിടുകയാണ് ഇതുവരെ. ഇതുവരെ 22,338 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12,783 വാഹനങ്ങള്‍ പിടിച്ചുവെച്ചു. എപ്പിഡെമിക് ആക്ട് പ്രകാരം കേസ് എടുക്കാനാണ് ഇനി ആലോചിക്കുക.

സാധനങ്ങള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ പുരോഗതിയുണ്ട്. ഇന്ന് 2153 ട്രക്കുകള്‍ സാധനങ്ങളുമായി വന്നിട്ടുണ്ട്. ഇത് ആശ്വാസകരമായ നിലയാണ്. എന്നാല്‍, കര്‍ണാടകയിലെ റോഡ് പ്രശ്നം നിലനില്‍ക്കുന്നു. റോഡ് ബ്ലോക്ക് ചെയ്ത് ചരക്കുനീക്കം അടക്കം തടയുന്നത് ഒഴിവാക്കണമെന്നു തന്നെയാണ് നമ്മുടെ നിലപാട്.

അതിര്‍ത്തി അടച്ചതിനാല്‍ ചികിത്സ കിട്ടാതെ ഏഴുപേര്‍ കാസര്‍കോട് മരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ട്.

1316 കമ്യൂണിറ്റി കിച്ചണുകളാണ് പ്രവര്‍ത്തിക്കുന്നത്. 2,70,913 പേര്‍ക്ക് ഇന്ന് ഭക്ഷണം വിതരണം ചെയ്തു. അതില്‍ 2,45,607ഉം സൗജന്യമാണ്.

സന്നദ്ധസേനയുടെ രജിസ്ട്രേഷന്‍ 2,01,950 കവിഞ്ഞു. ഇതിനു പുറമെ യുവജന കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത 21,000 പേരും സന്നദ്ധം പോര്‍ട്ടലിന്‍റെ ഭാഗമായി മാറും. ഇതിന്‍റെ രജിസ്ട്രേഷന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആക്കും. ഇവരെ ഓരോ പഞ്ചായത്തിന്‍റെയും ആവശ്യത്തിനനുസരിച്ച് വിനിയോഗിക്കാന്‍ കഴിയും.

അതിഥി തൊഴിലാളികള്‍ക്ക് ക്യാമ്പുകളില്‍ തന്നെയാണ് ഭക്ഷണം നല്‍കുന്നത്. അവിടങ്ങളിലേക്ക് മറ്റു ഫാക്ടറികളില്‍ നിന്നും ആളുകള്‍ പോയി ഭക്ഷണം കഴിക്കുന്നത് തടയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രാദേശികമായി കാര്‍ഷിക ഉല്‍പന്നങ്ങള്‍ സമാഹരിക്കണമെന്ന് നമ്മള്‍ നിര്‍ദ്ദേശിച്ചിരുന്നു. വിളവെടുക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തി വിളവെടുപ്പിനും സംഭരണത്തിനും നടപടി സ്വീകരിക്കണം.

പൈനാപ്പിള്‍, മാങ്ങ എന്നിവ സംഭരിക്കാനും വില്‍പനയ്ക്കുമുള്ള നടപടി കൃഷിവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കുരുമുളകു പോലുള്ള വിഭവങ്ങള്‍ എടുത്തു സൂക്ഷിക്കേണ്ടതുണ്ട്. കര്‍ഷകര്‍ അതിനു തയ്യാറാകണം. അതോടൊപ്പം സ്ഥലത്തെ സഹകരണ സംഘങ്ങളുമായി ആലോചിച്ച് കീ-ലോണ്‍ സമ്പ്രദായത്തില്‍ കുരുമുളകുപോലുള്ള കാര്‍ഷിക വിഭവങ്ങള്‍ സഹകരണ സംഘത്തെ ഏല്‍പ്പിക്കാന്‍ കഴിയുമോ എന്നതും ചിന്തിക്കേണ്ടതാണ്. ഏലം കൃഷിക്ക് മരുന്നടിക്കേണ്ട ഘട്ടമാണിത്. അതിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കണം. കശുവണ്ടി സംഭരിക്കുന്ന സമയമായതിനാല്‍ അത് നശിച്ചുപോകാതെ ശേഖരിക്കാനും സൂക്ഷിക്കാനും കൃഷിക്കാര്‍ തയ്യാറാകണം. ഓയില്‍പാം വിളവ് നശിക്കാതെ എടുക്കാനാകണം. വിളയാറായ വാഴകൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കണം. ഇതൊന്നും കൂട്ടത്തോടെ ചെയ്യേണ്ട പണിയല്ല. അതുകൊണ്ട് ഈ ഘട്ടത്തില്‍ ഇത്തരം വിളകള്‍ നശിച്ചുപോകാതെ സംരക്ഷിക്കാന്‍ കൃഷിക്കാര്‍ക്ക് കഴിയേണ്ടതാണ്. ഹോട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ പച്ചക്കറി സംഭരണം മുടക്കമില്ലാതെ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ജനക്കൂട്ടത്തെ പരമാവധി ഒഴിവാക്കാന്‍ മത്സ്യലേലം നേരത്തേ നിരോധിച്ചിട്ടുണ്ട്. ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റികള്‍ വില്‍പന വില നിശ്ചയിക്കാനാണ് തീരുമാനം.

പ്രതിരോധരംഗത്ത് ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വീസ് സ്ത്യുതര്‍ഹമായ ഇടപെടലാണ് നടത്തുന്നത്. പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കാന്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനം നടത്തുന്നുണ്ട്. അത്യാവശ്യ രോഗികള്‍ക്ക് മരുന്ന് എത്തിച്ചുകൊടുക്കാന്‍ ഫയര്‍ഫോഴ്സിന്‍റെ സേവനം ഉപയോഗിക്കുന്നുണ്ട്. പൊലീസുമായി സഹകരിച്ചാണ് നിര്‍ദിഷ്ട സ്ഥലത്ത് മരുന്നുകള്‍ എത്തിക്കുക.

പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അമിത വിലയീടാക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. 212 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പരിശോധന കര്‍ശനമായി തുടരും.

മദ്യഷാപ്പുകള്‍ അടഞ്ഞുകിടക്കുന്നതുകൊണ്ട് വ്യാജമദ്യ സംഘങ്ങള്‍ ഉണര്‍ന്നെണീക്കുന്നതായി പല വാര്‍ത്തകളും കണ്ടു. വ്യാജമദ്യ ഉല്‍പാദനം കര്‍ക്കശമായി തടയും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ജാഗ്രതയോടെ ഇടപെടണം. ആ പ്രവര്‍ത്തനം അത്തരമാളുകളെ ചിലപ്പോള്‍ മദ്യാസക്തിയില്‍ നിന്ന് പൂര്‍ണമായി മുക്തരാക്കാന്‍ സഹായിക്കും.

കൗണ്‍സിലിങ് നല്‍കുന്നത് ഊര്‍ജിതമാക്കിയിട്ടുണ്ട്. 947 കൗണ്‍സിലര്‍മാര്‍ സംസ്ഥാനത്താകെ ഇതിനായി സജ്ജരാണ്. ഇത് കൂടുതല്‍ വിപുലപ്പെടുത്തും. കൊറോണ രോഗം സ്ഥിരീകരിച്ച ഒരാളുടെ കുടുംബാംഗം ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത നാം കണ്ടു. രോഗം പൂര്‍ണമായും ഭേദപ്പെട്ട് വീട്ടില്‍ തിരിച്ചെത്തിയ ഒരാളെ ഭാര്യ വീട്ടില്‍ കയറ്റിയില്ല. അയാള്‍ക്ക് പ്രത്യേക താമസസൗകര്യം ജില്ലാ അധികൃതര്‍ ഒരുക്കേണ്ടിവന്നു. അജ്ഞതകൊണ്ടും തെറ്റിദ്ധാരണ കൊണ്ടും ഭയം കൊണ്ടുമാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ കൗണ്‍സിലിങ്ങും ഇതര ബോധവല്‍ക്കരണ പരിപാടികളും ശക്തിപ്പെടുത്തും.

കൊറോണ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന പല പ്രചാരണങ്ങളും ഉണ്ടാകുന്നുണ്ട്. ആരോഗ്യവകുപ്പ് നല്‍കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രചരിപ്പിക്കേണ്ടത്. അതല്ലാത്തത് കണ്ടെത്തി തടയണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദേശത്തുള്ള പ്രവാസികള്‍ക്ക് ഇങ്ങോട്ടുവരാന്‍ യാത്രാവിമാനമില്ല. വിദേശങ്ങളില്‍ മരണമടയുന്നവരുടെ മൃതദേഹം കൊണ്ടുവരാന്‍ ചരക്കുവിമാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. അത്തരത്തില്‍ ക്രമീകരണങ്ങള്‍ ഉണ്ടാക്കേണ്ടതിന്‍റെ ആവശ്യകത കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരും. ഗള്‍ഫ് രാജ്യങ്ങളില്‍ ബാച്ചിലേഴ്സ് അക്കോമഡേഷന്‍ രീതിയില്‍ കൂട്ടമായി താമസിക്കുന്നവര്‍ക്കിടയില്‍ ആര്‍ക്കെങ്കിലും പനിയോ ചുമയോ വന്നാല്‍ ക്വാറന്‍റൈനിലേക്ക് വിടുകയാണ്. ഇന്ത്യന്‍ എംബസികള്‍ ഇടപെട്ട് അത്തരക്കാര്‍ക്ക് ക്വറന്‍റൈനില്‍ കഴിയുന്നതിന് സൗകര്യം ഏര്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരും.

പെയിന്‍ ആന്‍റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ കൊറോണ പ്രതിരോധത്തില്‍ സജീവമായി ഇടപെടുകയാണ്. അവരെ കേന്ദ്രം പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കും. അതോടൊപ്പം റേഷന്‍ വ്യാപാരികള്‍, പൊലീസ്, പാചകവാതക വിതരണക്കാര്‍ എന്നിവരെയും ഉള്‍പ്പെടുത്തേണ്ട കാര്യം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരും.

ചിലയിടങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്വയം ബാഡ്ജ് അച്ചടിച്ച് കഴുത്തില്‍ തൂക്കി ഇറങ്ങുന്ന സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവര്‍ത്തകരെയും കാണുന്നുണ്ട്. ചിലയിടത്ത് സന്നദ്ധ പ്രവര്‍ത്തനത്തിന് വേതനം നല്‍കുന്നു. ഇത്തരം പ്രവണതകളൊന്നും അംഗീകരിക്കാനാവില്ല.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. അക്കാര്യത്തില്‍ ഭയപ്പെടാനുള്ള കാര്യങ്ങളൊന്നുമില്ല. എന്നാല്‍, അവരെക്കുറിച്ചും അവരുടെ മതത്തെക്കുറിച്ചും അസഹിഷ്ണുതയോടെയുള്ള പ്രചരണത്തിന് ചിലര്‍ ഇറങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയാണ് ഇതിന് വ്യാപകമായി ദുരുപയോഗിക്കുന്നത്. ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല. നമ്മളെല്ലാവരും ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം. ഒന്നിച്ചുനിന്ന് ജാഗ്രത പാലിക്കാനാണ് നമ്മുടെ സമൂഹം മൊത്തത്തില്‍ ശ്രദ്ധിച്ചത്. അത് ആ നിലയില്‍ തന്നെ തുടരേണ്ടതാണ്. നമ്മുടെ അഭ്യര്‍ത്ഥന മാനിച്ച് എല്ലാ വിഭാഗങ്ങളും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്ന പരിപാടികള്‍ ഒഴിവാക്കിയ മാതൃകാപരമായ നടപടി നാം ഇവിടെ ഓര്‍ക്കേണ്ടതാണ്.

കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ഇപ്പോള്‍ നടത്തേണ്ടതാണെങ്കില്‍ ക്രമീകരണം വരുത്താന്‍ ആരോഗ്യവകുപ്പ് ശ്രദ്ധിക്കും. അതിന്‍റെ തുടര്‍ച്ച മുടങ്ങിപ്പോകാന്‍ പാടില്ല.

അടച്ചിട്ട കടമുറികള്‍ക്ക് ഒരുമാസത്തെ വാടക ഇളവ് നല്‍കാമെന്ന് ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

നമ്മുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാഗത്തുനിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 30 ഐസി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ബിപിസിഎല്‍ ഇന്ന് ഒരു കോടി രൂപ നല്‍കി. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിന് ഒരു കോടി രൂപയും പത്തനംതിട്ട താലൂക്ക് ആശുപത്രിക്ക് 56 ലക്ഷം രൂപയും നല്‍കാന്‍ ബിപിസിഎല്‍ തീരുമാനിച്ചതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

സിനിമാ ചിത്രീകരണത്തിനുപോയ ബ്ലസിയും പൃഥ്വീരാജും ഉള്‍പ്പെടെയുള്ള സംഘം ജോര്‍ദാനില്‍ കുടുങ്ങിയിട്ടുണ്ട്. അവരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. വിഷയം വിശദമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. ആവശ്യമായ സഹായം നല്‍കാമെന്ന് ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി ഇ-മെയിലില്‍ അറിയിച്ചിട്ടുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in