Coronavirus

കയ്യടിച്ചാല്‍ ബാക്ടീരിയയും വൈറസും നശിക്കില്ല, പ്രധാനമന്ത്രി പോലും അങ്ങനെ അവകാശവാദം നടത്തിയിട്ടില്ല,ഡോ.നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്

ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി 14 മണിക്കൂര്‍ വിട്ടില്‍ ഇരുന്നാല്‍ പുറത്തിറങ്ങുമ്പോള്‍ കൊറോണ വൈറസ് നശിച്ചിട്ടുണ്ടാകുമെന്ന വ്യാജ പ്രചരണം വാട്‌സ് ആപ്പ് ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമാനമായ മറ്റൊരു വ്യാജവാദമാണ് ട്വിറ്ററുകളില്‍ ഉള്‍പ്പെടെ പിന്നീട് പ്രചരിപ്പിക്കപ്പെട്ടത്. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പ്രകാരം വൈകിട്ട് കൈ കൊട്ടുമ്പോള്‍ മന്ത്രധ്വനികള്‍ പോലെ ശബ്ദതരംഗം ഉണ്ടാകുമെന്നും അത് ബാക്ടീരിയയെയും വൈറസിനെയും നശിപ്പിക്കുമെന്നായിരുന്നു വാദം.

മനോരമാ ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ മോഹന്‍ലാല്‍ ''ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.'' എന്ന് പറഞ്ഞിരുന്നു. ഈ വാദവും സമാനമായ പ്രചരണവും വ്യാജമാണെന്നും കൊറോണാ വൈറസിനെ നശിപ്പിക്കാനുള്ള ശേഷി കൂട്ടമായ കയ്യടികള്‍ക്കോ, ശബ്ദതരംഗങ്ങള്‍ക്കോ ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇന്‍ഫോ ക്ലിനിക്കിലെ ഡോ. നെല്‍സണ്‍ ജോസഫിന്റെ കുറിപ്പും ഇത്തരം വ്യാജ വാദങ്ങളെ തള്ളിക്കളയുന്നതാണ്.

ഡോ.നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്

1. അഞ്ച് മണിക്ക് കയ്യടിക്കുമ്പോള്‍ പ്രത്യേക ശബ്ദതരംഗങ്ങളുയരും. അത് മന്ത്ര ധ്വനികള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അത് ഒരുപാട് ബാക്ടീരിയയെയും വൈറസിനെയും നശിപ്പിക്കും - തെറ്റ്.

എം.ബി.ബി.എസ് പഠിക്കാന്‍ തുടങ്ങിയത് 14 വര്‍ഷം മുന്‍പാണ്. ആദ്യ വര്‍ഷമൊഴികെ ബാക്കി പതിമൂന്ന് വര്‍ഷവും ആശുപത്രികളില്‍ ദിവസേനയെന്നോണം പോയിരുന്നതാണ്.

വിവിധ ബാക്ടീരിയല്‍ - വൈറല്‍ - ഫംഗല്‍ ഇന്‍ഫെക്ഷനുകളും മറ്റ് ഇന്‍ഫെക്ഷനുകളും കണ്ടിട്ടുണ്ട്. ചിലതൊക്കെ ചികില്‍സിച്ചിട്ടുമുണ്ട്.

അതുകൊണ്ട് കൈ കൊട്ടുന്നത് ബാക്ടീരിയയെയും വൈറസിനെയും നശിപ്പിക്കില്ല എന്ന് നൂറ് ശതമാനം ഉറപ്പിച്ച് പറയാം.

പ്രധാനമന്ത്രി പോലും അങ്ങനെ ഒരു അവകാശവാദം നടത്തിയിട്ടില്ല എന്നോര്‍ക്കണം.

അദ്ദേഹം പറഞ്ഞത് ആരോഗ്യപ്രവര്‍ത്തകരോടും അതേപോലെ ജോലി ചെയ്യുന്ന മറ്റുള്ളവരോടുമുള്ള നന്ദി പ്രകാശിപ്പിക്കലാണ് അതെന്നാണ്.

ഇറ്റലിയിലും സ്‌പെയിനിലും ദിവസങ്ങളോളം പുറത്ത് ഇറങ്ങുന്നതില്‍ നിയന്ത്രണമുണ്ടായിരുന്ന, മരണങ്ങളുടെയും രോഗത്തിന്റെയും നടുവില്‍ കഴിഞ്ഞിരുന്ന ജനം അവിടത്തെ വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ അവര്‍ അന്നത്തെ കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്യുന്ന സമയത്തോടനുബന്ധിച്ച് കരഘോഷം നടത്തിയതിനെക്കുറിച്ച് മുന്‍പ് എഴുതിയിരുന്നു.

അതിനപ്പുറത്തേക്കുള്ള ഒരു മെച്ചവും അതിനു നല്‍കരുത്.

തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഒരാളെങ്കിലും അലസത കാണിച്ചാല്‍ രോഗവ്യാപന സാദ്ധ്യത എത്രത്തോളം വര്‍ദ്ധിക്കുമെന്നും

അത് മേല്‍പ്പറഞ്ഞ അതേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എത്രത്തോളം വലിയ ജോലിയാണ് നല്‍കുക എന്നതും മനസിലാക്കുമല്ലോ.

2. പന്ത്രണ്ട് മണിക്കൂര്‍ വീടിന് വെളിയില്‍ ഇറങ്ങാതിരുന്നാല്‍ പൊതു ഇടങ്ങളിലെ കൊറോണ വൈറസ് നശിച്ചുപോവും. അതുകൊണ്ട് 14 മണിക്കൂര്‍ കഴിഞ്ഞ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പരിസരത്തുള്ള വൈറസ് എല്ലാം നശിക്കും - തെറ്റ്

കോവിഡ് ഉണ്ടാക്കുന്നത് താരതമ്യേന പുതിയ വൈറസ് സ്‌ട്രെയിന്‍ ആണ്. അതിനെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. അതുകൊണ്ട് ശാസ്ത്രീയ അടിത്തറയില്ലാത്ത ഊഹങ്ങള്‍ അതേപടി തള്ളിക്കളയുക.

മറ്റ് രാജ്യങ്ങളില്‍ പലതിലും കര്‍ഫ്യൂ ഉണ്ട്.ആളുകള്‍ പുറത്തിറങ്ങുന്നതില്‍ നിന്ന് വിലക്ക് ഉണ്ട്. അനായാസം കോവിഡിനെ തുരത്താമായിരുന്നു എങ്കില്‍ അവര്‍ക്ക് എന്നേ ആകാമായിരുന്നു.

ഇനി വീടുകള്‍ക്കുള്ളില്‍ ആയിരിക്കുമ്പോഴും ശുചിത്വ ശീലങ്ങള്‍ കൈവിടാതിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മറക്കാതിരിക്കുക.

അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് ഗുണത്തെക്കാള്‍ ദോഷമേ ചെയ്യൂ.

അത് വിശ്വസിച്ച് കുറച്ചുപേരെങ്കിലും കര്‍ഫ്യൂവിനു ശേഷം മുന്‍ കരുതലുകളില്‍ അശ്രദ്ധ കാട്ടിയാല്‍ അത് രോഗവ്യാപനം കൂടുതല്‍ ഉണ്ടാകാനേ ഉപകരിക്കൂ.

ഇത് ഒരു വലിയ പോരാട്ടമാണ്.

ഒന്നിച്ച് പൊരുതേണ്ട ഒന്ന്..

ശാരീരിക അകലം സാമൂഹ്യ ഒരുമ <3

കൈ കഴുകുക, ശുചിത്വം പാലിക്കുക

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം