‘അവര്‍  കഠിനമായി അധ്വാനിച്ച വിയര്‍പ്പിന്‍റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്’

‘അവര്‍ കഠിനമായി അധ്വാനിച്ച വിയര്‍പ്പിന്‍റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്’

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. കാസര്‍കോട് ജില്ലയില്‍ 17, കണ്ണൂര്‍ ജില്ലയില്‍ 11, വയനാട്, ഇടുക്കി ജില്ലകളില്‍ രണ്ടുവീതം എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്. 1,57,253 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,56,660 പേര്‍ വീടുകളിലും 623 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6031 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

പരിശോധന കൂടുതല്‍ വേഗത്തിലാക്കാന്‍ റാപ്പിഡ് ടെസ്റ്റിങ് സംവിധാനം ആരംഭിക്കുകയാണ്. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ഒരു പ്രധാന പ്രശ്നം പിഎസ്സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതാണ്. ആ വിഷയം സര്‍ക്കാര്‍ പിഎസ്സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 20.03.2020ന് ചട്ടപ്രകാരം കാലാവധി പൂര്‍ത്തിയാക്കി അവസാനിക്കുന്ന റാങ്ക്ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീര്‍ഘിപ്പിച്ചതായി പിഎസ്സി അറിയിച്ചിട്ടുണ്ട്. 19.06.2020 വരെയായിരിക്കും ഈ റാങ്ക്ലിസ്റ്റുകളുടെ കാലാവധി. 18.06.2020 വരെയുള്ള കാലയളവില്‍ കാലാവധി തീരുന്ന എല്ലാ റാങ്ക്ലിസ്റ്റുകള്‍ക്കും ഇത് ബാധകമാണ്. അതായത് 18.06.2020ന് കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക്ലിസ്റ്റുകള്‍ക്കും 19.06.2020 വരെയോ ഈ തസ്തികകള്‍ക്ക് പുതിയ റാങ്ക്ലിസ്റ്റ് വരുന്നതുവരെയോ (ഏതാണോ ആദ്യം) അതുവരെ കാലാവധിയുണ്ടാകും.

മുന്നേറ്റത്തെ താറടിച്ചുകാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമവും

കൊറോണയോട് നമ്മള്‍ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ ഇന്നലെ പൊടുന്നനെ ഒരു പ്രശ്നം ഉയര്‍ന്നുവന്നു. കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ പൊടുന്നനെ സംഘം ചേര്‍ന്ന് തെരുവിലിറങ്ങി നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു.അതിഥി തൊഴിലാളികള്‍ക്കുവേണ്ടി സംസ്ഥാനത്ത് 5178 ക്യാമ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ഭക്ഷണം, ആരോഗ്യസുരക്ഷ എന്നിവ ഉറപ്പാക്കാന്‍ നടപടികള്‍ എടുത്തിട്ടുമുണ്ട്. ഒരിടത്തും ഭക്ഷണം കിട്ടാതെ പട്ടിണികിടക്കുന്ന അവസ്ഥയില്ല. അവര്‍ക്ക് അവരുടേതായ ഭക്ഷണം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അത് സാധിച്ചുകൊടുക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു.

അവരുടെ നാടുകളിലേക്കുള്ള യാത്ര ഇപ്പോള്‍ നടക്കാത്തതാണ്. ഇപ്പോള്‍ എവിടെയാണോ അവിടെ നില്‍ക്കുക എന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അത് അവര്‍ക്കും അറിയാം. എന്നാല്‍, അതെല്ലാം മാറ്റിവെച്ചുകൊണ്ടുള്ള ഒരു കൂടിച്ചേരലാണ് ഉണ്ടായത്. അതിനുപിന്നില്‍ ആസൂത്രിതമായ ഒരു പദ്ധതി ഉണ്ടായിരുന്നു എന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്.

കേരളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചുകാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമവും അതില്‍ കാണാം. ഇവിടെ അതിഥിത്തൊഴിലാളികളെ ഇളക്കിവിടാനാണ് ശ്രമമുണ്ടായത്. അതിനു പിന്നില്‍ ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. അത് കണ്ടെത്തണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പായിപ്പാട്ട് അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നത് ഒരു കച്ചവടമാണ്. സാധാരണനിലയില്‍ താമസിപ്പിക്കാന്‍ പാടില്ലാത്ത സ്ഥലത്തും വാടക വാങ്ങി താമസിപ്പിക്കുന്നു. അതൊരു ബിസിനസ്സാണ്. സാധാരണ നിലയ്ക്ക് ഭക്ഷണവും മറ്റും ഉറപ്പുവരുത്തേണ്ടത് അവരുടെ കരാറുകാരാണ്. എന്നാല്‍ ഇവിടെ അതുമായി ബന്ധപ്പെട്ടും പൊതുവെ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇതില്‍ സ്വീകരിച്ച നില ഇവര്‍ക്കെല്ലാവര്‍ക്കും മാന്യമായ താമസസ്ഥലം ഒരുക്കണമെന്നാണ്. പകല്‍ മുഴുവന്‍ കഠിനമായി അധ്വാനിച്ച് രാത്രി വന്ന് ഉറങ്ങാനുള്ള സ്ഥലമെന്ന നിലയ്ക്കാണ് നേരത്തെ അവര്‍ താമസസ്ഥലം കണ്ടിട്ടുള്ളത്. എന്നാല്‍ ജോലി മുടങ്ങിയ സാഹചര്യത്തില്‍ മറ്റ് എല്ലാവരേയും പോലെ തന്നെ മുഴുവന്‍ സമയവും താമസസ്ഥലത്ത് ചെലവഴിക്കാന്‍ അതിഥിത്തൊഴിലാളികളും നിര്‍ബന്ധിക്കപ്പെടുകയാണ്. അപ്പോള്‍ അതിനുള്ള സൗകര്യം വേണം. അതുകൊണ്ടുതന്നെ സൗകര്യപ്രദമായ രീതിയില്‍ ഈ തൊഴിലാളികളെ താമസിപ്പിക്കണം എന്നാണ് സര്‍ക്കാര്‍ നേരത്തെ തന്നെ നല്‍കിയ നിര്‍ദേശം. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അതോടൊപ്പം ഭക്ഷണം കൃത്യമായി നല്‍കണം. വൈദ്യസഹായം ഉറപ്പുവരുത്തണം. ഭക്ഷണകാര്യത്തില്‍, അവര്‍ക്കാവശ്യമായ ആട്ടയും ഉരുളക്കിഴങ്ങും ഉള്ളിയും പരിപ്പുമെല്ലാം നല്‍കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ചില ക്യാമ്പില്‍ അതിഥിതൊഴിലാളികളുടെ എണ്ണം കൂടുതലാണ് എന്ന പ്രശ്നമുണ്ട്. ആ തരത്തിലുള്ള ക്യാമ്പുകളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. ടിവി ഉള്‍പ്പെടെ എന്‍റര്‍ടെയിന്‍മെന്‍റ് സൗകര്യവുമൊരുക്കും. അവര്‍ നേരുന്ന ചില പ്രശ്നങ്ങള്‍ അവരെ ബോധ്യപ്പെടുത്തി സഹകരിപ്പിക്കും. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ ലേബര്‍ ഓഫീസര്‍ അടക്കമുള്ളവര്‍ പരിശോധന നടത്തും.

പായിപ്പാട് സംഭവത്തില്‍ ഇന്ന് ഒരു അറസ്റ്റുണ്ടായിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്. തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള വ്യാജ പ്രചാരണം നടത്തിയ രണ്ടുപേരെ മലപ്പുറം ജില്ലയില്‍ പിടികൂടിയിട്ടുണ്ട്. ഇവര്‍ മലയാളികള്‍ തന്നെയാണ്. അങ്ങനെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കും.

ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയുന്ന ഹോംഗാര്‍ഡുകളുടെ സേവനവും ഉപയോഗിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാരും പൊലീസും കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ചും അവരുടെ സഹകരണം അഭ്യര്‍ത്ഥിച്ചും ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളില്‍ നല്‍കുന്ന സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കും.

