Coronavirus

ചൊവ്വാഴ്ച പുതിയ കൊവിഡ് കേസുകളില്ല, നിരീക്ഷണത്തിലുള്ളത് 18011 പേര്‍ ; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി 

സംസ്ഥാനത്ത് ചൊവ്വാഴ്ച പുതിയ കൊവിഡ് കേസുകളില്ല. അതേസമയം മാഹിയില്‍ ഒരു മലയാളിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതീവ ജാഗ്രത തുടരണമെന്നും തിരുവന്തപുരത്ത് അവലോകന യോഗശേഷം അദ്ദേഹം അറിയിച്ചു. ആകെ 18011 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 17743 പേര്‍ വീടുകളിലാണ്. 268 പേര്‍ ആശുപത്രികളില്‍ തുടരുന്നു. ചൊവ്വാഴ്ച 65 പേര്‍ പുതുതായി ആശുപത്രിയില്‍ പ്രവേശിച്ചു. 5372 പേരാണ് ചൊവ്വാഴ്ച പുതുതായി നിരീക്ഷണത്തിലായത്. 4353 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2467 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 1807 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: കൈ കഴുകി പൊയ്‌ക്കോളീ’ ; കൊറോണച്ചങ്ങല പൊട്ടിക്കാന്‍ ബസ് സ്‌റ്റോപ്പില്‍ ശുചീകരണ സംവിധാനമൊരുക്കി നന്മണ്ട മാതൃക 

വിവരങ്ങള്‍ കൈമാറുന്നതിനും ബോധവല്‍ക്കരണത്തിനും പ്രത്യേക വെബ് പോര്‍ട്ടല്‍ തയ്യാറാക്കും. ഇന്ററാക്ടീവ് വെബ് പോര്‍ട്ടലാണ് ഒരുക്കുക. രോഗ പ്രതിരോധ സന്ദേശം വീടുകളിലെത്തിക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തും. ഇതിന് ആരോഗ്യ സര്‍വകലാശാല മേല്‍നോട്ടം വഹിക്കും.ഐഎംഎയുടെ സഹകരണവും ഉറപ്പാക്കുന്നതോടൊപ്പം പാരാ മെഡിക്കല്‍ സ്റ്റാഫിന്റെ സേവനവും ലഭ്യമാക്കും. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താനും സ്വകാര്യ മേഖലയില്‍ നിന്നുള്ള ഡോക്ടര്‍മാരെയും ജീവനക്കാരേയും ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഐഎംഎ അതിനുള്ള നടപടികള്‍ സ്വീകരിക്കും. ആയുഷ് ഡിപ്പാര്‍ട്‌മെന്റിലുള്ള ജീവനക്കാരുടെ സഹായവും സ്വീകരിക്കും. ജനങ്ങള്‍ക്ക് രോഗപ്രതിരോധവും ചികിത്സയും സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്ന് സംശയനിവാരണത്തിന് ഐഎംഎയുടെ ആഭിമുഖ്യത്തില്‍ ഡിജിറ്റള്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: കൊവിഡ് 19: സിനിമയിലെ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായമെത്തിക്കാന്‍ ബോളിവുഡ്, ചുക്കാന്‍ പിടിച്ച് സുധിര്‍ മിശ്ര 

കൊവിഡ് സംബന്ധിച്ച് ദിനംപ്രതി പുറത്തുവരുന്ന ഗവേഷണ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ സംവിധാനമുണ്ടാക്കും. 60 ന് മുകളില്‍ പ്രായമുള്ളവര്‍, ശ്വാസകോശ-ഹൃദയസംബന്ധമായ രോഗമുള്ളവര്‍ എന്നിവരില്‍ വൈറസ്‌ ബാധ മാരകമായേക്കും. അവരെ പ്രത്യേകമായി സംരക്ഷിക്കുന്നതിന് ശ്രദ്ധ ചെലുത്തും. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സംവിധാനത്തിന്റെ സേവനം അവര്‍ക്കായി ലഭ്യമാക്കും. ഡോക്ടര്‍മാര്‍ക്ക് രോഗബാധയുണ്ടാകുന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. അതിനാല്‍ അവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക രംഗത്ത് കൊവിഡ് വലിയ ആഘാതമാണുണ്ടാക്കിയത്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി, സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വായ്പാ തിരിച്ചടവിനുള്ള കാലാവധി നീട്ടിനല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വിദേശ ടൂറിസ്റ്റുകളോട് മാന്യമായി പെരുമാറണം. രണ്ട് വിദേശികള്‍ക്ക് വടക്കന്‍ കേരളത്തില്‍ താമസവും ഭക്ഷണവും നിഷേധിക്കുന്ന സ്ഥിതിയുണ്ടായി. ഇത് മര്യാദകേടാണെന്നും ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നതിന് കാരണമാകുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം