
ദുബായിലെ യൂണിയൻ കോഓപ്പും എനോക് ഗ്രൂപ്പിന്‍റെ നൂതന ഡിജിറ്റൽ ഇന്ധന വിതരണ പ്ലാറ്റ്‌ഫോമായ എനോക് ലിങ്കും ചേർന്ന് പുതിയ മൊബൈൽ 'ഇ-ലിങ്ക്' സ്റ്റേഷൻ ആരംഭിച്ചു. മുഹൈസിന 1-ലെ എത്തിഹാദ് മാളിലാണ് ഈ അത്യാധുനിക ഇന്ധന സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. മാൾ സന്ദർശകർക്കും സമീപവാസികൾക്കും ഇത് വലിയ തോതിൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.
യൂണിയൻ കോഓപ്പിന്‍റെ സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് എനോക് ഗ്രൂപ്പുമായുള്ള ഈ തന്ത്രപരമായ സഹകരണം. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായതും ദുബായിലെ പ്രധാന പ്രദേശങ്ങളിലെ താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുമായ നൂതന പരിഹാരങ്ങൾ നൽകാനാണ് യൂണിയൻ കോഓപ് ലക്ഷ്യമിടുന്നത്. ദുബായിലെ വളർന്നുവരുന്ന റെസിഡൻഷ്യൽ, വാണിജ്യ മേഖലകളിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യപ്രദമായ പരിഹാരങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം മുൻനിർത്തിയാണ് എത്തിഹാദ് മാളിൽ പുതിയ എനോക് ഇ-ലിങ്ക് സ്റ്റേഷൻ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മുഹൈസിന 1 ഒരു പ്രധാന കമ്മ്യൂണിറ്റി ഹബ്ബായി മാറുന്ന സാഹചര്യത്തിൽ ഈ നീക്കം അവിടുത്തെ താമസക്കാർക്ക് കാര്യക്ഷമമായ ഓൺ-സൈറ്റ് ഇന്ധന സേവനങ്ങൾ നൽകും. ഈ മൊബൈൽ ഇ-ലിങ്ക് സ്റ്റേഷൻ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ഒരേ സമയം നാല് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സാധിക്കുന്ന ഈ സ്റ്റേഷനിൽ ഒരു ദിവസം 500-ലേറെ വാഹനങ്ങൾക്ക് സേവനം നൽകാനാകും. സ്പെഷ്യൽ 95, സൂപ്പർ 98 എന്നീ ഇന്ധനങ്ങൾ സാധാരണ റീട്ടെയിൽ വിലയിൽ ഇവിടെ ലഭിക്കും. എനോകിന്‍റെ 'യെസ്' റിവാർഡ്സ് പ്രോഗ്രാമുമായി ഇത് സംയോജിപ്പിച്ചിട്ടുള്ളതിനാൽ ഉപയോക്താക്കൾക്ക് അത്യാധുനിക മൊബൈൽ ആപ്ലിക്കേഷൻ വഴി ലോയൽറ്റി പോയിന്റുകൾ നേടാനും ഉപയോഗിക്കാനും കഴിയും.
ഉപഭോക്താക്കൾക്കും മാൾ സന്ദർശകർക്കും സമീപവാസികൾക്കും ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പരിഹാരങ്ങൾ നൽകാൻ യൂണിയൻ കോഓപ് പ്രതിജ്ഞാബദ്ധമാണെന്ന് സിഇഒ മുഹമ്മദ് അൽ ഹാഷിമി പറഞ്ഞു. സംയോജിത മാർക്കറ്റിങ് ക്യാംപെയിനുകളിലൂടെയും എസ്എംഎസ്, മൊബൈൽ അറിയിപ്പുകൾ വഴിയുള്ള നേരിട്ടുള്ള ആശയവിനിമയങ്ങളിലൂടെയും ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. എനോക് ഗ്രൂപ്പ് ആക്ടിങ് സിഇഒ ഹുസൈൻ സുൽത്താൻ ലൂത്ത പ്രസംഗിച്ചു.