സാഹചര്യം വിലയിരുത്തി കൈക്കൊളേളണ്ട പരിശോധന രീതികള്‍ സംബന്ധിച്ച് എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ദിവസേന എസ്എംഎസ് വഴി നിര്‍ദ്ദേശം നല്‍കും. അതിഥി തൊഴിലാളികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവ അറിയിക്കാന്‍ സംസ്ഥാനതലത്തില്‍ ഒരു കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിലും ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സായുധസേന എഡിജിപിയെ നിയോഗിച്ചു. ജോലിസമയം, ആരോഗ്യം എന്നിവ നിരീക്ഷിക്കുന്നതും മാസ്കുകള്‍, കൈയ്യുറ എന്നിവ ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതും അദ്ദേഹമായിരിക്കും.

1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 1031ലും കമ്യൂണിറ്റി കിച്ചന്‍ തുടങ്ങിയിട്ടുണ്ട്. 1213 കമ്യൂണിറ്റി കിച്ചണുകളാണ് ആകെ പ്രവര്‍ത്തിക്കുന്നത്. 1,54,258 പേര്‍ക്ക് കഴിഞ്ഞ ദിവസം കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കി. 1,37,930 പേര്‍ക്കും സൗജന്യമായിട്ടാണ് ഭക്ഷണം നല്‍കിയത്. ഇവിടെ നിരാലംബര്‍ക്ക്, അത്യാവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാനാണ് നാം ഉദ്ദേശിച്ചത്. അക്കാര്യത്തില്‍ കൃത്യതയുണ്ടാകണം. ഇത്തരത്തില്‍ അര്‍ഹതയുള്ളവര്‍ക്കു മാത്രം ഭക്ഷണം ഉറപ്പാക്കണം. പാചകം ഒഴിവാക്കിയിട്ട് കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ കാശുകൊടുത്ത് ഭക്ഷണം വാങ്ങാന്‍ തയ്യാറാകുന്ന ആളുകളുണ്ട്. അത്തരക്കാര്‍ക്ക് ഇതിലൂടെ ഭക്ഷണം കൊടുക്കാനല്ല ഉദ്ദേശിച്ചത്. ഇപ്പോഴത്തെ സ്ഥിതിയില്‍ സംസ്ഥാനത്താകെ തുടങ്ങാന്‍ ഉദ്ദേശിച്ച ആയിരം ഹോട്ടലുകളില്‍, ഹോട്ടല്‍ സ്ഥാപിതമായ പ്രദേശത്ത് ഈ പറയുന്ന ആളുകള്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷണം എത്തിക്കുന്നതിന് പ്രയാസമുണ്ടാകില്ല. അതോടൊപ്പം എവിടെയൊക്കെ ആവശ്യം വരുന്നോ അത്തരം സ്ഥലങ്ങളില്‍ പ്രത്യേകമായ ക്രമീകരണത്തോടെ ഹോട്ടല്‍ തുറക്കേണ്ടതായി വരും. ആ ഹോട്ടലില്‍ നിന്ന് സാധാരണ നിലയ്ക്കുള്ള ഭക്ഷണവിതരണം നടക്കില്ല. എന്നാല്‍ ഹോം ഡെലിവറി നടക്കും. അത്തരമൊരു ക്രമീകരണം ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്.

കരാര്‍ ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ശമ്പളം വാങ്ങാന്‍ ഓഫീസിലോ ബാങ്കിലോ പോകുന്നതിന് ഇളവനുവദിച്ചു. സാമൂഹിക അകലം പാലിച്ചും കൃത്യമായ രേഖകള്‍ കൈവശം കരുതിയും വേണം ഈ സൗകര്യം ഉപയോഗിക്കേണ്ടത്.

ഉള്‍വനത്തിലെ ആദിവാസികളുടെ ഉല്‍പന്നങ്ങള്‍ വാങ്ങാനും അവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനും പട്ടികവര്‍ഗക്ഷേമ വകുപ്പ് വനംവകുപ്പുമായി ചേര്‍ന്ന് സംയുക്ത നടപടി ആരംഭിച്ചിട്ടുണ്ട്.

അഗതികള്‍, തെരുവില്‍ ഉറങ്ങുന്നവര്‍ എന്നിവരെ പുനരധിവസിപ്പിച്ച 44 ക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2569 പേരെ ഇങ്ങനെ പുനരധിവസിപ്പിച്ചു.

സ്കൂളുകളില്‍ അരിയും പയറും കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ നശിച്ചുപോകാതെ ന്യായവിലക്ക് വിതരണം ചെയ്യാന്‍ പിടിഎകള്‍ ഇടപെടണം.

മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യേണ്ടവരുണ്ട്. യാത്ര ചെയ്യാന്‍ പറ്റാത്തതിനാല്‍ ഔപചാരികമായ ചാര്‍ജ് കൈമാറ്റം നടന്നില്ലെങ്കിലും അവര്‍ റിട്ടയര്‍ ചെയ്തതായി കണക്കാക്കും.

സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ അവിവാഹിത സ്ത്രീകള്‍ക്കുള്ള പെന്‍ഷനും വിധവാ പെന്‍ഷനും മറ്റും മുടങ്ങുന്ന സ്ഥിതിയുണ്ട്. അത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു.

ചില സ്വകാര്യ ആശുപത്രികളില്‍ ജീവനക്കാര്‍ക്ക് മൂന്നുദിവസം ജോലിയും നാലുദിവസം ശമ്പളരഹിത അവധി എന്നും മറ്റുമുള്ള പരാതി വന്നു. വസ്തുതയെങ്കില്‍ അത് ശരിയായ രീതിയല്ല. ആ പ്രശ്നം പരിഹരിക്കാന്‍ സ്വകാര്യ ആശുപത്രി അധികൃതരുമായി സംസാരിക്കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.

തൊഴിലാളികളുടെ വേതനം ഈ ഘട്ടത്തില്‍ കുറയ്ക്കാന്‍ പാടില്ല. എല്ലാ തൊഴിലുടമകള്‍ക്കും ഇക്കാര്യത്തില്‍ വ്യക്തത വേണം.

അവശ്യ സാധനങ്ങളുമായി സഞ്ചരിക്കുന്ന ട്രക്കുകള്‍ക്ക് ഇന്‍റര്‍നെറ്റ് അടിസ്ഥാനമാക്കിയ മോണിട്ടറിങ് സംവിധാനം ഉണ്ടാക്കും.

ചരക്കുനീക്കം മൂന്ന് ഇനങ്ങളാക്കി ക്രമപ്പെടുത്തും

മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, എല്‍പിജി, പാചക എണ്ണ, അവശ്യ ധാന്യങ്ങളും പയറുവര്‍ഗങ്ങളും പ്രധാനവിഭാഗം. പച്ചക്കറി, പഴം, മറ്റ് ധാന്യങ്ങളും പലവ്യഞ്ജനങ്ങളും രണ്ടാം വിഭാഗം. മറ്റെല്ലാ അവശ്യ സാധനങ്ങളും മൂന്നാം വിഭാഗം.

21നും 60 വയസ്സിനുമിടയിലുള്ളവര്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ യാത്രാപാസുകള്‍ നല്‍കും. ഗവണ്‍മെന്‍റ് നല്‍കുന്ന യാത്രാ പാസുകള്‍ പൊലീസിന് മൊബൈലില്‍ വെരിഫൈ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ക്രമീകരിക്കും.

കോവിഡ് ആശുപത്രികളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും മഹത്തായ സേവനമാണ് നടത്തുന്നത്. അവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. അത്തരത്തിലുള്ളവര്‍ക്ക് ആശുപത്രികള്‍ക്കടുത്തു തന്നെയുള്ള ഹോട്ടലുകളില്‍ ആവശ്യമായ താമസസൗകര്യം നല്‍കണം. വീട് എടുത്തുനല്‍കണമെന്ന് നേരത്തെ കണ്ടിരുന്നു. അത് നടപ്പായില്ലെങ്കിലാണ് ഹോട്ടലുകള്‍ എടുത്തുനല്‍കുക.

പൊതുജനസേവന കേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കണം.

വേനല്‍ കടുക്കുകയാണ്. കുടിവെള്ളക്ഷാമം രൂക്ഷമാകാനിടയുണ്ട്. വെള്ളം വിതരണം ചെയ്യേണ്ടിവരും. ജല ഉപഭോഗം പരമാവധി എല്ലാവരും നിയന്ത്രിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.

തൃശൂരിലും മറ്റും ആനകള്‍ക്ക് പട്ട കൊണ്ടുവരാന്‍ പറ്റാത്ത വിഷയമുണ്ട്. അത് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി.

ചാനല്‍ ഉടമകളോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. ആളുകള്‍ തൊഴിലില്ലാതെ വീട്ടില്‍ കഴിയുകയാണ്. പേ ചാനല്‍ നിരക്കുകള്‍ ഒഴിവാക്കി സമൂഹത്തോട് പ്രതിബദ്ധത കാണിക്കാനുള്ള അവസരമായി ഈ ഘട്ടത്തെ വിനിയോഗിക്കണം.

ഇന്ന് റോഡില്‍ അല്‍പം തിരക്ക് വര്‍ധിച്ചതായി പരാതി വന്നിട്ടുണ്ട്. പൊലീസ് നടപടികള്‍ ഇക്കാര്യത്തില്‍ കര്‍ക്കശമാക്കേണ്ടതുണ്ട്. ഒരിടത്തും ആളുകള്‍ കൂടാന്‍ അനുവദിക്കരുത്.

സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍

കുടുംബശ്രീ മുഖേന നല്‍കുന്ന വായ്പ ഉടന്‍ നല്‍കും.

ബാങ്കുകളിലെ രോഗപ്രതിരോധ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കും.

എടിഎം മെഷീനുകളില്‍ കൃത്യമായി പണം നിറയ്ക്കും.

ബാങ്ക് ജീവനക്കാരില്‍ പ്രത്യേക ആവശ്യക്കാര്‍ക്ക് സ്പെഷ്യല്‍ പാസ് അനുവദിക്കും.

ആയുര്‍വേദ ചികിത്സാരംഗത്തെ പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സ്

എല്ലാ ശാസ്ത്ര, വൈദ്യമേഖലകളുടെയും സഹകരണം ഉണ്ടാകണം. ചിക്കുന്‍ഗുനിയ, ഡങ്കിപ്പനി എന്നിവ വ്യാപകമായപ്പോള്‍ ആയുര്‍വേദരംഗം നല്ല ഇടപെടല്‍ നടത്തിയിരുന്നു. സമൂഹം വലിയ അളവില്‍ അത് സ്വീകരിച്ചു.

ഈ അടിയന്തര ഘട്ടത്തില്‍ ആയുവേദ രംഗത്തെ മനുഷ്യ വിഭവശേഷി ഉള്‍പ്പെടെ ഉപയോഗിക്കാനാകണം. അത്തരമൊരു ചര്‍ച്ചയാണ് അവരുമായി നടത്തിയത്.

പ്രായാധിക്യമുള്ളവര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കാം. പ്രതിരോധത്തിന് ഉപയോഗിക്കുന്ന ആയുര്‍വേദ ചികിത്സാരീതികള്‍ പ്രതിപ്രവര്‍ത്തനം ഇല്ലാത്തതാണെന്ന് ഉറപ്പ് വരുത്തണം. ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങള്‍ക്ക് പാര്‍ശ്വഫലമുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തണം. ആയുര്‍വേദ മേഖലയിലെ വിദഗ്ധരുടെ കൂടിയാലോചനകള്‍ക്കു ശേഷം ഇതുമായി ബന്ധപ്പെട്ട വിശദമായ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പിന് എത്രയും പെട്ടെന്ന് നല്‍കാന്‍ നിര്‍ദേശിച്ചു. അത് കിട്ടിയ ഉടന്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

പല സ്കൂളുകളും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങിയതായി കാണുന്നു. അത് ഇപ്പോള്‍ വേണ്ട, കുറച്ചുകഴിഞ്ഞു മതി എന്നാണ് കാണുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് തടസ്സമില്ല.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കാസര്‍കോട് ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കും. ഇത്തരത്തിലുള്ള മുന്‍കൈകള്‍ സ്വാഗതാര്‍ഹമാണ്.

യൂണിസെഫ് 35 ലക്ഷം രൂപ ജില്ലാ കലക്ടര്‍മാര്‍ക്ക് വിനിയോഗിക്കാനായി അനുവദിച്ചിട്ടുണ്ട്.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ നമുക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ദിവസം 3000 ടെസ്റ്റുകള്‍ നടത്താനുള്ള സൗകര്യം അവിടെയുണ്ട്.

നമ്മുടെ നാട്ടില്‍, കോവിഡ് ബാധയുമായി ബന്ധപ്പെട്ട് പ്രവാസികളായവരോട് ഒരു പ്രത്യേക വികാരം ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. നാം കാണേണ്ടത്, ഇത് ലോകത്താകെ പടര്‍ന്നുപിടിച്ചിട്ടുള്ള ഒരു രോഗമാണ്. ചില വികസിത രാഷ്ട്രങ്ങള്‍ നിസ്സഹായതയോടെ ഇതിനെ നേരിടുന്ന കാഴ്ച നാം കാണുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്താനാവില്ല. നമ്മുടെ നാട് ലോകത്താകെ വ്യാപിച്ചുകിടക്കുന്ന ഒരു നാടാണ്. കാരണം. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെ വ്യാപിച്ചു കിടക്കുന്നു. അവര്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ച വിയര്‍പ്പിന്‍റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്. ഇത് നാം മറന്നുപോകാന്‍ പാടില്ല. നമ്മുടെ നാടിന്‍റെ നട്ടെല്ലാണ് പ്രവാസികള്‍. അവര്‍ പോയ രാജ്യങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ സ്വാഭാവികമായും അവര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കില്ലേ. തിരിച്ചുവന്നപ്പോള്‍ ന്യായമായ പ്രതിരോധ നടപടികള്‍ പൊതുവില്‍ എല്ലാവരും സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ചില കേസുകളാണ് വ്യത്യസ്തമായി ഉണ്ടായത്. ആ ഒറ്റപ്പെട്ടതിന്‍റെ ഭാഗമായി ഈ പറയുന്ന നമ്മുടെ നാടിന്‍റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരുതരത്തിലും അപഹസിക്കാനോ മനസ്സില്‍ ഈര്‍ഷ്യയോടെ കാണാനോ പാടില്ല. ഇതു നാം എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായും നാട്ടിലുള്ള കുടുംബത്തെക്കുറിച്ച് ഉല്‍ക്കണ്ഠ ഉണ്ടാകും. കാരണം ഇപ്പോള്‍ അവര്‍ക്ക് ആര്‍ക്കും നാട്ടിലേക്ക് വരാനുള്ള യാത്രാ സൗകര്യമില്ല. അവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. അവര്‍ക്കാര്‍ക്കും അത് സംബന്ധിച്ച് ഉത്കണ്ഠ വേണ്ടതില്ല. നിങ്ങളവിടെ സുരക്ഷിതരായി കഴിയുക. അതിന്‍റെ ഭാഗമായുള്ള സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയ്യാറാകുക. ഇവിടെയുള്ള നിങ്ങളുടെ കുടുംബമെല്ലാം സുരക്ഷിതമായിരിക്കും. ഈ നാട് എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് എന്ന് പ്രവാസി ലോകത്തിന് ഉറപ്പു നല്‍കുകയാണ്.

ദുരിതാശ്വാസ നിധി

നമ്മുടെ നാടിന്‍റെ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ സ്വാഭാവികമായും സാമ്പത്തിമായ സഹായം നമുക്ക് കൂടുതല്‍ വേണ്ടിവരും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേക്ക് സംഭാവനക്കായി ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിട്ടുണ്ട്. പലരും നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. കേരള നഴ്സസ് ആന്‍റ് മിഡ്വൈവ്സ് കൗണ്‍സില്‍ ഇന്ന് ഒരുകോടി രൂപയുടെ ചെക്ക് നല്‍കി. മറ്റ് സഹായങ്ങളും വന്നുകൊണ്ടിരിക്കുന്നുണ്ട്.

ഇന്ന് ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി സംസാരിച്ചിരുന്നു. ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണം എന്നാണ് അഭ്യര്‍ത്ഥിച്ചത്. നേരത്തെയും നമ്മുടെ നാട് പ്രതിസന്ധി നേരിട്ടപ്പോള്‍ മഹാഭൂരിഭാഗം ജീവനക്കാരും അതുമായി സഹകരിക്കാന്‍ തയ്യാറായി. ആ ഒരു അഭ്യര്‍ത്ഥന പൊതുവെ എല്ലാ സംഘടനകളോടും നടത്തി.

Related Stories

No stories found.
logo
The Cue
www.thecue.in